വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ വക.. ആകെ ഒരു ദിവസം ഓടി.. എത്ര കോടിയുടെ അഴിമതി ആയിരിക്കും അപ്പോൾ.. എന്ന തലക്കെട്ട് നല്‍കി ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ ചിത്രത്തിന് 434ല്‍ അധികം റിയാക്ഷനുകളും 44ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റ് കുട പിടിച്ച് ക്യാബിനില്‍ ഇരുന്ന് ട്രെയിന്‍ ഓടിക്കുന്ന ചിത്രമാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇന്ത്യാ ടൈംസ് എന്ന മാധ്യമം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. 2017 ഓഗസ്റ്റ് 11നാണ്  ഇന്ത്യ ടൈംസ് പ്രചരിക്കുന്ന ചിത്രം സഹിതമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുചേത ദലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും 2017 ഓഗസ്റ്റ് 9ന് പങ്കുവെച്ച  വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടൈംസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതാണ് ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു ട്വീറ്റ്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ക്യാബിനില്‍ കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റിന്‍റെ വീഡിയോയാരുന്നു സുചേത ദലാല്‍ പങ്കുവെച്ചത്. ഇതിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നത്. ഝാര്‍ഖണ്ഡിലെ ധന്‍ബാദിന് അടുത്തുള്ള സ്ഥലമെന്ന പേരിലാണ് ഇന്ത്യാ ടൈംസ് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യാ ടൈംസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

India Times Article 

സുചേത ദലാല്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ-

Tweet 

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (പിടിഐ) വന്ദേ ഭാരത് എകസ്‌പ്രസിന്‍റെ പേരിലുള്ള പ്രചരണം വ്യാജമാണെന്നും ഇത് 2017ലെ വീഡിയോയില്‍ നിന്നുമുള്ളതാണെന്ന് സ്ഥിരീകരിച്ച്  ഫാക്‌ട് ചെക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ധന്‍ബാദ് റെയില്‍വേ ഡിവിഷന് കീഴിലുള്ള ബെര്‍മൊ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമുള്ള ദൃശ്യമാണെന്നതാണ് പിടിഐയുടെ സ്ഥിരീകരണം.

നിഗമനം

2017ല്‍ ഝാര്‍ഖണ്ഡില്‍ നിന്നുമുള്ള ചിത്രമാണി ഇപ്പോള്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ലോക്കോ പൈലറ്റ് ക്യാബന്‍ ചോര്‍ന്ന് ഒലിക്കുന്നു എന്നും ലോക്കോ പൈലറ്റ് കുടപിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരപ്പിക്കും വിധമുള്ളതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading