FACT CHECK: ബംഗാളിൽ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എന്നപേരിൽ പ്രചരിക്കുന്നത് തെലുങ്കാനയിൽ നിന്നുമുള്ള രണ്ടു കൊല്ലം പഴയ ചിത്രമാണ്...
പ്രചരണം
ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത കള്ള പണവുമായി ഏതാനും പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തുന്ന ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബംഗാളിൽ തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാൻ അട്ടിവച്ചിരുന്ന പണം ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
രാജ്യം വിറ്റ ബ്രോക്കർ ഫീസാണിത്.
മറുവശത്ത് , ഓക്സിജൻ സിലിണ്ടറില്ലാതെ ആശുപത്രിക്കിടക്കകളില്ലാതെ ചികത്സ കിട്ടാതെ മരുന്നുകിട്ടാതെ പാവപ്പെട്ട രോഗികൾ പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുന്ന ഒരു രാജ്യത്താണ് ഈ നോട്ടു വാരിയെറിഞ്ഞുള്ള ബിജെപിയുടെ ജനാധിപത്യ കശാപ്പ്.ഈ രാജ്യത്തിൻ്റെ പോക്ക് ഇങ്ങനെയാണെങ്കിൽ വരുന്നതിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാനും ബിജെപി വച്ചു നീട്ടുന്ന നോട്ടു വാങ്ങാനും ആരൊക്കെ ഈ രാജ്യത്ത് അവശേഷിക്കും എന്ന് കണ്ടറിയണം”
അതായത് ബംഗാളിൽ തിരഞ്ഞെടുപ്പിന് വിതരണംചെയ്യാൻ വച്ചിരുന്ന പണം ബിജെപി നേതാവിനെ വീട്ടിൽനിന്നും പിടിച്ചെടുത്തത് ചിത്രമാണിത് എന്ന പോസ്റ്റിൽ വാദിക്കുന്നു.
ഞങ്ങൾ ഈ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. വ്യാജ പ്രചാരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത്. ഇതേ ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ ഇതിനു മുമ്പും അന്വേഷണം നടത്തിയിട്ടുണ്ട്. അന്ന് മറ്റൊരു അവകാശവാദവുമായിട്ടാണ് ചിത്രം പ്രചരിച്ചത്. ആ റിപ്പോര്‍ട്ട് താഴെയുള്ള link ഉപയോഗിച്ച് വായിക്കാം.
വസ്തുത ഇതാണ്
ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വീഡിയോ ടൈംസ് ഓഫ് ഇന്ത്യ 2019 നവംബർ മൂന്നിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
തെലുങ്കാന പോലീസ് നവംബർ രണ്ടാം തീയതി ഖമ്മം ജില്ലയിലെ സത്തുപള്ളിക്ക് സമീപത്തു നിന്നും 6 കോടി രൂപയിൽ കൂടുതൽ വ്യാജ കറൻസി നോട്ടുകൾ പിടിച്ചെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ ഗെയിമുകളിൽ ഉപയോഗിക്കുന്ന 2000 രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്ത കെട്ടുകളില്‍ ഉണ്ടായിരുന്നത്. ഏറ്റവും മുകളിലും താഴെയും മാത്രം യഥാര്‍ത്ഥ നോട്ടുകള്‍ വച്ചിരുന്നു. പിന്നീട് അവർ നോട്ടുകെട്ടുകളുടെ വീഡിയോകൾ നിർമ്മിച്ച ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കും. ഒരു ലക്ഷം രൂപ നല്‍കിയാല്‍ 2000 ന്‍റെ 80000 നോട്ടുകള്‍ സംഘം കൈമാറും. നിരവധി ആളുകളെ ഈ വിധം അവർ തട്ടിപ്പിനിരയാകുന്നതായി പറയുന്നു. ഇരകളാക്കപ്പെട്ട ആറുപേർ ഇതുവരെ മുന്നോട്ടുവന്നിട്ടുണ്ട്.
ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എന്ന മാധ്യമവും ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിട്ടുണ്ട്.
തെലിംഗാന ടൈംസ് പ്രസിദ്ധീകരിച്ച ഖമ്മം പോലീസ് രണ്ടായിരത്തിന് വ്യാജനോട്ടുകൾ പിടിച്ചെടുത്തതായി തന്നെയാണ് വാർത്ത. “സത്തു പള്ളി ടൗൺ കേന്ദ്രമാക്കി റാക്കറ്റ് പ്രവർത്തിച്ചിരുന്നു എന്ന് പോലീസ് കമ്മീഷണർ തഫ്സീർ ഇക്ബാൽ മാധ്യമങ്ങളെ അറിയിച്ചു. സത്തു പള്ളിയിലെ ഗൗരിഗുഡ് ഗ്രാമത്തിൽ പാൽ കോഴി കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന ഷെയ്ക്ക് മദർ ആണ് പ്രധാനപ്രതി.” ഇങ്ങനെയാണ് വാര്‍ത്തയുടെ ഉള്ളടക്കം.
പ്രമുഖ വാര്‍ത്താ മാധ്യമമായ എഎന്‍ഐ ന്യൂസ് നല്‍കിയ ട്വീറ്റ് താഴെ കാണാം
തെലുങ്കാനയിൽ 2019 നവംബറിൽ പോലീസ് പിടികൂടിയ കള്ളനോട്ടുകൾ ആണ് പോസ്റ്റിലെ ചിത്രത്തിൽ നൽകിയിട്ടുള്ളത്. തെറ്റായ വിവരണവുമായി ഇപ്പോൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. 2019 നവംബറിൽ തെലുങ്കാനയിൽ നിന്നും പിടിച്ചെടുത്ത വ്യാജ നോട്ടുകളുടെ ചിത്രമാണിത്. ചിത്രവും വാർത്തയും അന്ന് മാധ്യമങ്ങൾ നൽകിയിരുന്നു. പഴയ ചിത്രം ദുഷ്പ്രചാരണം അതിനുവേണ്ടി ഇപ്പോൾ ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ബംഗാളിൽ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എന്നപേരിൽ പ്രചരിക്കുന്നത് തെലുങ്കാനയിൽ നിന്നുമുള്ള രണ്ടു കൊല്ലം പഴയ ചിത്രമാണ്...
Fact Check By: Vasuki SResult: False