കേരളത്തില്‍ ഈയിടെ നടന്ന അതിക്രൂരമായ നരബലി സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. പലയിടത്തു നിന്നും ഇതിനിടെ മന്ത്രവാദത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും കഥകള്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഒഡീഷയിൽ ആദിവാസി പെൺകുട്ടിയെ നരബലിയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നവകാശപ്പെടുന്ന ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ ആകുന്നുണ്ട്.

പ്രചരണം

ജവഹർലാൽ നെഹ്റു ആദിവാസി പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ആദിവാസി പെൺകുട്ടിയെ നരബലിയിൽ നിന്നും ജവഹർലാൽ നെഹ്റു രക്ഷപ്പെടുത്തി എന്നു സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെ: “#അന്ധവിശ്വാസി അല്ലാതിരുന്ന പണ്ഡിറ്റ്ജിയുടെ അവസരോചിതമായ ഇടപെടൽ കാരണം കുരുതി കളത്തിൽ നിന്നും ജീവൻപോകാതെ രക്ഷപെട്ട ആദിവാസി പെൺകുട്ടി.

#അണക്കെട്ടിന് ബലം കിട്ടാൻ നരബലിക്കു തെരഞ്ഞെടുത്ത സാധു പെൺകുട്ടി. മഹാനായ നെഹ്റു ജി അവളെ കൊണ്ടു അതേ അണകെട്ട് ഉത്ഘാടനം ചെയ്യിച്ചാണ് മധുര പ്രതികാരം ചെയ്തത്.”

FB postarchived link

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ചിത്രത്തിൽ നിൽക്കുന്ന ആദിവാസി യുവതിയുടെ പേര് ബുധിനി എന്നാണ്. ചിത്രം മുമ്പ് മറ്റൊരു അവകാശവാദവുമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഞങ്ങൾ നടത്തിയ ഫാക്റ്റ് ചെക്ക് ഇവിടെ വായിക്കുക:

പണ്ഡിറ്റ്‌ നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല…

ഒഡീഷയിലെ ഏറ്റവും നീളം കൂടിയ ഹിരാകുഡ് പണ്ഡിറ്റ് ആദിവാസി പെൺകുട്ടിയെ കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചിത്രം എന്നായിരുന്നു അന്നത്തെ പ്രചരണം. എന്നാൽ ഈ ചിത്രം ഹിരാക്കുഡ് അണക്കെട്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിന്‍റെതായിരുന്നില്ല. ജാർഖണ്ഡിൽ 1959 പ്രവർത്തനം തുടങ്ങിയ പാഞ്ചേത് അണക്കെട്ടിന്‍റെ ഹൈഡ്രോ പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതായിരുന്നു. നിരവധി മാധ്യമങ്ങൾ നിരവധി റിപ്പോർട്ടുകളും ലേഖനങ്ങളും ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാഷണൽ ഹെറാൾഡ്, ബ്രിട്ടീഷ് മാധ്യമമായ ബ്രിട്ടീഷ് പാഥേ എന്നീ മാധ്യമങ്ങൾ യൂട്യൂബിൽ സംഭവത്തിന്‍റെ വാര്‍ത്താ റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്.

ബ്രിട്ടീഷ് പാഥേ:

എന്നാൽ റിപ്പോർട്ടിൽ ഒരിടത്തും ബുധിനി എന്ന യുവതിയെ നരബലി കൊടുക്കാൻ കരുതിവച്ചിരുന്നതാണ് എന്ന് പരാമർശമില്ല.

ഉപയോഗിച്ചിരിക്കുന്ന ചിത്രം 1959 ഡിസംബറില്‍ നെഹ്‌റു സന്താള്‍ ആദിവാസി സമാജത്തില്‍ പെട്ട ബുധിനി എന്ന പെണ്‍കുട്ടിയെ കൊണ്ട് ഝാർഖണ്ടിലെ ധന്‍ബാദ് നഗരത്തിന്‍റെ അടുത്തുള്ള പഞ്ചെത് പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതിന്‍റെതാണ്.

കോണ്‍ഗ്രസ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ ചിത്രം 2017 മെയ് ഒന്നിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയായ സാറാ ജോസഫ് ബുധിനി എന്ന പേരിൽ തന്നെ ബുധിനിയുടെ കഥ നോവൽ ആക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബുധിനിയുടെ കഥ വാർത്തകളിൽ നിന്നും അറിഞ്ഞ സാറാ ജോസഫ് ബുധിനിയുടെ നാട്ടിലെത്തി അവരെ സന്ദർശിച്ചിരുന്നു കഥയിൽ നരബലിയുടെ ബന്ധം ടീച്ചർ ഒരിടത്തും പറയുന്നില്ല. ബുധിനിയെ കുറിച്ച് സാറാ ടീച്ചര്‍ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെ: “ബുധിനിയെ പറ്റി ഇങ്ങനെയൊരു പ്രചരണം നടക്കുന്നതിനെ കുറിച്ച് പറഞ്ഞുകേട്ടു. എന്നാല്‍ ഒരിയ്ക്കലും ഇത് സത്യമല്ല. ബുധിനി ഇപ്പൊഴും ജീവിച്ചിരിക്കുന്നുണ്ട്. സാന്താള്‍ സമുദായത്തില്‍ നരബലി എന്ന സംബ്രദായം ഇല്ല. ജവഹര്‍ലാല്‍ നെഹ്രു അവരെ കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച സംഭവം വളരെ കാലം മുമ്പുള്ളതാണ്. എങ്കില്‍ പോലും അക്കാലത്തും നരബലി എന്നൊരു രീതി സാന്താള്‍ സമുദായത്തിനിടയില്‍ ഉണ്ടായിരുന്നില്ല. പൂര്‍ണ്ണമായും തെറ്റായ ഈ വാര്‍ത്തയ്ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്”

സാറജോസഫ് ജാർഖണ്ഡില്‍ ബുധിനിയെ നേരിട്ട് കണ്ട സംഭവത്തെ കുറിച്ച് മാതൃഭൂമി മുമ്പ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബുധിനി എന്ന ആദിവാസി പെൺകുട്ടിയെ അണക്കെട്ടിനു വേണ്ടി നരബലി നൽകാൻ നിശ്ചയിച്ചിരുന്നുവെന്നും ജവഹർലാൽ നെഹ്റു ഇടപെട്ട് അത് ഒഴിവാക്കിയെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ബുധിനി അന്നത്തെ ബീഹാറിലെ ദാമോദര്‍ വാലി കോര്‍പറേഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നതാണ്. ഈ കമ്പനിയാണ് പഞ്ചെത് ഡാം പ്രൊജക്റ്റ്‌ നോക്കിയിരുന്നത്. പ്രൊജക്റ്റ്‌ പൂര്‍ത്തിയായതിന് ശേഷം ഉല്‍ഘാടനത്തിന് എത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു അവിടെ ജോലി ചെയ്തിരുന്ന ബുധിനിയെ പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേയ്ക്ക് ക്ഷണിച്ചു. വേദിയിലെത്തിയ ബുദ്ധിനിയെ നെഹ്‌റു ഈ പെണ്‍കുട്ടിയെ കഴുത്തില്‍ പൂമാലയിട്ട് അഭിനന്ദിച്ചു. പിന്നീട് ബുധിനി പഞ്ചെത് പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. ഈ സംഭവമാണ് നരബലിയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും പണ്ഡിറ്റ്ജി രക്ഷപ്പെടുത്തി...’ പ്രചരിക്കുന്ന കഥയുടെ സത്യമറിയൂ...

Fact Check By: Vasuki S

Result: Misleading