
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ബിഎസ്എഫ് ബറ്റാലിയൻ കമാൻഡന്‍റ് ജിബു ബി. മാത്യുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിൽനിന്ന് സിബിഐ 96 കോടി രൂപ പിടിച്ചെടുത്തു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു മുറിയിൽ നോട്ടുകെട്ടുകൾ അടുക്കിവച്ചിരിക്കുന്നതിന്‍റെയും ഉദ്യോഗസ്ഥർ ഇവ കണ്ടുകെട്ടി കൊണ്ടുപോകുന്നതിന്‍റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പത്തനംതിട്ടയില്‍ ബിഎസ്എഫ് ജവാന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകെട്ടുകളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “⚠️☢️🥷അവിശ്വസനീയമായ ഒരു അറസ്റ്റ്. 83 ബിഎസ്എഫ് ബറ്റാലിയൻ കമാൻ്റൻ്റ് ജിബു ബി മാത്യുവിനെ ഷാലിമാർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സിബിഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഇയാളുടെ കൈവശം 96 കോടി രൂപ പണമുണ്ടായിരുന്നു. ഇയാൾ പത്തനംതിട്ട ജില്ലാക്കാരനാണ്. പിടികൂടുമ്പോൾ ട്രെയിനിൽ 76 ലക്ഷവുമായി ഇയാൾ യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 96 കോടി രൂപ സിബിഐ കണ്ടെടുത്തത്
പശ്ചിമ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ആണ് ഇയാളുടെ പോസ്റ്റിംഗ് ഒളിപ്പിച്ചുവെച്ച പണം കണ്ടെടുക്കുന്നത് കാണുക. യൂണിഫോമിലുള്ള ഒരാളിൽ നിന്നും ഇത്രയും തുക കണ്ടെത്തുന്നത് ഇത് ആദ്യം “
എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കാണ്‍പൂരില്‍ നിന്നുള്ള പഴയ വീഡിയോ ആണിത്.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2018 ജനുവരി 17-ന് എൻഡിടിവി ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. “പണക്കിടക്ക; കാൺപൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് 100 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ” എന്ന തലക്കെട്ടില്‍ ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യവസായിയും ബിൽഡറുമായ ആനന്ദ് ഖത്രിയുടെ വീട്ടിൽ നിന്ന് നിരോധിത 500, 1000 രൂപ നോട്ടുകൾ കണ്ടെത്തിയതിനെ കുറിച്ചാണ് വാര്‍ത്ത.
നിരോധിത നോട്ടുകൾ കൈമാറുന്നതിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.ഐ.എയും പോലീസും ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ആനന്ദ് ഖത്രി എന്ന വ്യവസായിലേക്ക് കുടുങ്ങിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് നിരോധിത നോട്ടുകൾ കണ്ടെടുത്തത് എന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റു മാധ്യമങ്ങളിലും ഇതേ റിപ്പോര്‍ട്ട് ഉണ്ട്. ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല എന്ന് ഇതില്‍നിന്നും വ്യക്തമാണ്.
പ്രചരിക്കുന്ന സന്ദേശത്തിൽ പരാമര്‍ശിക്കുന്ന ബിഎസ്എഫ് കമാൻഡന്‍റ് ജിബു ബി മാത്യുവിനെ പറ്റി തിരഞ്ഞപ്പോള്‍ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സേവനമനുഷ്ഠിച്ചിരുന്ന ജിബു ഡി. മാത്യു എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൈക്കൂലി പണവുമായി സിബിഐ 2018-ൽ അറസ്റ്റ് ചെയ്തിരുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

ട്രെയിനിൽ യാത്ര ചെയ്ത ഇയാളെ ആലപ്പുഴയിൽ വച്ചായിരുന്നു പിടികൂടിയത്. ഏകദേശം 45 ലക്ഷത്തോളം രൂപയും അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. എന്നാൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് 76 ലക്ഷം രൂപ പിടികൂടിയതായാണ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരിൽനിന്ന് കൈക്കൂലിയായി ലഭിച്ച പണമാണ് ഇതെന്ന് ചോദ്യം ചെയ്യലിൽ മാത്യു വെളിപ്പെടുത്തിയതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു.
നിഗമനം
2018-ൽ കാൺപൂരിലെ ഒരു വ്യവസായിയായ ആനന്ദ് ഖത്രിയുടെ വീട്ടിൽനിന്ന് 97 കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തതിന്‍റെ ദൃശ്യങ്ങളാണ് ബിഎസ്എഫ് കമാൻഡൻ്റ് ആയിരുന്ന ജിബു മാത്യുവിൻ്റെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിഎസ്എഫ് ഉദ്യോഗസ്ഥന്‍റെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും പിടികൂടിയ നോട്ടുകെട്ടുകള്‍..? വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Fact Check By: Vasuki SResult: Misleading



