
അതി തീവ്ര മഴയും മഴക്കെടുതികളും കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ട് വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളക്കെട്ടുള്ള റോഡിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
റോഡിലെ വെള്ളക്കെട്ടില്‍ സന്തോഷവാനായി നൃത്തം ചെന്ന ഒരു വ്യക്തിയെ ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാനം കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ കേരളത്തിലെ ഒരു റോഡില്‍ നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നടുറോഡിൽ water metro യതാർത്ഥമാക്കിയ Pinarayi Vijayan സഖാവിന് ഈ ഗാനം dedicate ചെയ്യുന്നു”
എന്നാല്‍ വീഡിയോ ഗുജറാത്തില്‍ നിന്നുള്ളതാണെന്നും കേരവുമായി യാതൊരു ബന്ധവും ദൃശ്യങ്ങള്‍ക്ക് ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയിമുകളുടെ കളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണത്തില്‍ ‘ സന്ദേശ്‘ വാർത്താ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സമാനമായ ദൃശ്യങ്ങളുള്ള ഒരു വീഡിയോ കണ്ടെത്തി. വീഡിയോ പോസ്റ്റു ചെയ്ത തീയതി 2022 ജൂലൈ 13 ആണ്. അതായത് ഒരു വര്‍ഷം മുമ്പുള്ളതാണ് വീഡിയോ. ഗുജറാത്തിലെ ബറൂച്ചിലെ വെള്ളം നിറഞ്ഞ തെരുവിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന രസകരമായ വീഡിയോ എന്നാണ് ഈ മീഡിയ ചാനൽ ഇതിനെ വിശേഷിപ്പിച്ചത്.

കീവേര്‍ഡുകൾ ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ, 2022 ജൂലൈ 16-ന് ത്രിശൂൽ ന്യൂസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്നും ഈ വീഡിയോയുടെ വിശദാംശങ്ങള്‍ ലഭ്യമായി. ഗുജറാത്തിലെ ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നാണ് ഉള്ളടക്കം. “ബറൂച്ചിലെ വെള്ളപ്പൊക്കമുള്ള ഒരു തെരുവ്. ഗുജറാത്തിലെ ടാക്സി-ഓട്ടോ റിക്ഷാ ഡ്രൈവറായ നരേഷ് സോന്ദർവയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. ബറൂച്ചിലെ വെള്ളം നിറഞ്ഞ തെരുവിൽ റിക്ഷ കുടുങ്ങിയപ്പോൾ നരേഷ് റിക്ഷയിൽ നിന്ന് ഇറങ്ങി വെള്ളം നിറഞ്ഞ റോഡിൽ നൃത്തം ചെയ്തു. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളുടെ പ്രശ്‌നങ്ങൾ പരോക്ഷമായി പ്രതീകാത്മകമായി പ്രകടിപ്പിച്ച് നരേഷ് ഇങ്ങനെ നൃത്തം ചെയ്തു.”

ഗുജറാത്തി മാധ്യമമായ ദിവ്യ ഭാസ്‌കർ ഓണ്‍ലൈന്‍ പതിപ്പിലാണ് വീഡിയോ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. 2022 ജൂലൈ 15 ന് നരേഷ് സോന്ദർവ (വൈറല്‍ വീഡിയോയിലെ ഓട്ടോ ഡ്രൈവര്‍) സ്വന്തം ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും വീഡിയോയോടുള്ള അത്ഭുതകരമായ പ്രതികരണത്തിന് ബറൂച്ച് ജില്ലയിലെയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും ആളുകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
കൂടാതെ, പോസ്റ്റിൽ റോഡിന് പിന്നിലെ ഒരു തൂണിൽ സ്ഥാപിച്ചിരിക്കുന്ന ‘ഷാഹ് പബ്ലിസിറ്റി’ പരസ്യബോർഡ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഈ പരസ്യ കമ്പനി ഗുജറാത്ത് ആസ്ഥാനമായുള്ളതാണ്. തങ്ങളുടെ ഹോർഡിംഗുകൾ സൂറത്തിലും ഗുജറാത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും മാത്രമാണ് സ്ഥാപിക്കുന്നത്. അന്വേഷണ ഫലങ്ങളില്‍ നിന്ന്, പോസ്റ്റിൽ പങ്കുവെച്ച വീഡിയോ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ വെള്ളക്കെട്ടുള്ള റോഡിൽ 2022 ജൂലൈ മാസം ചിത്രീകരിച്ചതാണെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോയും അതിനൊപ്പമുള്ള വിവരണവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല. 2022 ജൂലൈ മാസത്തില്‍ ഗുജറാത്തിലെ ബറൂച്ചി ജില്ലയിലെ റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവറായ നരേഷ് സോന്ദര്‍വ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണിത്. കേരളം നിലവില്‍ അഭിമുഖീകരിക്കുന്ന മഴക്കെടുതിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലെതാണ്… സത്യമറിയൂ…
Written By: Vasuki SResult: False
