
പ്രചരണം
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം.ശ്രീജിത്തിന് ജന്മനാടായ കൊയിലാണ്ടിയിൽ രാജ്യം അന്ത്യാഞ്ജലി നൽകി. ജൂലൈ ഏഴിനായിരുന്നു ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.
ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ശ്രീജിത്തിനെ വധിച്ച ഭീകരരെ ഇന്ത്യൻ സൈന്യം എൻകൗണ്ടറിലൂടെ വധിച്ചു എന്നാണത്. കത്തിയമരുന്ന ഒരു വീടും വെടിയൊച്ചകളുമുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഇരുട്ടിന്റെ മറവിൽ അപ്രതീക്ഷിതമായ നടന്ന ചതിക്ക് പട്ടാപ്പകൽ 17 മദ്രാസ്സിന്റെ മറുപടി. 🔥
നമ്മുടെ പ്രിയപ്പെട്ട ശ്രീജിത്ത് സാറിന്റെയും സഹപ്രവർത്തകന്റെയും ജീവനെടുത്ത തീവ്രവാദി തെമ്മാടികൾക്ക് എതിരെ പട്ടാപ്പകൽ ഇന്ത്യൻ ആർമിയുടെ ചുണക്കുട്ടികൾ…
തീവ്രവാദികളുടെ പക്കൽ നിന്ന് അനേകം ആയുധങ്ങളും പിടികൂടി…”
ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
ഞങ്ങൾ ഇന്‍വിഡ് വേ വെരിഫൈ ഉപയോഗിച്ച് വീഡിയോ വിവിധ കീ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിലൊന്നിന്റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാനമായ നിരവധി വീഡിയോകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇത് കശ്മീരില്‍ നടന്ന എന്‍കൗണ്ടര്‍ ദൃശ്യങ്ങളാണ്. എന്നാല്‍ ജൂലൈ ഏഴിന് കൊല്ലപ്പെട്ട ജവാന്‍മാരുടെ മരണത്തിന് സൈന്യം തിരിച്ചടി നല്‍കുന്ന ദൃശ്യങ്ങളല്ല. കാരണം കഴിഞ്ഞ മെയ് മുതൽ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മെയ് 12ന് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുള്ള കോക്കര്‍നാഗ് സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണിത്.
ഇതേ വീഡിയോ കാശ്മീരിലെ പ്രമുഖ മാധ്യമമായ എക്സെല്‍സിയോര്‍ ന്യൂസ് അവരുടെ യുട്യൂബ് ചാനലില്‍ നല്‍കിയിട്ടുണ്ട്.
കൂടാതെ എഎന്‍ ഐ ന്യൂസ് ഇതേപ്പറ്റി മെയ് 11 ന് വാര്‍ത്ത നല്‍കിയിട്ടുണ്ട് .

കാശ്മീര്‍ പോലീസ് പ്രസ്തുത എന്‍കൌണ്ടറിനെ കുറിച്ചുള്ള അപ്ഡേറ്റ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നല്‍കിയിട്ടുണ്ട്.
ശ്രീജിത്ത് ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ച ഏറ്റുമുട്ടല്‍ നടന്നത് രജൌരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ ദാദല്‍ വനമേഖലയില്‍ ആയിരുന്നു.

എഎന്‍ഐ ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ: ജൂലൈ എട്ടിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പാകിസ്താന്‍ തീവ്രവാദികളാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം രണ്ടു മൃതദേഹങ്ങളും പിന്നീട് തിരച്ചില്‍ ഒരു മൃതദേഹവും കൂടി ലഭിച്ചു. എ കെ 47 തോക്കുകളും മാരക സ്ഫോടക വസ്തുക്കളും തീവ്രവാദികളുടെ പക്കല്‍ ഉണ്ടായിരുന്നതായി ജമ്മുവിലെ ഡിഫന്‍സ് പി ആര്‍ ഒ അറിയിച്ചു. നായിബ് സുബേദാര്‍ എം ശ്രീജിത്ത്, സിപോയി മാരുപ്രോലു ജസ്വന്ത് റെഡ്ഢി എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു… ഇങ്ങനെയാണ് വാര്‍ത്ത.
ശ്രീജിത്തും മാരുപ്രോലുവും പിന്നീട് വീരചരമം പ്രാപിച്ചു. ഇതിനു കാരണക്കാരായ തീവ്രവാദികള്‍ അന്നുതന്നെ വധിക്കപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റിലെ വീഡിയോ മേയ് മാസത്തില്‍ നടന്ന ഒരു ഏറ്റുമുട്ടലിന്‍റെതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ മേയ് മാസത്തില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിന്‍റെതാണ്. മേയ് മുതല്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നായിബ് സുബേദാര്‍ ശ്രീജിത്ത് വീരമൃത്യു പ്രാപിച്ചത് ജൂലൈ 8 ന് നടന്ന ഏറ്റുമുട്ടലിലാണ്. രണ്ടും രണ്ടു സംഭവങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നായിബ് സുബേദാര്‍ ശ്രീജിത്തിന്‍റെ ജീവനെടുത്ത തീവ്രവാദികളെ സൈന്യം വധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…
Fact Check By: Vasuki SResult: False
