
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം, ഇടയ്ക്കിടെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഹിന്ദു പെൺകുട്ടി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പീഡനം അനുഭവിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്.
വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്ന വീഡിയോ ആണ് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്. “ഇനി ഇരുട്ടറയിലാണ് ഈ കുഞ്ഞിന്റെ ജീവിതം. തട്ടിക്കൊണ്ടുവന്നശേഷം ടോർച്ചറു ചെയ്തു ഖുർആൻ ചൊല്ലിപ്പിച്ചു മതം മതം മാറ്റുന്ന പാകിസ്ഥാനിലെ ഒരു ഹിന്ദു പെൺകുട്ടി. തനിക്ക് എന്താണു സംഭവിക്കുന്നത് എന്നുപോലും അതിനു മനസിലാകുന്നില്ല എന്ന് അതിന്റെ മുഖത്തുകാണുന്ന ഭീതിയിൽ നിന്നും നമുക്കു മനസിലാക്കാം. ആരും എതിർക്കാനില്ല. ആരും ചോദിക്കാനുമില്ല. കാരണം, അവിടെ ഭൂരിപക്ഷം ഇസ്ലാമാണ്.
അവളിപ്പോൾ എവിടെയായിരിക്കും..? അവളുടെ അവസ്ഥ എന്തായിരിക്കും..? ഒന്നുമറിയില്ല. നാളെ നമ്മുടെ കുഞ്ഞുങ്ങൾക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..” എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഒരു ചെറിയ പെണ്‍കുട്ടി ഇസ്ലാം പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഭയപ്പാടോടെ ഉരുവിടുന്നത് കാണാം. സമീപത്ത് രണ്ടുപേര്‍ അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും കാണാം.
“പാകിസ്ഥാനിൽ മുസ്‌ലിങ്ങൾ ഇങ്ങനെയാണ് ഹിന്ദു പെൺകുട്ടികളെ നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം ചെയ്യുന്നത്. എന്നാണ് ഈ വീഡിയോ ഉപയോഗിച്ച് സംവദിക്കാന്‍ ഉദ്ദേശിക്കുന്നത്.
എന്നാല്‍ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ഹിന്ദു പെൺകുട്ടിയുടെ നിർബന്ധിത മതപരിവർത്തനത്തിന്‍റേതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
പഷ്തോ ഭാഷയില്‍ വൈദഗ്ദ്ധ്യം നേടിയ ഞങ്ങളുടെ ടീം വീഡിയോ സംഭാഷണം പരിശോധിച്ചു. അവരുടെ വിശദീകരണം ഇങ്ങനെ: “വീഡിയോയിൽ ഉള്ളവർ പഷ്തോ മാത്രമാണ് സംസാരിക്കുന്നത്. പെൺകുട്ടി ഖുറാനിൽ നിന്നുള്ള ഒരു ഉദ്ധരണി പാരായണം ചെയ്യുന്നു. പെൺകുട്ടി അല്ലാഹുവിന്‍റെ നാമം ഉരുവിടുന്നു. അവൾ പാരായണം ചെയ്യുന്ന രീതി ശ്രദ്ധിച്ചാല്‍ തീർച്ചയായും ഹിന്ദു അല്ല എന്ന് അനുമാനിക്കാന്‍ കഴിയും. മാത്രമല്ല അവളും പാഷ്തോ ഭാഷയിലാണ് സംസാരിക്കുന്നത്. ഏതോ പ്രേതോച്ചാടനത്തിന്‍റെ വീഡിയോ ആണെന്ന് തോന്നുന്നു.”
ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ സാമൂഹ്യ മാധ്യമങ്ങളി ൽ തിരഞ്ഞപ്പോള്‍ ഹാജി മുഹമ്മദ് ഉള്ളയുടെ യുട്യൂബ് ചാനല്‍ ലഭിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്‌വയിലെ അച്ചിനി മേരാ പ്രദേശത്തെ സ്വയം പ്രഖ്യാപിത പ്രേതോച്ചാടകനായ ഈ വ്യക്തിക്ക് 80,000-ലധികം വരിക്കാരുള്ള ഒരു യുട്യൂബ് ചാനലുണ്ട്. വൈറല്‍ വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥത്തില്‍ പ്രേതോച്ചാടന ചടങ്ങില്‍ നിന്നുള്ളതാണ്.
11 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍റെ യൂട്യൂബ്, ഫേസ്‌ബുക്ക് ജില്‍ സമാന വീഡിയോകള്‍ നിരവധി കാണാം. പ്രേതം ആവേശിച്ചു എന്നു ആരോപിക്കപ്പെട്ട ആളുകളുടെ ശരീരത്തില്‍ നിന്നും ദുരാത്മാക്കളെ ഒഴിപ്പിച്ചു വിടുന്ന പ്രക്രിയയുടെ ദൃശ്യങ്ങളാണ് എല്ലാം. “ദുരാത്മാക്കൾ” ബാധിച്ചവരും രോഗികളുമായ ആളുകളെ സുഖപ്പെടുത്താൻ പ്രത്യേക അധികാരമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഹാജി മുഹമ്മദ് ഉള്ളയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൊന്നും വൈറൽ വീഡിയോയിലെ അതേ ദൃശ്യങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ യൂട്യൂബ് ചാനലിൽ നല്‍കിയ പ്രേതോച്ചാടനത്തിന്‍റെ സമാനമായ മറ്റ് വീഡിയോകൾ പരിശോധിച്ചപ്പോള്‍ വൈറലായ വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരേ പരവതാനിയും ചുമർ പെയിന്‍റുമുള്ള ഒരേ മുറിയായിരുന്നു അതെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു.
ഹാജി മുഹമ്മദ് ഉള്ളയുടെ മറ്റൊരു പ്രേതോച്ചാടന വീഡിയോ പാകിസ്താനില്‍ നിന്നുള്ള മതപരിവര്‍ത്തന ദൃശ്യങ്ങള്‍ എന്ന പേരില്‍ മുമ്പ് തെറ്റായി പ്രചരിച്ചപ്പോള്‍ ഞങ്ങള്‍ വീഡിയോയുടെ മുകളില്‍ ഫാക്റ്റ് ചെക്ക് ചെയ്തിരിരുന്നു.
ഞങ്ങൾ ഹാജി മുഹമ്മദ് ഉള്ളയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. അദ്ദേഹത്തിന്‍റെ പ്രതികരണം ലഭിച്ചു കഴിഞ്ഞാല്‍ സ്റ്റോറിയില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ വൈറല്‍ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങള്‍ക്ക് മതപരിവർത്തനവുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാമിക് രീതിയില്‍ ദുരാത്മാക്കളെ ശരീരത്തില്‍ നിന്നും അകറ്റുന്ന പ്രേതോച്ചാടന ചടങ്ങാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു – പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
