വിവരണം

നിസാമുദ്ധീനിൽ നടന്ന സമ്മേളനത്തിന് ശേഷം അതിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത നാമെല്ലാം വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് അവരുമായി സമ്പർക്കം പുലർത്തിയവർക്കെല്ലാം നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യം ഉണ്ടായി. തബ്ലിഖി സമ്മേളനത്തെ വിമർശിച്ചും അപലപിച്ചും നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടയിൽ തഖ്‌ലീബി സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

മുസ്‌ലിം പള്ളി പോലെ തോന്നുന്ന ഒരിടത്ത് നഗ്നനായ ഒരു വ്യക്തി അക്രമാസക്തനായി നടന്ന് ചില്ലുവാതിലുകളും ജനാല ചില്ലുകളും തലകൊണ്ടും കൈ കൊണ്ടും ഇടിച്ചു പൊട്ടിക്കുന്നതും തുടർന്ന് മറ്റൊരു വ്യക്തി വടികൊണ്ട് അടികൊടുത്ത് ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ശരീരം മുഴുവൻ രക്തം പുരണ്ട ഇയാൾ അൽപനേരം ഒരിടത്ത് ഇരിക്കുന്നതും പിന്നീട് വീണ്ടും എഴുന്നേറ്റ് പോകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

archived linkFB post

നിസാമുദ്ധീനിലെ പള്ളിയിൽ നിന്നും അറസ്റ്റ്‌ ചെയ്ത് ക്വാറന്‍റയിനിൽ ആക്കിയ ഹാജിയുടെ ചെയ്തികൾ...എന്നാണു വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ്.

ഈ വീഡിയോയ്ക്ക് നിസാമുദീനിലെ തബ്ലിഖിയുമായോ കോവിഡ് 19 എന്ന മഹാമാരിയുമായോ യാതൊരു ബന്ധവുമില്ല. വീഡിയോ എന്താണെന്നും എവിടെ നിന്നുള്ളതാണെന്നും വ്യക്തമാക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രയിമുകൾ എടുത്തശേഷം അവയിൽ ചിലത് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതാണ് എന്ന് സമർത്ഥിക്കുന്നു ചില പോസ്റ്റുകൾ യൂട്യൂബിൽ നിന്നും ലഭിച്ചു.

2019 ഓഗസ്റ്റ് 25 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം ഗുൽഷൻ-ഇ-ഹദീദ് ഫേസ് 2 ഡബിൾ റോഡിലെ അഹ്ൽ-ഇ-ഹദീസ് സ്‌കൂൾ ജില്ലയിലെ ഖാലിദ് ബിൻ വാലിദ് പള്ളിയിൽ ഒരു അജ്ഞാതൻ അതിക്രമിച്ചു കയറി, ചില്ലുകൾ തകർത്തതിനെ തുടർന്ന് ഇമാമിന്‍റെ ഇരിപ്പിടം നശിച്ചു.

archived link

അന്വേഷണത്തിൽ ഈ വീഡിയോ സംബന്ധിച്ച് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളിലെല്ലാം ഇത് 2019 ഓഗസ്റ്റ് മുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണെന്നും പാകിസ്ഥാനിൽ നിന്നുള്ളതാണെന്നും ഇന്ത്യയിലെതല്ലെന്നും വ്യക്‌തമായിട്ടുണ്ട്. നിസാമുദ്ദീനിൽ മർകസ് സമ്മേളനം നടന്നത് 2020 മാർച്ച് 13 മുതലാണ്. അതിനാൽ ഈ വീഡിയോ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ മർകസിൽ പങ്കെടുത്തയാൾ ക്വാറന്‍റയിനിൽ കഴിയുമ്പോള്‍ ചെയ്ത പ്രവൃത്തിയുടെതല്ല.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. വീഡിയോ 2019 മുതൽ ഇന്‍റർനെറ്റിൽ ലഭ്യമായ വീഡിയോ ആണ്. വീഡിയോ പാകിസ്ഥാനിൽ നിന്നുമുള്ളതാണ്. ഈ വീഡിയോയ്ക്ക് തഖ്ലിബി സമ്മേളനവുമായി യാതൊരു ബന്ധവുമില്ല

Avatar

Title:പാകിസ്ഥാനിൽ നിന്നുമുള്ള പഴയ വീഡിയോ തബ്ലിഖി സമ്മേളനത്തിൽ പങ്കെടുത്ത ഹാജിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S

Result: False