വിവരണം

ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ അറിയിപ്പ് ഏറെ ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹനുമാന് വേണ്ടി കസേര ഒഴിച്ചിട്ടിട്ടും ഹനുമാന്‍ വരാത്തതിനാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തീയറ്റര്‍ അടിച്ചു തകര്‍ത്തു എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ എ.കെ.മാരൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോയ്ക്ക് ഇതുവരെ 505ല്‍ അധികം റിയാക്ഷനുകളും 721ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Reel Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ തീയറ്ററില്‍ ഹനുമാന്‍ വന്നില്ലാ എന്ന കാരണത്താല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തീയറ്ററിന്‍റെ ജനലുകള്‍ അടിച്ച് തകര്‍ത്ത് ഹനുമാന് വേണ്ടി വഴിയൊരുക്കുന്നതാണോ വീഡിയോയില്‍ കാണുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ ഇന്‍ വിഡ് വീ വേരിഫൈയുടെ സഹായത്തോടെ കീ ഫ്രെയിമുകളാക്കി ഗൂഗിള്‍ ലെന്‍സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രചരിക്കുന്ന സംഭവം തെലുങ്കാനയില്‍ നടന്നതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് ഹനുമാന്‍ സിനിമ കാണാന്‍ തീയറ്ററില്‍ വരാത്ത രോഷത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യമല്ലായെന്നതാണ് വസ്‌തുത. ഹിന്ദുസ്ഥാന്‍ ടൈംസ് 2023 ജൂണ്‍ 23ന് നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് പ്രകാരം തെലുങ്കാന ശങ്കര്‍റെഡ്ഡിയിലെ ജ്യോതി സിനിമ എന്ന തീയറ്ററില്‍ പ്രഭാസ് ഫാന്‍സാണ് ഇത്തരമൊരു അക്രമണം നടത്തിയതെന്നാണ് വിവരം. ആദിപുരുഷ് സിനിമയുടെ ശബ്ദം തീയറ്ററില്‍ പ്ലേ ചെയ്യുന്നതില്‍ വന്ന സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ തീയറ്റര്‍ അധികൃതര്‍ വൈകിയതിനെ തുടര്‍ന്ന് സിനിമയുടെ ഷോ 40 മിനിറ്റോളം വൈകി. ഇതെ തുടര്‍ന്ന് പ്രകോപിതരായ ചിത്രത്തിലെ നായകനായ പ്രഭാസിന്‍റെ ആരാധകര്‍ തീയറ്ററിന്‍റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു എന്നുമാണ് വാര്‍ത്തയുടെ വിശദമായ റിപ്പോര്‍ട്ട്. വോയിസ് അപ് മീഡിയ എന്ന യൂട്യൂബ് ചാനലില്‍ വിവരങ്ങള്‍ സഹിതം ഒരു വീഡിയോ റിപ്പോര്‍ട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ടിനൊപ്പം ഈ വീഡിയോയും ചേര്‍ത്തിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത (സ്ക്രീന്‍ഷോട്ട്) -

Hindustan Times Report

വോയിസ് അപ് മീഡിയ യൂട്യൂബ് വീഡീയോ -

YouTube Video

നിഗമനം

തീയറ്ററിലെ ശബ്ദം സംബന്ധിച്ച സാങ്കേതിക തകരാറുകള്‍ നേരിട്ടതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വൈകിയതോടെ സിനിമയിലെ കേന്ദ്ര കഥാപാത്രമായ പ്രഭാസിന്‍റെ ആരാധകര്‍ പ്രകോപിതരാകുകയും തീയറ്ററിന്‍റെ ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു എന്നാണ് മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. ഇവര്‍ക്കെതിരെ തെലുങ്കാന പൊലീസ് കേസെടുക്കയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നോ ഹിനുമാന്‍ സിനിമ കാണാന്‍ വരാഞ്ഞതില്‍ പ്രതിഷേധിച്ച് തീയറ്റര്‍ തല്ലിപ്പൊളിച്ചവരാണെന്നോ യാതൊരു സ്ഥിരീകരണങ്ങളോ റിപ്പോര്‍ട്ടുകളോ ഇല്ലാ. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading