വിവരണം

സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ വെച്ച് മരണപ്പെട്ട ഒരാള്‍ എന്നോട് പറഞ്ഞത്.. എന്നതാണ് പ്രചരിക്കുന്ന വീഡിയോയിലെ മന്ത്രിയുടെ വാചകങ്ങള്‍. ഐ ആം കോണ്‍ഗ്രസ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 865ല്‍ അധികം റിയാക്ഷനുകളും 369ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video

യഥാര്‍ത്ഥതില്‍ വീണ ജോര്‍ജ്ജ് പറഞ്ഞ വാചകങ്ങള്‍ യതാര്‍ത്ഥത്തില്‍ ഇങ്ങനെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

യൂട്യൂബില്‍ വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ 24 ന്യൂസ് സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 2020 ജൂണ്‍ എട്ടിന് 24 ന്യൂസിന്‍റെ എംഎല്‍എ റിപ്പോര്‍ട്ടര്‍ എന്ന പരിപാടിയില്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രത്യേക പരിപാടിയായിരുന്നു ഇത്. അന്ന് വീണ ജോര്‍ജ്ജ് ആരോഗ്യ മന്ത്രിയായിരുന്നില്ല. ആറന്‍മുള എംഎല്‍എ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 15.26 മിനിറ്റുകള്‍ ദൈര്‍ഘ്യമുണ്ട് വീണ ജോര്‍ജ്ജിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ടിങിന്. പത്തനംതിട്ട ജനറല്‍ ആശുപത്രി സംബന്ധമായ കാര്യങ്ങളാണ് വീണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയില്‍ വീഡിയോയുടെ ഏഴാം മിനിറ്റിലാണ് പ്രചരണത്തിന് ആസ്പദമായ വിവരങ്ങള്‍ വീണ ജോര്‍ജ്ജ് പറയുന്നത്. എന്നാല്‍ വീണയുടെ വാചകങ്ങള്‍ എഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്-

“മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ അച്ഛന് ഹൃദയസ്തംഭനം ഉണ്ടായി ഇവിടേക്ക് (പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്) കൊണ്ട് വന്നിട്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ച ഒരാള്‍ (മകന്‍) തന്നോട് പറഞ്ഞു കഴിഞ്ഞ വര്‍ഷം ഇതെ സാഹചര്യത്തില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തന്‍റെ അമ്മയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് പകരം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുവന്നതെന്നും ആ കേസ് ജനറല്‍ ആശുപത്രിയില്‍ തന്നെ അറ്റന്‍റ് ചെയ്തു” എന്നും ആശുപത്രിയിലെ കാത്ത്‌ലാബിന്‍റെ നേട്ടമായി വീണ ജോര്‍ജ്ജ് വീഡിയോയില്‍ പറയുന്നു.

ഈ വാചകങ്ങളാണ് ദുര്‍വ്യാഖ്യാനിച്ച് മരിച്ചയാള്‍ തന്നോട് പറഞ്ഞു എന്ന് വരുത്തി തീര്‍ത്ത് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത് ഇന്ന് രാവിലെ എനിക്ക് പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് എന്നതും പിന്നീടുള്ള ഭാഗങ്ങളും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളതുമാണ്. 02.06 മനിറ്റില്‍ പറയുന്നത് ജനറല്‍ ആശുപത്രി കോവിഡ് വാര്‍ഡായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കാര്‍ഡിയോളജി വിഭാഗം കാത്ത്‌ലാബ് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നാണ് വീണ ജോര്‍ജ്ജ് പറയുന്നത്.

വീഡിയോയില്‍ പറയുന്ന യഥാര്‍ത്ഥ വാചകങ്ങള്‍ ഇങ്ങനെയാണ്-

വീഡിയോയുടെ തുടക്കത്തിലെ ഭാഗങ്ങള്‍ കാത്ത്‌ലാബിനെ കുറിച്ചാണ്-

24 News YouTube Video

നിഗമനം

തന്‍റെ അച്ഛന് ഹൃദയസ്തംഭനം മൂലം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും പിന്നീട് ചികിത്സയ്ക്ക് ആവശ്യമായി സൗകര്യങ്ങളില്ലാതെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകും വഴി യാത്രമധ്യ മരണപ്പെട്ട സംഭവത്തെ കുറിച്ച് ഒരാള്‍ വീണ ജോര്‍ജ്ജിനോട് പറഞ്ഞതിനെ കുറിച്ചാണ് അവര്‍ വിശദീകരിക്കുന്നത്. ഈ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണമെന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading