
ക്ഷേത്ര പരിപാടിക്കിടെ ആർഎസ്എസ് ഗണഗീതം പാടിയത് ചോദിക്കാൻ എത്തിയ മുസ്ലിം സമുദായക്കാരനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുറിവുകള്‍ തുന്നിക്കെട്ടിവച്ച നിലയില്‍ ഒരു വ്യക്തി ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടുത്തി 24 ന്യൂസ് പങ്കുവച്ച ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. ഇയാള്‍ മുസ്ലിം മതസ്ഥനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സുടാപ്പി ഷാൻ പള്ളീലെയോ ഊകേജി സെന്ററിലെയോ കാര്യം നോക്കണം
ക്ഷേത്രത്തിൽ മേത്തന്മാരല്ല എന്ത് പാടണം പാടണ്ട എന്നു തീരുമാനിക്കുന്നത്..
അത് ഹിന്ദുക്കൾ തീരുമാനിക്കും.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി തലയിട്ടാൽ ഇങനെ കിടക്കാം
ഫോളോ പേജ് സത്യം”

എന്നാൽ അക്രമിക്കപ്പെട്ട വ്യക്തി മുസ്ലിം മതസ്ഥനല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. ഷാൻ ശശിധരൻ എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് അക്രമിക്കപ്പെട്ടത്.
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തിയപ്പോള്‍ സമാന ചിത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. റിപ്പോർട്ടർ ഓൺലൈൻ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിലുള്ളത് സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനാണ്. തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ ഭക്തിഗാന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തതിനാണ് ഷാൻ ശശിധരന് മർദ്ദനമേറ്റതെന്നാണ് റിപ്പോർട്ട്.

പാലോട് ഇലവുപാലത്തെ കൊല്ലയിൽ അപ്പുപ്പൻ നടയിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ ഭക്തിഗാനസുധ നടക്കുകയായിരുന്നു. ഇതിനിടയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചുവെന്നും ഇത് അവിടെ ഉണ്ടായിരുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തുവെന്നും തർക്കമുണ്ടായെന്നും വ്യക്തമാക്കി 24 ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിന് പിന്നാലെയാണ് ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെതിരെ അക്രമം നടന്നത്. കൈക്കും തലയ്ക്കും പരിക്കേറ്റ ഷാനിനെ അക്രമിച്ച ആറ് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പൊലീസ് പിടികൂടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
ഷാൻ ശശിധരനെ കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ പാലോട് സിപിഎം നേതൃത്വവുമായി സംസാരിച്ചു. ഷാന്‍ മുസ്ലിം അല്ലെന്നും ഹിന്ദുമതസ്ഥനാണെന്നും അവര്‍ വ്യക്തമാക്കി. തുടർന്ന് ഞങ്ങൾ ഷാൻ ശശിധരനുമായും സംസാരിച്ചു. വ്യാജ പ്രചരണമാണ് തന്‍റെ പേരില്‍ നടക്കുന്നതെന്നും ഷാൻ മുഹമ്മദ് എന്നല്ല, ഷാൻ ശശിധരൻ എന്നാണ് പേരെന്നും ഹിന്ദു മതസ്ഥന്‍ ആണെന്നും നിലവിൽ സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിഗമനം
തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ ഭക്തിഗാന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തതിന് മർദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ മുസ്ലിം മതസ്ഥന്‍ അല്ല, ഹിന്ദുവാണ്. സിപിഎം പ്രവര്‍ത്തകന്‍റെ പേര് ഷാൻ ശശിധരൻ എന്നാണ്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ക്ഷേത്ര പരിപാടിക്ക് ആര്‍എസ്എസ് ഗണഗീതം പാടിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റയാള്‍ മുസ്ലിം മതസ്ഥനല്ല, സത്യമിതാണ്…
Fact Check By: Vasuki SResult: Misleading


