വിവരണം

മലയാളം ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍ മരിച്ചതായി ഫെയ്‌സ്ബുക്കില്‍ പ്രചരണം. മെയ് 23നു ലിജിത്ത് ശിവരഞ്ജിനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മധുപാലിന്‍റെ ചിത്രം ഉള്‍പ്പടെ അപ്‌ലോഡ് ചെയ്ത് ഇന്ന് രാവിലെ 9.30നു മരിച്ചു എന്നാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ ആദാരാഞ്ജലികള്‍ എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുമുണ്ട്. പോസ്റ്റില്‍ 2,400ല്‍ അധികം ഷെയറുകളും 470ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ നടന്‍ മധുപാല്‍ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടോ. എന്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മധുപാലിനെതിരെ ബിജെപി അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിന്‍റെ പേരിലാണ് ഈ മരണ വാര്‍ത്ത പ്രചരണം എന്നതാണ് വാസ‌്തവം. “നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന്” ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി സംഘപരിവാര്‍-ബിജെപിക്കെതിരെ മധുപാല്‍ പ്രസംഗം നടത്തിയിരുന്നു.

പ്രസംഗത്തിന്‍റെ പ്രസ്കത ഭാഗങ്ങള്‍-

“ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം”

പ്രസംഗത്തെ തുടര്‍ന്ന് സംഘപരിവാര്‍ ബിജെപി അനുകൂലികള്‍ വ്യാപകമായി മധുപാലിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായി മുഖ്യധാരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മാത്രമല്ല സൈബര്‍ അക്രമണത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ മധുപാല്‍ ഒരു പ്രതകരണം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മധുപാല്‍ പ്രതികരിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയതോടെ ബിജെപി വലിയ വിജയം നേടി ഭരണത്തില്‍ തുടരുമെന്ന സൂചന ലഭിച്ചതോടെ സൈബര്‍ അക്രമണം വീണ്ടും ശക്തമായി. മധുപാല്‍ മരിച്ചെന്നും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഉള്‍പ്പടെയാണ് ഫെയ്‌സ്ബുക്കില്‍ പാര്‍ട്ടി അനുഭാവികള്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.

സൈബര്‍ അക്രമണത്തെ തുടര്‍ന്ന് മധുപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിതാണ്-

“ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'

അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും.”

മധുപാൽ

Archived Link

മധുപാലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് മുഖ്യധാരമാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു-

Asianet News
Archived Link
News 18Archived Link

നിഗമനം

രാഷ്ട്രീയപരമായ വിരോധത്തിന്‍റെ പേരില്‍ വ്യാജപ്രചരണത്തിലൂടെ ഒരു വ്യക്തി മരിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകമാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലക്ഷ്യമെന്നത് വ്യക്തമാണ്. ഇതു തിരച്ചറിയാതെ പലരും മധുപാലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും പ്രചരിക്കുന്ന ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. തെറ്റദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങളില്‍ ജനങ്ങല്‍ വഞ്ചതിരാകാരുത്.

Avatar

Title:മധുപാലിന്‍റെ മരണവാര്‍ത്ത പ്രചരണത്തിന്‍റെ പിന്നിലെ സത്യാവസ്ഥയെന്ത്?

Fact Check By: Harishankar Prasad

Result: False