FACT CHECK: “കമലാ ഹാരിസ് ഓഫീസിൽ ആദ്യമായി പ്രവേശിക്കുന്നതിന് മുന്നോടിയായി രുദ്രം’ ചൊല്ലി തുടക്കം കുറിക്കുന്നു” എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

അന്തര്‍ദ്ദേശീയ൦ രാഷ്ട്രീയം | Politics

വിവരണം

കമല ഹാരിസ് എന്നാ ഇന്ത്യന്‍ വംശജ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട  നിമിഷം എല്ലാ ഭാരതീയര്‍ക്കും അഭിമാനത്തിന്റേതായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമല്ല, മുഴുവന്‍ സോഷ്യല്‍ മീഡിയയും കമലയ്ക്ക് ആശംസ അര്‍പ്പിച്ചു. ഇതിന്‍റെ ഭാഗമായ ഒരു വീഡിയോയുടെ മുകളിലാണ് നമ്മള്‍ ഇന്ന് അന്വേഷണം നടത്താന്‍ പോകുന്നത്. 

archived linkFB post

വീഡിയോയില്‍ ഒരു വ്യക്തി തൊഴുകൈകളോടെ ഒരു സദസ്സിനു മുന്നില്‍ അമേരിക്കയുടെ ദേശീയ പതാകയ്ക്ക് സമീപം നിന്ന്  സംസ്കൃത ശ്ലോകം ചൊല്ലുന്നതായി കാണാം. സദസ്യര്‍ എണീറ്റ് നിന്നാണ് ബഹുമാനം പ്രകടിപ്പിക്കുന്നത്. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നുമുണ്ട്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “USA യിൽ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജയമായ കമലാ ഹാരിസ് തന്റെ ഓഫീസിൽ ആദ്യമായി പ്രവേശിക്കുന്നതിന് മുന്നോടിയായി വേദ മന്ത്രത്തിലെ ‘ രുദ്രം’ ചൊല്ലി തുടക്കം കുറിക്കുന്നു. ഇത് ഇന്ത്യയിൽ ചൊല്ലിയാൽ ”മതേതരത്വം” തകർന്നു എന്ന് ഒരു കൂട്ടർ.

ശ്രീരാമ ക്ഷേത്രത്തിനു മോദിജി തറക്കലിടാൻ പോയപ്പോൾ മതേതരത്വം തകർന്നു എന്ന് വിലപിച്ചവർ ഉണ്ട്.(കടപ്പാട് )”

അതായത് കമലാ ഹാരിസ് വൈറ്റ് ഹൗസിലെ തന്‍റെ ഓഫീസില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി രുദ്ര നാമകം ചൊല്ലുന്നു എന്നാണ്  പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇത് പൂര്‍ണ്ണമായും തെറ്റായ വാദമാണെന്ന് തെളിഞ്ഞു. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. 

വസ്തുതാ വിശകലനം 

വീഡിയോ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ നിരവധിപ്പേര്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. 

ഞങ്ങള്‍ ഇന്‍വിഡ് ആന്‍ഡ്‌ വി  വെരിഫൈ എന്ന ടൂള്‍ ഉപയോഗിച്ച്  വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം അതില്‍ നിന്ന് പ്രധാനപ്പെട്ട ഒരെണ്ണം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ലഭിച്ചു. 2014 ഒക്ടോബര്‍ മാസം ഹിന്ദു അമേരിക്കന്‍ സേവാ കമ്മ്യുനിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച വേദ പാരായണത്തിന്‍റെതാണ്. അക്കാലത്ത് തനെ ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

വീഡിയോയില്‍ കാണുന്ന സ്ക്രീനില്‍ ധര്‍മ ഡയലോഗ്: സേവാ ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന് എഴുതിയിരിക്കുന്നത് കാണാം. 

ഈ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ ലഭ്യമായി. ചടങ്ങിലെ ഒരു പ്രഭാഷണത്തിന്റെ വീഡിയോ  ലഭിച്ചു.  ഹിന്ദു അമേരിക്കന്‍ സേവാ കമ്മ്യുനിറ്റിയുടെ യുട്യുബ് ചാനലില്‍ സമാന വീഡിയോ   പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂടാതെ ഹിന്ദു അമേരിക്കന്‍ സേവാ കമ്മ്യുണിറ്റിയുടെ വെബ്‌സൈറ്റില്‍   നിന്നും ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ പോകുന്നതിന്‍റെ അറിയിപ്പ് നോട്ടീസ് ഞങ്ങള്‍ക്ക് ലഭിച്ചു. 

അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നത് 2021 ജനുവരിയിലായിരിക്കും എന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് . ഇതുവരെ അവര്‍ ഔദ്യോഗികമായി  സ്ഥാനമേറ്റിട്ടില്ല. 

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്‍റെ ഓഫീസ് ചുമതല ഏല്‍ക്കുന്നതിനു മുന്നോടിയായി വൈറ്റ് ഹൗസില്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്ന ദൃശ്യങ്ങള്‍ അല്ല ഇത്. 2014 ഒക്ടോബര്‍ രണ്ടാം തിയതി അമേരിക്കന്‍ സേവാ കമ്മ്യുനിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വേദ മന്ത്രോച്ചാരണങ്ങളുടെ വീഡിയോ ആണ് കമല ഹാരിസുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്.

Avatar

Title:“കമലാ ഹാരിസ് ഓഫീസിൽ ആദ്യമായി പ്രവേശിക്കുന്നതിന് മുന്നോടിയായി രുദ്രം’ ചൊല്ലി തുടക്കം കുറിക്കുന്നു” എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

Fact Check By: Vasuki S 

Result: False