
വിവരണം
തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 24 പേര് മരിക്കുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ രണ്ടു ചിത്രങ്ങളെ കുറിച്ചാണ് നമ്മള് അന്വേഷിക്കാന്‍ പോകുന്നത്.
ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
“ഇന്ന് തുർക്കി ഭൂകമ്പത്തിൽ നിന്നുള്ള ഹൃദയഭേദകമായ കാഴ്ചയാണിത്..
തകർന്ന കെട്ടിടത്തിനടിയിൽനിന്നും തന്റെ ഉടമസ്ഥനെ രക്ഷപ്പെടുത്താൻവേണ്ടി കരയുന്ന പെറ്റ് ഡോഗ്
ഈ ചിത്രം കാണുമ്പോൾ ഇടുക്കിയിൽ മണ്ണിടിച്ചിലിൽപ്പെട്ടു കാണാതെപോയ തന്റെ ഉടമസ്ഥരെ മണ്ണിനടിയിൽ തിരഞ്ഞു ഭക്ഷണം പോലും കഴിക്കാതെ ഇരിക്കുന്ന സാധുവായ നായയുടെ ചിത്രവും ഞാനോർക്കുന്നു..
രണ്ടും നമുക്ക് കാണാം.
ഇടുക്കിയിലായാലും തുർക്കിയിലായാലും ഈ സാധുമിണ്ടാപ്രാണികളാണ്.. മനുഷ്യനേക്കാൾ എന്നും നന്ദിയുള്ളവർ
Pic 1: Scene from Turkey
Pic 2: Scene from Idukki”
മൂന്നു വളര്‍ത്തു നായ്ക്കളുടെ യജമാന സ്നേഹത്തെ പറ്റിയാണ് പോസ്റ്റില്‍ വിവരിക്കുന്നത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ യജമാനന്മാരെ തിരയുന്ന നായ്ക്കളുടെ ചിത്രങ്ങളില്‍ ആരുടേയും കരളുടക്കും.
എന്നാല്‍ പോസ്റ്റില്‍ തുര്‍ക്കിയിലേത് എന്നവകാശപ്പെട്ട ചിത്രങ്ങള്‍ തുര്‍ക്കിയിലേതല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൂടുതല്‍ വിശദാംശങ്ങള്‍ നമുക്ക് നോക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ആദ്യ രണ്ടു ചിത്രങ്ങള്‍ രണ്ടു വര്‍ഷമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി. ചിത്രങ്ങള്‍ ഭൂകമ്പം നടന്ന സന്ദര്ഭത്തിലെതാണ്, പക്ഷേ തുര്‍ക്കിയില്‍ നിന്നുമുള്ളതല്ല. സ്റ്റോക്ക് ഫോട്ടോകളുടെ വെബ്സൈറ്റായ അലാമിയില്‍ ഈ രണ്ടു ചിത്രങ്ങള്‍ 2018 ഒക്ടോബര്‍ 2018 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിന്റെ പകര്‍പ്പവകാശം ജെരോസ്ലാവ് നോസ്ക എന്ന ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇതു ഭൂകമ്പത്തില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കാതെയാണ് ചിത്രം നല്‍കിയിരിക്കുന്നത്. തുര്‍ക്കിയില്‍ ഭൂകമ്പം നടന്നത് 2020 ഒക്ടോബര്‍ 30 നായിരുന്നു. തുര്‍ക്കിയില്‍ മാഗ്നിട്യുഡ് 7 രേഖപ്പെടുത്തിയ ഭൂകമ്പം വരുത്തിയ നാശനഷ്ടങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
പോസ്റ്റിലെ മൂന്നാമത്തെ ചിത്രത്തോടൊപ്പമുള്ള അവകാശവാദം സത്യമാണ്. ഈ ചിത്രം ഇടുക്കി രാജമലയിലെ പെട്ടിമുടി മണ്ണിടിച്ചിലില്‍ യജമാനന്മാരെ നഷ്ടപ്പെട്ട നായയുടെ ചിത്രം തന്നെയാണ്.
ആദ്യ രണ്ടു ചിത്രങ്ങള്‍ തുര്‍ക്കിയില്‍ നിന്നുള്ളതല്ല, മൂന്നാമത്തെ ചിത്രം ഇടുക്കിയില്‍ നിന്നുള്ളത് തന്നെയാണ്.
നിഗമനം
പോസ്റ്റിലെ ചിത്രങ്ങളില്‍ തുര്‍ക്കിയിലേത് എന്ന അവകാശപ്പെട്ടിരിക്കുന്ന രണ്ടെണ്ണം തുര്‍ക്കിയില്‍ നിന്നുമുള്ളതല്ല. 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ഈ ചിത്രങ്ങള്‍ ലഭ്യമാണ്.

Title:ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവഷിഷ്ടങ്ങള്‍ക്കിടയില്‍ യജമാനന്മാരെ തിരയുന്ന നായകളുടെ ചിത്രം തുര്‍ക്കിയിലേതല്ല…
Fact Check By: Vasuki SResult: Partly False
