
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും ഇല്ലെന്നും മോദി അനുകൂലികളും അദ്ദേഹം ഹൈസ്കൂൾ വരെ പഠിച്ചിട്ടുള്ളൂ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്.
പ്രചരണം
നരേന്ദ്ര മോദിയുടെ തൊണ്ണൂറുകളിലെ അഭിമുഖത്തിൽ നിന്നുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. ഈ സമയം അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. ‘റു-ബാ-റു’ എന്ന പരിപാടിയുടെ ഈ അഭിമുഖത്തിൽ റിപ്പോർട്ടർ രാജീവ് ശുക്ല മോദിയുമായുള്ള ചോദ്യോത്തരങ്ങളുടെ പരിഭാഷ ഇങ്ങനെ:
മോദി: ഒന്നാമതായി, ഞാൻ വിദ്യാഭ്യാസമുള്ള ആളല്ല. പക്ഷേ, ദൈവകൃപയുണ്ട്, അതുകൊണ്ടായിരിക്കാം പുതിയ കാര്യങ്ങൾ അറിയാൻ ഞാൻ വളരെ ഇഷ്ടപ്പെട്ടത്.
റിപ്പോർട്ടർ: നിങ്ങൾ എത്രത്തോളം പഠിച്ചു?
മോദി: ശരി, ഞാൻ 17-ാം വയസ്സിൽ വീട് വിട്ടു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ പോയി. അന്നുമുതൽ ഇന്നുവരെ ഞാൻ പുതിയ കാര്യങ്ങൾക്കായി അലയുകയാണ്.
റിപ്പോർട്ടർ: നിങ്ങൾ സ്കൂൾ വരെ മാത്രം പഠിച്ചിട്ടുണ്ടോ? ഞാൻ ഉദ്ദേശിക്കുന്നത് പ്രൈമറി സ്കൂൾ വരെ?
മോദി: ഹൈസ്കൂൾ വരെ.
ഈ വീഡിയോ ക്ലിപ്പ് കഴിഞ്ഞ 2017 മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോയ്ക്ക് നല്ല പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോയുടെ വിശദാംശങ്ങള്‍ തിരഞ്ഞപ്പോള്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ ലഭ്യമായി. അതേ അഭിമുഖത്തിൽ പ്രധാനമന്ത്രി തന്‍റെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ പറയുന്നുണ്ട്.
“ഞങ്ങളുടെകൂടെയുണ്ടായിരുന്നമുതിര്‍ന്ന ഒരു സംഘപ്രവര്‍ത്തകനായിരുന്നു എന്നെ പഠിക്കാന്‍ നിര്‍ബന്ധിച്ചത്. അദ്ദേഹത്തിന്‍റെ നിർബന്ധത്തിനു വഴങ്ങി ഞാൻ കൂടുതല്‍ പഠിക്കാനും എക്സ്റ്റേണൽ പരീക്ഷകൾ എഴുതാനും തുടങ്ങി. അങ്ങനെ ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എക്സ്റ്റേണൽ പരീക്ഷ എഴുതി ബിഎ നേടി. പിന്നീട് അദ്ദേഹത്തിന്‍റെ നിർബന്ധത്തിനു വഴങ്ങി ഞാൻ എക്സ്റ്റേണൽ എക്സാം വഴി എം.എ. നേടി. കോളേജിന്‍റെ വാതിൽ ഞാൻ കണ്ടിട്ടില്ല.
പ്രചരിക്കുന്ന വൈറൽ വീഡിയോ ക്ലിപ്പിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്തശേഷമാണ് പ്രചരിപ്പിക്കുന്നത്. അഭിമുഖത്തിന്‍റെ മുഴുവന്‍ വീഡിയോ ഞങ്ങൾ താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഔദ്യോഗിക രേഖയിൽ ഇതുവരെ വിവരാവകാശ പ്രവർത്തകർക്ക് മറുപടി ലഭിക്കാത്തതിനാൽ ഏറെ നാളായി ഈ വിവാദം തുടരുകയാണ്. സർവ്വകലാശാലയിൽ നിന്ന് പാസായ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാല വ്യക്തമാക്കിയിരുന്നു. 1978ൽ ബിഎ കോഴ്‌സ് പാസായ വിദ്യാർഥികളുടെ രേഖകൾ വെളിപ്പെടുത്തരുതെന്ന് ഡൽഹി സർവകലാശാല കോടതിയെ അറിയിച്ചിരുന്നു.
നിഗമനം
പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ ഹൈസ്കൂള്‍ വരെയേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ എന്നു പറഞ്ഞതിന് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയ കാര്യം യഥാര്‍ത്ഥത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും ഈ ഭാഗം എഡിറ്റ് ചെയ്ത് നീക്കം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…
Fact Check By: Vasuki SResult: ALTERED
