അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഈ കൂട്ടത്തില്‍ തീപിടിച്ച ഒരു പള്ളിയുടെയും (Gothic Church in France set on fire) ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപെടുത്തിയിട്ടാണ് പ്രചരിപ്പിക്കുന്നത്.

പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പള്ളി കത്തുന്നതായി നമുക്ക് കാണാം. കൈരളി ന്യൂസിനെ പരിഹസിച്ച് “ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചുവന്ന തീഗോളം പ്രത്യക്ഷപെട്ടു!” എന്ന വാചകവും താഴെ എഴുതിയിട്ടുണ്ട്. കലാപത്തില്‍ കത്തിയ പള്ളിയെ കുറിച്ച് കൈരളി ഇത് പോലെ റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് തരത്തിലാണ് പോസ്റ്റില്‍ ചാനലിനെ പരിഹസിക്കുന്നത്. പോസ്റ്റിന്‍റെ താഴെ കമന്‍റ് ഇട്ടവര്‍ ഈ സംഭവം മുസ്‌ലിങ്ങള്‍ ചെയ്തതാണ് എന്ന് തരത്തിലാണ് കമന്‍റ് ഇട്ടിരിക്കുന്നത്.

എന്നാല്‍ ഈ പള്ളിയില്‍ തീകൊളുത്തിയത് ആരാണ്? ഈ സംഭവത്തിന് നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന കുടിയേറ്റക്കാരുടെ പ്രതിഷേധവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. 2020ല്‍ ഫ്രാന്‍സിന്‍റെ നോന്‍റ (Nantes) നഗരത്തില്‍ ഒരു പള്ളിയില്‍ തീ പിടിച്ചിരുന്നു. ഗോത്തിക്ക് വാസ്തുവിദ്യയില്‍ (Gothic Architecture) നിര്‍മിച്ച സെന്‍റ് പീറ്റര്‍ ആന്‍ഡ്‌ സെന്‍റ് പോള്‍ കത്തീഡ്രല്‍ (The Cathedral of Saint Peter and Saint Paul) പള്ളിയിലാണ് തീപിടിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കത്തീഡ്രലില്‍ ജോലി ചെയ്യുന്ന ഒരു സന്നദ്ധസേവകനാണ് കത്തീഡ്രലിന് തീയിട്ടത് എന്ന് കണ്ടെത്തി.

വാര്‍ത്ത‍ വായിക്കാന്‍ - Hurriyet | Archived Link

ഫ്രാന്‍സിന്‍റെ ദേശിയ ബ്രോഡ്‌കാസ്റ്റര്‍ ഫ്രാന്‍സ് 24 (France 24) അവരുടെ YouTube ചാനലില്‍ സംഭവത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട്‌ പ്രകാരം ആഫ്രിക്കന്‍ രാജ്യം റുവാന്‍ഡയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന 39 വയസുകാരനായ ഒരു അഭയാര്‍ഥിയാണ് കത്തീഡ്രലിന് തീയിട്ടത് (As per reports, a 39 year old Rwandan asylum seeker set the cathedral on fire). ഇയാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിക്ഷക്കപ്പെട്ടാല്‍ 10 കൊല്ലം വരെ തടവില്‍ കഴിയേണ്ടി വരും കുടാതെ 150 യുറോ പിഴയും അടക്കേണ്ടി വരും. 4 കൊല്ലമായി ഇയാള്‍ സ്ഥിരം പള്ളിയില്‍ വരാറുള്ളതാണ്. ജൂലൈ 26, 2020ന് പള്ളിയുടെ സുരക്ഷയുടെ ദൌത്യം ഇയാളെ ഏല്‍പ്പിച്ചതാണ്. അന്നാണ് ഈ പള്ളിയില്‍ തീ പിടിച്ചത്.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കത്തിയ പള്ളി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 3 കൊല്ലം പഴയതാണ്. നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ പള്ളി കത്തിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം...

Written By: K. Mukundan

Result: Misleading