FACT CHECK - വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..
വിവരണം
താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതോടെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലയാനം നടക്കുകയാണ്. വിമാനത്തിന്‍റെ വീലില്‍ തൂങ്ങി കിടന്ന് വരെ യാത്ര ചെയ്ത് ഉയരത്തില്‍ നിന്നും താഴെ വീണ് നിരവധി പേര്‍ മരിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും അഫ്‌ഗാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ താലിബാനില്‍ നിന്നും രക്ഷപെടാന്‍ വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് കിടന്ന് യാത്ര ചെയ്യുന്നയാള്‍ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ലോകത്തോട് പലതും പറയുന്നുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അക്രമകാരികൾ ഉടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണിത് താലിബാൻ അക്രമകാരികളെ നിന്നും രക്ഷപ്പെടാൻ വിമാനത്തിൻറെ മുകളിൽ കിടന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന പേടിപ്പെടുത്തുന്ന കാഴ്ച.. എന്ന തലക്കെട്ട് നല്‍കി ഷിഹാബുദ്ദീന്‍ ഷിഹാബുദ്ദീന്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇതാണ് പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് അഫ്‌ഗാനിസ്ഥാനില്‍ നിന്നും വിമാനത്തിന്‍റെ ചിറകില്‍ കടന്ന് രക്ഷപെടുന്നയാളിന്‍റെ വീഡിയോ തന്നെയാണോ? യഥാര്‍ത്ഥ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോ ബംഗ്ല ഇതെ പ്രചരണം ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ട് ഇങ്ങനെയാണ്-
ഇന്‍വിഡ് ആന്‍ഡ് വി വേരിഫൈ ടൂളില്‍ വീഡിയോ കീ ഫ്രെയിമുകളായി ഉപയോഗിച്ച് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും സമാനമായ രീതിയില്‍ മറ്റൊരു വീഡിയോ ഇമേജ്-വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ പിന്‍ററെസ്റ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഒരാള്‍ പറക്കുന്ന വിമാനത്തിന്‍റെ ചിറകില്‍ കസേരയും മേശയുമിട്ട് ശീതള പാനീയം കുടിക്കുന്നതാണ് ഈ വീഡിയോ. തമാശയ്ക്കായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്ന ഈ വീഡിയോയില്‍ Huy Quần Hoa എന്ന ഒരു വാട്ടര്‍മാര്‍ക്കും കാണാന്‍ സാധിച്ചു.
പിന്‍ററെസ്റ്റില്‍ നിന്നും കണ്ടെത്തിയ വീഡിയോ -
വീഡിയോയിലെ വാട്ടര്‍മാര്‍ക്ക്-
Huy Quần Hoa എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇയാളുടെ വേരിഫൈഡ‍് (ബ്ലൂ ടിക്ക്) ഫെയ്‌സ്ബുക്ക് പേജ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ബയോയില്‍ തന്നെ താനൊരു പ്രൊഫൊഷണല്‍ ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് ട്രെയിനറാണെന്നും എഡിറ്ററാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാള്‍ഡോയോടൊപ്പവും അവഞ്ചേഴ്‌സ് സിനിമയിലെ കഥാപാത്രത്തോടൊപ്പവുമൊക്കെ താന്‍ നില്‍ക്കുന്ന തരത്തില്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ യഥാര്‍ത്ഥം എന്ന് തോന്നിക്കുന്ന രസകരമായ ഫോട്ടോകളും പ്രൊഫൈലില്‍ കാണാന്‍ സാധിക്കും. പ്രൊഫൈല്‍ വിശദമായി പരിശോധിച്ചതില്‍ നിന്നും 2020 ഓഗസ്റ്റ് 17ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു.
ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍-
ഇതാണ് യഥാര്‍ത്ഥ വീഡിയോ-
നിഗമനം
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷോപ്പ് ചെയ്ത രസകരമായ വീഡിയോയും ഫോട്ടോയും പങ്കുവയ്ക്കുന്ന വിയറ്റ്നാംകാരനായ ഒരു യുവാവ് എഡിറ്റ് ചെയ്ത ഒരു വീഡിയോ മാത്രമാണിത്. അഫ്‌ഗാനിസ്ഥാനിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണം മാത്രമാണിതെന്നും അനുമാനിക്കാം.
Title:വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False