
പ്രചരണം
കോവിഡിനെ രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ അതീവ ഗുരുതരമാണെന്ന് മാധ്യമ വാർത്തകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. കോവിഡ് മഹാമാരി മൂലം പല ആശുപത്രികളിലും ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ അവരെ സംസ്കരിക്കാനുള്ള അസൗകര്യങ്ങൾ തുറന്നുകാട്ടുന്ന ദയനീയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോവിഡ് മരണത്തിനിരയായ മനുഷ്യരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. അനേകം മൃതദേഹങ്ങൾ പൊതിഞ്ഞു കെട്ടിയ നിലയിൽ തുറസ്സായ ഒരു സ്ഥലത്ത് നിരത്തി നിരത്തിയിട്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മാസ്ക് ധരിച്ച ഒരാൾ മൂക്കുപൊത്തി കൊണ്ട് അതിനിടയിൽ നിൽക്കുന്നത് കാണാം. മറ്റൊരാൾ തൂവാലകൊണ്ട് മാസ്ക് പോലെ മുഖം മറച്ച് നടക്കുന്നതും ചിത്രത്തിൽ നമുക്ക് കാണാം.
ഈ ചിത്രത്തോടൊപ്പം ഒരു പോസ്റ്റില്‍ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ലോകത്ത് ഏതെങ്കിലും രാജ്യത്ത് മനുഷ്യ ശരീരം ഇങ്ങനെ തുണിയിൽ പൊതിഞ്ഞു അനാഥമായി പൊതുസ്ഥലത്ത് കിടത്തിയത് കണ്ടിട്ടുണ്ടോ, ഈ നൂറ്റാണ്ടിൽ?
#ഇൻക്രെഡിബ്ലെഇന്ത്യ
#അച്ചാദിൻആഗയാ😡😡😡😡😡😡
#ResignModi

കോവിഡ് വന്നു മരിച്ച ഇന്ത്യൻ ജനതയുടെ മൃതദേഹങ്ങളാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത് ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് തെറ്റായ അവകാശവാദം ആണെന്നും ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ല എന്നും വ്യക്തമായി വിശദാംശങ്ങൾ പറയാം
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. അതുപോലെ കോവിഡ് മഹാമാരിയുമായും യാതൊരു തരത്തിലും ബന്ധമുള്ളതല്ല. ഈ ചിത്രം 2004 ഡിസംബർ 26ന് തായ്‌ലൻഡിൽ ഉണ്ടായ സുനാമിയിൽ പെട്ട് മരിച്ചുപോയ മനുഷ്യരുടെതാണ്. ഇന്ത്യയുൾപ്പടെ പലയിടത്തും ആഞ്ഞടിച്ച് സുനാമി തിരക്കിൽപ്പെട്ട് ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ ഭൂമിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.
ഈ ചിത്രം അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായ ഡേവിഡ് ലോംഗ്സ്ട്രീത്ത് പകർത്തിയതാണ്. അസോസിയേറ്റഡ് പ്രസ് ആർക്കൈവ് ഗ്യാലറിയിൽ ചിത്രം നൽകിയിട്ടുണ്ട്.

ഇതിനൊപ്പം അവർ നൽകിയിരിക്കുന്ന വിവരണ പ്രകാരം ഇത് തായ്ലൻഡിലെ താകുപ എന്ന സ്ഥലത്ത് ഒരു ബുദ്ധ ക്ഷേത്രത്തിനു സമീപം നിരത്തി ഇട്ടിരിക്കുന്ന മൃതദേഹങ്ങളാണിത്. ഏതാണ്ട് ആയിരം മൃതദേഹങ്ങൾ അവിടെ ശേഖരിക്കപ്പെട്ടു എന്നാണ് വിവരണത്തിൽ പറയുന്നത്. ഫോട്ടോ പകർത്തിയത് 2004 ഡിസംബർ 30ന് ആണെന്നും തായ്‌ലൻഡിലെ താകുപ എന്ന സ്ഥലത്താണ് ഈ ദൃശ്യം എന്നും വിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചിത്രം പല ബ്ലോഗുകളിലും മറ്റു ചില വെബ്സൈറ്റുകളിലും അസോസിയേറ്റഡ് പ്രസിന് കടപ്പാട് നൽകിക്കൊണ്ട് 2004ലെ സുനാമിയിൽ നിന്നുമുള്ളതാണ് എന്ന് വ്യക്തമാക്കി തന്നെ കൊടുത്തിട്ടുണ്ട്.

ഈ ചിത്രത്തിന് നിലവിലെ കൊറോണ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തായ്ലൻഡിലെ സുനാമിയിൽ പെട്ട് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങളാണ് നിരത്തിയിരിക്കുന്നത്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രത്തിൽ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ തായ്‌ലൻഡിൽ 2004 ലെ സുനാമിയില്‍ പെട്ട് മരിച്ച വ്യക്തികളുടെതാണ്. മൃതദേഹങ്ങളുടെ അടുത്തുനിൽക്കുന്നതിനാലാവാം ആ വ്യക്തി മാസ്ക് ധരിച്ചിരിക്കുന്നത്. മാസ്ക് ധരിച്ച് വ്യക്തിയുടെ സാന്നിധ്യമാവാം ഈ ചിത്രം തെറ്റിദ്ധാരണ യോടെ പ്രചരിക്കാൻ കാരണം. നിലവിലെ കോവിഡ് സാഹചര്യങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:തായ്‌ലൻഡിൽ 2004 ലെ സുനാമിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം, കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
