ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിലവിലെ പ്രതിസന്ധി മൂലം വലയുന്ന യാത്രക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

False സാമൂഹികം

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമം  നടപ്പാക്കിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോയ്ക്ക് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നു. അങ്ങനെ താറുമാറായ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വിവരങ്ങള്‍. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചുകൂടിയ  അവസ്ഥയുമുണ്ടായി.

 ഈ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം കാത്തിരിക്കുന്ന യാത്രക്കാരുടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം റണ്‍വേയില്‍ ലഗേജുകളുമായി തറയില്‍ ഇരിക്കുന്നത് കാണാം. ഇന്‍ഡിഗോ കമ്പനിയില്‍ നിലവിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഉണ്ടായ ദുരിതമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും ചിത്രം ഏഴുവര്‍ഷത്തിലേറെ പഴക്കമുള്ള ചിത്രമാണിതെന്നും  അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രത്തില്‍ യാത്രക്കാര്‍ ഇരിക്കുന്നത് റണ്‍വേയ്ക്ക് സമീപം വിമാനത്തിനടുത്തായാണ്. ബോര്‍ഡിങ് പ്രക്രിയ കഴിഞ്ഞ ശേഷം മാത്രമാണ് യാത്രക്കാര്‍ക്ക് വിമാനത്തിനടുത്തേക്ക് എത്താനാവുക. യാത്രക്കാരുടെ കൈയ്യില്‍ കാണുന്നത് കാബിന്‍ ലഗേജ് മാത്രമാണ്. ഇതിനര്‍ത്ഥം ബാഗേജ് ലോഡിങ് കഴിഞ്ഞ് ബോര്‍ഡിങ് പ്രക്രിയയും പൂര്‍ത്തിയാക്കിയ ശേഷമുള്ളതാണ് ഈ ചിത്രമെന്നാണ്. അതായത് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരല്ല ഇതെന്ന് വ്യക്തം. 

തുടര്‍ന്ന് ഞങ്ങള്‍ ചിത്രത്തിന്‍റെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ചിത്രം 2018 ലെ  ചില മാധ്യമ റിപ്പോര്‍‌ട്ടുകളില്‍ കണ്ടെത്തി. ജെറ്റ്ലൈന്‍ 2018 മെയ് 14 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ 6E 2977 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് വൈകിയത് എന്നാണുള്ളത്. യാത്രക്കാര്‍ ഏഴു മണിക്കൂറോളം വിമാനത്തിന് സമീപം കാത്തിരിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ടൈംസ് ഓഫ് ഇന്ത്യ 2018 മെയ് 15ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിശദാംശങ്ങളുണ്ട്.

തമിഴ് ഓണ്‍ലൈന്‍ മാധ്യമമായ തുപ്പാക്കിയുടെ ഇംഗ്ലീഷ് പതിപ്പിലും ഇതേ ചിത്രമടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

ബിഹൈന്‍ഡ് വു‍ഡ്സ്, മറ്റു മാധ്യമങ്ങള്‍ എന്നിവയിലൊക്കെ 2018 മെയ് 14 ന് ഇതേ ചിത്രം ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

രാത്രി 10.40 ന് ഡല്‍ഹിയില്‍നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജീവനക്കാരില്ലാത്തതിനാല്‍ ഏഴുമണിക്കൂറിലേറെ വൈകിയെന്നും ഷട്ടില്‍ബസ്സിലും വിമാനത്തിനകത്തും റണ്‍വേയിലുമായാണ് ആളുകള്‍ കാത്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ പ്രചാരണത്തിന് നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്ന് വ്യക്തമായി.

നിഗമനം 

ഇന്‍ഡിഗോ വിമാന കമ്പനിയുടെ നിലവിലെ പ്രതിസന്ധിയുടെ ഭാഗമായി യാത്രക്കാര്‍ റണ്‍വേയില്‍ കുടുങ്ങി എന്ന് പ്രചരിപ്പിക്കുന്നത് 2018 ലെ ചിത്രമുപയോഗിച്ചാണ്. ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്ന് ഏഴുമണിക്കൂറിലേറെ വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനത്തിന് സമീപം റണ്‍വേയില്‍ കാത്തിരിക്കുന്ന ഈ ചിത്രത്തിന് നിലവിലെ ഇന്‍ഡിഗോ പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിലവിലെ പ്രതിസന്ധി മൂലം വലയുന്ന യാത്രക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

Fact Check By: Vasuki S 

Result: False