മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ പാമ്പിൻ വിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ കുടുംബത്തിലെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഇന്ന് രാവിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇവരുടെ മരണകാരണം അന്വേഷിച്ച ശേഷം ഭക്ഷണപാനീയങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കുട്ടികൾ പുറത്തു നിന്ന് ഒന്നും കഴിച്ചില്ലെന്നും എന്നാൽ ഉറങ്ങാൻ പോകുമ്പോൾ പതിവുപോലെ ഒരു ഗ്ലാസ് പാലാണ് നൽകിയതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

റഫ്രിജറേറ്ററിൽ പാലിന്റെ പാത്രം പരിശോധിച്ചപ്പോൾ പാത്രത്തിന്റെ അടിയിൽ 3/4 ഇഞ്ച് വിഷമുള്ള പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

എങ്ങനെ ഫ്രിഡ്ജിൽ എത്തി പലിൻ പത്രത്തിൽ വീണു???

പച്ചക്കറി മാർക്കറ്റിൽ നിന്ന് ചീര കൊണ്ടുവന്ന് ഫ്രിഡ്ജിൽ വെച്ചിരുന്ന ചീര തുറക്കാതെയാണ് വീട്ടുകാർ ഓർത്തത്.

കെട്ടിൽ നിന്ന് ഇറങ്ങിയവ പാലിൻ പത്രത്തിൽ പാമ്പിൻ കുട്ടി വീണതാകാം.

കുട്ടികളുടെ മരണകാരണം വ്യക്തമായെങ്കിലും കുടുംബത്തിന് രണ്ട് കുട്ടികളെ നഷ്ടപ്പെട്ടു.

അതുകൊണ്ട് ഫ്രിഡ്ജിൽ എന്ത് വയ്ക്കുമ്പോളും ഇലക്കറികളും ഫ്രിഡ്ജിൽ പൊതിഞ്ഞ വസ്തുക്കളും നാം പ്രത്യേകം ശ്രദ്ധിക്കണം.

നിങ്ങളുടെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, അടുക്കളയിൽ ഒരു ഭക്ഷണവും തുറന്നിടരുത്.

*ഈ അപകടത്തിൽ നിന്ന് പഠിക്കുക, ഈ സന്ദേശം വായിക്കുന്നതിൽ മാത്രം ഒതുങ്ങരുത്,ഷെയർ ചെയ്യുക”

FB postarchived link

എന്നാൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ആദ്യം തന്നെ ഞങ്ങൾ പാകിസ്താനിലെ ക്വറ്റയിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്നു കീ വേർട്സ് ഉപയോഗിച്ച് അന്വേഷിച്ചു നോക്കി. എന്നാൽ മാധ്യമങ്ങളിൽ ഇങ്ങനെ ഒരു വാർത്ത ഇതുവരെ വന്നിട്ടില്ല. ഏതാണ്ട് 2015 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ ഭാഷകളിൽ ഇതേ സന്ദേശം പ്രചരിക്കുന്നുണ്ടായിരുന്നു എന്നാണ് അന്വേഷണ ഫലങ്ങൾ കാണിക്കുന്നത്. ഹരിയാനയിലെ ഗൂർഗാവ്, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളുടെ പേരിലാണ് പ്രചരണം നടന്നത്.

ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് ബാർബഡോസ് ത്രെഡ് സ്നേക്ക് എന്ന് പേരുള്ള ഒരിനം ചെറിയ പാമ്പാണ് എന്ന് സൂചന ലഭിച്ചു. “ഭൂമിയിലെ ഏറ്റവും ചെറിയ ഇനം പാമ്പാണ് ബാർബഡോസ് ത്രെഡ്‌സ്‌നേക്ക് (Tetracheilostoma carlae) എന്ന് വിശ്വസിക്കപ്പെടുന്നു. അന്ധ പാമ്പുകളുടെ കുടുംബമായ ലെപ്റ്റോടൈഫ്ലോപ്പിഡേയിലെ അംഗമായ ഈ ചെറിയ ഉരഗങ്ങൾ മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് കാണപ്പെടുന്നത്. "സ്പാഗെട്ടി നൂഡിൽ പോലെയുള്ളത്" എന്നാണ് ഇവയുടെ വിശേഷണം. ത്രെഡ് സ്നേക്ക് വലുതിന് സാധാരണ നീളം 4 ഇഞ്ചിൽ താഴെയാണ്, ഭാരം ഏകദേശം 0.02116437717 ഔൺസ് ആണ്.” -എന്നാണ് ചിത്രത്തിലുള്ള പാമ്പിനെ കുറിച്ചുള്ള വിവരണം.

ഈ ഇനം പാമ്പുകൾ വിഷമില്ലാത്തവയാണ് എന്നും വിവരണങ്ങൾ അറിയിക്കുന്നു.

കൂടുതൽ വിശദാംശങ്ങൾ അറിയാനായി ഞങ്ങൾ കേരള യൂണിവേഴ്സിറ്റി സുവോളജി വിഭാഗം മേധാവിയുമായി സംസാരിച്ചു. അദ്ദേഹം വിശദീകരണം തന്നത് ഇങ്ങനെ: ചിത്രത്തിൽ കാണുന്ന പാമ്പ് ഇന്ത്യയിൽ കണ്ടുവരുന്നതല്ല, തെക്കേ അമേരിക്ക, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളിലാണ് ഇത് കാണുന്നത്. ഏഷ്യയിൽ ചില സ്ഥലങ്ങളിൽ ഇവ ജീവിക്കുന്നുണ്ട്. ഈ പാമ്പിന് വിഷമില്ല. മാത്രമല്ല പാമ്പുകടിച്ചു കഴിയുമ്പോൾ വിഷം ബ്ലഡില്‍ കലർന്ന കഴിഞ്ഞാൽ മാത്രമാണ് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നത്. പാമ്പിൻറെ ശരീര ഭാഗങ്ങൾ ഉള്ളിൽ ചെന്നാൽ മരണകാരണമാകും എന്ന് ഇതുവരെ പഠനങ്ങൾ ഒന്നുമില്ല. പാമ്പ് ഭക്ഷണത്തിൽ വീണാൽ അതിൽ പാമ്പിൻ വിഷം കലരും എന്ന് ഇതുവരെ തെളിവുകൾ ഒന്നുമില്ല. പ്രചരിക്കുന്ന സന്ദേശം അടിസ്ഥാന രഹിതമാണ്”

സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി വിഭാഗത്തിലുള്ള ഡോ. മീനയുമായി സംസാരിച്ചു.

“പാമ്പ് കടിയേറ്റ് നിരവധി രോഗികൾ ചികിൽസയ്ക്കായി എത്താറുണ്ട്. എന്നാൽ പാമ്പിനെ ഭക്ഷിച്ചത് മൂലം വിഷം തീണ്ടി എന്ന പേരിൽ ആരും വന്നിട്ടില്ല. പാമ്പിൻ വിഷം അപകടമുണ്ടാക്കുന്നത് രക്തത്തിൽ കലരുമ്പോഴാണ്. മനുഷ്യ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവർത്തനം വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തകരാറിലാക്കാൻ ഈ വിഷത്തിന് കഴിവുണ്ട്. പാമ്പിൻ വിഷം ഭക്ഷണത്തിൽ നേരിട്ട് കലർന്നാൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ പാമ്പ് കടിയേറ്റാൽ ഉണ്ടാകുന്നത്ര മാരക പ്രയാസങ്ങൾ ഉണ്ടാവുകയില്ല. അല്ലെങ്കിൽ അത്രയ്ക്ക് അധികം വിഷം ഉള്ളിൽച്ചെല്ലണം. എന്നാൽപ്പോലും മരണകാരണമാകില്ല. പാൽ തിളപ്പിക്കുമ്പോൾ വിഷഗുണം നശിക്കും. പാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു എന്ന് പറയുന്നത് വെറും കെട്ടുകഥ മാത്രമാകാനാണ് സാധ്യത.”

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പാകിസ്താനിലെ ക്വറ്റയിൽ വിഷപാമ്പ് വീണ പാൽ കുടിച്ച് രണ്ടു കുട്ടികൾ മരിച്ചു എന്നുള്ള സന്ദേശം വ്യാജ പ്രചരണം മാത്രമാണ്. ഈ സന്ദേശം പല സ്ഥലങ്ങളുടെയും പേരിൽ ഏതാണ്ട് 2015 മുതൽ പ്രചരിക്കുന്നുണ്ട്. മാത്രമല്ല, പാമ്പിൻ വിഷം നേരിട്ട് രക്തത്തിൽ കലരുമ്പോഴാണ് അത് മരണകാരണമാകുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

Fact Check By: Vasuki S

Result: False