വിവരണം

ഇടുക്കിയിലുള്ളവർ സൂക്ഷിക്കുക..

ഇടുക്കിയിലെ മാരുതി ഷോറൂമിൽ വാഹനം ബുക്ക്‌ ചെയ്യാൻ വന്ന കസ്റ്റമർ....

സെക്യൂരിറ്റിക്കാരൻ കാബിനിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ഭാഗ്യം എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അതായത് ഒരു നഗരപ്രദേശത്തെ ഏതോ ഒരു സ്ഥാപനത്തിന്‍റെ മതില്‍ ചാടി എത്തുന്ന പെണ്‍ സിംഹത്തിന്‍റെ വീഡിയോയാണിത്. സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണിത്. ഇടുക്കിയിലെ മരുതി ഷോറൂമില്‍ എത്തിയ കസ്റ്റമര്‍ എന്ന ഹാസ്യരൂപേണയാണ് പ്രചരണം. പെണ്‍സിംഹത്തെയാണ് കസ്റ്റമര്‍ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. സിംഹം മതില്‍ ചാടി കടന്ന് എത്തുന്നതും തിരികെ മതില്‍ ചാടി റോഡിലേക്ക് പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഇതെ സമയം സിംഹം കടന്നു പോകുന്ന മതിലിനരികിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ക്യാബിനില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പതിയിരിക്കുന്നതും കാണാം. ഇയാള്‍ സിംഹം മതില്‍ ചാടി തിരിച്ച് പോയ ശേഷം പുറത്തേക്ക് നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇതാണ് വാട്‌‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോയും സന്ദേശവും (സ്ക്രീന്‍ഷോട്ട്)-

ഫെയ്‌സ്ബുക്കില്‍ ഇതെ വീഡിയോ അതെ തലക്കെട്ട് നല്‍കി ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ കൊണ്ടോട്ടിയിലെ ആണ്‍കുട്ടി പുലിക്കുട്ടി എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ കാണാം-

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിംഹത്തെ കണ്ടെത്തിയ ഈ മനുഷ്യവാസ സ്ഥലം കേരളത്തില്‍ തന്നെയാണോ? ഇത് ഇടുക്കിയിലെ മാരുതി ഷോറൂമാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സിഹം എന്ന കീ വേര്‍ഡ് മാത്രം ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത് ഇതെ സിസിടിവി ദൃശ്യത്തിലെ സിംഹത്തെ കണ്ട വാര്‍ത്തയാണ്. അതായത് ഏതാനം ദിവസം മുന്‍പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത വളരെ വൈറലാണ്. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ ഒന്നായ മനോരമ ന്യൂസ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമാണ്-

ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ സരോവര്‍ പോര്‍ട്ടിക്കോ എന്ന ഹോട്ടലിലാണ് ഫെബ്രുവരി എട്ടിന് സംഭവം നടന്നത്. വനമേഖലയില്‍ നിന്നും നഗരപ്രദേശത്ത് എത്തിയ പെണ്‍ സിംഹം പുലര്‍ച്ച ഹോട്ടല്‍ മതില്‍ ചാടി കടന്ന് പ്രവേശിച്ചു. പാര്‍ക്കിങ് ഏരിയയില്‍ കറങ്ങി നടന്ന് തിരികെ മതില്‍ ചാടി ഓടി പോകുന്നതും സിസിടിവില്‍ ദൃശ്യമാണ്. പുലര്‍ച്ച സമയമായതിനാല്‍ തന്നെ ആരും തന്നെ ഹോട്ടലിന് പുറത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആപത്ത് ഒന്നും തന്നെ സംഭവിച്ചില്ല. സിംഹം ഹോട്ടല്‍ പരിസരത്ത് കറങ്ങി നടക്കുമ്പോഴും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭയന്ന് വിറച്ച് ക്യാബനിനുള്ളില്‍ പതിങ്ങി ഇരിക്കുകയായിരുന്നു. സുസന്ദ നന്ദ ഐഎഫ്എസ് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിരിക്കുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യവും മനോരമ ന്യൂസ് വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

കൂടാതെ കേരളത്തിലെ വനങ്ങളില്‍ സിംഹം ഇല്ലയെന്നതാണ് മറ്റൊരു വസ്‌തുത. രാജ്യത്ത് ഗുജറാത്തില്‍ മാത്രമാണ് സിംഹങ്ങളുള്ളത്.

കീ വേര്‍ഡ് സെര്‍ച്ചില്‍ ലഭിച്ച റിസള്‍ട്ട്-

മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട്-

Manorama News ReportArchived Link

ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന സിസിടിവി ദൃശ്യം-

നിഗമനം

ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തെ സിസിടിവി ദൃശ്യമാണ് ഇടുക്കിയിലെ മാരുതി സുസുക്കി ഷോറൂമില്‍ സിംഹമെത്തി എന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇടുക്കിയില്‍ സിംഹം ഇറങ്ങിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False