പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

രാഷ്ട്രീയം | Politics

വിവരണം

എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് ചെയ്തു എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. ബിനു വക്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 330ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ ജൂലൈ രണ്ടിന് പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയ ശേഷമുള്ള വീഡിയോ തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പി.സി.ജോര്‍ജ്ജ് റിമാന്‍ഡില്‍ എന്ന കീ വേര്‍ഡ് യൂട്യൂബ് സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജ്ജിനെ കോടതി റിമാന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. മനോരമ ന്യൂസ് 2022 മെയ് 27ന് നല്‍കിയ വാര്‍ത്തയില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇതെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. മതവിദ്വേഷ പ്രസംഗത്തിന്‍റെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പി.സി.ജോര്‍ജ്ജിനെ തിരുവനന്തുരം പൂജപ്പുര സെന്‍റ്രല്‍ ജെയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണിത്.

മനോരമ ന്യൂസ് വാര്‍ത്തയുടെ പ്രസക്ത ഭാഗം-

YouTube Video 

അതെ സമയം പീഡന പരാതിയില്‍ കോടതിയില്‍ ഹാജരാക്കിയ അന്നേ ദിവസം തന്നെ പി.സി.ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതെ കുറിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം-

YouTube Video 

നിഗമനം

ഒരു മാസം മുന്‍പ് വിദ്വേഷ പ്രസംഗ കേസില്‍ കോടതി റിമാന്‍ഡ‍് ചെയ്ത പി.സി.ജോര്‍ജ്ജിനെ പോലീസ് വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പീഡന കേസില്‍ അദ്ദേഹത്തെ പിടികൂടിയപ്പോഴുള്ള ദൃശ്യമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തിമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

Fact Check By: Dewin Carlos 

Result: Missing Context