ചൈന ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ തടയില്ലെന്ന് വാങ്ചുക്ക് എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…

Misleading ദേശീയം | National

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ലഡാക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നതിനിടെ വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ച് യുവാക്കള്‍ നടത്തിയ സമരം അക്രമാസക്തമാവുകയും അഞ്ച്‌പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് വാങ്ചുക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഈ പശ്ചാത്തലത്തില്‍ ചൈനയെ ന്യായീകരിച്ചുകൊണ്ട് വാങ്ചുക് പ്രസ്താവന എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വാങ്ചുക്ക് ക്യാമറയിലേയ്ക്ക് നോക്കി നടത്തുന്ന സംഭാഷണമാണ് പ്രചരിക്കുന്നത്. “ചൈന ഇവിടെ പ്രവേശിക്കുകയാണെങ്കില്‍ ലഡാക്കിലെ ജനങ്ങള്‍ അവരെ തടയാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കില്‍, അടുത്ത തവണ ചൈനക്കാര്‍ വന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് വഴിയൊരുക്കും, അതായത് ഞങ്ങള്‍ അവരെ തടയില്ല…”എന്നിങ്ങനെയാണ് വാങ്ചുക്ക് പറയുന്നത്. വാങ്ചുക്ക് ഇന്ത്യയ്ക്ക് എതിരായി സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലഡാക്ക് വഴി ചൈന ഇന്ത്യയെ ആക്രമിച്ചാൽ, ഞങ്ങൾ ചൈനയെ തടയില്ല, മറിച്ച് ചൈനയ്ക്ക് അകത്തുകടക്കാൻ വഴി കാണിച്ചുകൊടുക്കും” എന്ന് ഒരു പഴയ വിഡിയോയിൽ

– സോനം വാങ്ചുക്ക്

ഈ രാജ്യദ്രോഹിയെ NSA പ്രകാരം തടങ്കലിൽ വയ്ക്കാൻ അർഹതയുണ്ടായിരുന്നു… ഇനി പുറം ലോകം കാണരുത്…” 

FB postarchived link

എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2024 ലെ നിരാഹാര സമരത്തിനിടെ ഒരു ഹാസ്യതാരത്തിന്‍റെ വാക്കുകള്‍ വാങ്ചുക് ഉദ്ധരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വസ്തുത ഇങ്ങനെ 

വൈറല്‍ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ 2024 മാര്‍ച്ച് 12-ന് സോനം വാങ്ചുക്കിന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടു. ഏഴാം ദിവസം അവസാനിച്ചപ്പോള്‍ എന്ന തലക്കെട്ടോടെയാണ് വാങ്ചുക് 3.16 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പങ്കുവച്ചിട്ടുള്ളത്. ഈ വീഡിയോയില്‍ നിന്നുള്ള ഏതാനും ഭാഗം മാത്രമാണ് വൈറല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പ്രാദേശിക ഹാസ്യ താരത്തിന്‍റെ വാക്കുകള്‍ വാങ്ചുക് എടുത്ത് ഉദ്ധരണിയാക്കി പറയുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത്. 

സമരത്തിന്‍റെ ഏഴാം ദിവസം വാങ്ചുക് നിരാഹാര സമരത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയാണിത്. മോശം കാലാവസ്ഥ അതിജീവിച്ച്  വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സന്യാസിമാര്‍, മുന്‍ സൈനികര്‍ എന്നിങ്ങനെ നരവധിപ്പേര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായി അദ്ദേഹം വിശദീകരിക്കുന്നു. മുന്‍ സൈനികനായ  വാങ്ചുക്ക്, ഇന്ത്യ-പാക് യുദ്ധത്തില്‍ ലഡാക്കിലെ സന്നദ്ധപ്രവര്‍ത്തകരും സ്‌കൗട്ടുകളും വഹിച്ച പങ്കിന്‍റെ പ്രാധാന്യവും വിശദീകരിച്ചു. തുടര്‍ന്നാണ് ഒരു ഹാസ്യ നടന്‍റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചത്. 

ഇവിടെ ഒരു പ്രശസ്ത ഹാസ്യനടനുണ്ട്, അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്; ‘ചൈന ഇവിടെ പ്രവേശിക്കുകയാണെങ്കില്‍ ലഡാക്കിലെ ജനങ്ങള്‍ അവരെ തടയാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കും. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കില്‍, അടുത്ത തവണ ചൈനക്കാര്‍ വന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് വഴിയൊരുക്കും, അതായത് ഞങ്ങള്‍ അവരെ തടയില്ല. ഞങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാത്തപ്പോള്‍ ഞങ്ങള്‍ എന്തിനാണ് ഞങ്ങളുടെ ജീവന്‍ ബലിനല്‍കേണ്ടത്.’ ഇങ്ങനെ പറഞ്ഞതിന് പൊലീസ് ആ ഹാസ്യ നടനെ ചോദ്യം ചെയ്തു” എന്നായിരുന്നു ഹാസ്യനടനെ ഉദ്ധരിച്ച് വാങ്ചുക് പറഞ്ഞത്. 

വീഡിയോയുടെ അവസാനഭാഗത്ത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലഡാക്കിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും എന്നപോലെ ഇന്ത്യയെ സൈനികരെപ്പോലെ സംരക്ഷിക്കുമെന്നും വാങ്ചുക് പറയുന്നുണ്ട്.

2024 മാര്‍ച്ചില്‍ സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തെക്കുറിച്ച് തിരഞ്ഞപ്പോള്‍ ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് 21 ദിവസം നീണ്ടു നിന്ന സമരമാണ് 2024 മാര്‍ച്ചില്‍ സോനം വാങ്ചുക് ഉള്‍പ്പെടെയുള്ള സംഘം നടത്തിയത് എന്ന് വ്യക്തമായി. 2024 ഒക്ടോബറിലും അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. 

നിഗമനം 


ലഡാക്ക് വഴി ചൈന ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ തടയില്ലെന്ന് ലഡാക്ക് സമര നായകന്‍ സോനം വാങ്ചുക് പറഞ്ഞതായി പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്. സോനം വാങ്ചുക് ഒരു ഹാസ്യ താരം പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച ഭാഗം മാത്രമെടുത്ത് പ്രചരണം നടത്തുകയാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൈന ഇന്ത്യയെ ആക്രമിക്കാന്‍ വന്നാല്‍ തടയില്ലെന്ന് വാങ്ചുക്ക് എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…

Fact Check By: Vasuki S  

Result: Misleading