കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയെയുടെ അവസാന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

ഒരു വ്യക്തിഒരു സംഘം ആളുകളുമായി ചേര്‍ന്ന് ഷാംപെയിന്‍ ബോട്ടില്‍ പതപ്പിച്ച് ആഘോഷിക്കുന്നത് കാണാം. ദൃശ്യങ്ങളുടെ ഒടുവില്‍ പൊട്ടിത്തെടിയുടെ ശബ്ദവും തീയും പുകയും കാണാം. കേരളത്തിലെ മുസ്ലിങ്ങള്‍ മതത്തിന്‍റെ ചട്ടക്കൂട്ടില്‍ മാത്രം ജീവിക്കുമ്പോള്‍ ഹമാസ് തലവന്‍ ഷാംപെയിന്‍ കുടിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നുവെന്നും ഇയാളുടെ അവസാനത്തെ വീഡിയോ ആയിരുന്നു ഇതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇവിടെ സ്ത്രീകളെ പർദ്ദക്കുള്ളിലേക്കു കയറ്റാൻ നോക്കുന്ന Taliban ISIS ഭീകരരുടെ നേതാക്കന്മാർ അവരുടെ lifestyle എങ്ങിനെയാണ് ഹൂറികളുടെ ഒപ്പം ആഘോഷിക്കുന്നത് എന്ന് കാണുക. കഴിഞ്ഞ ദിവസം ഇസ്രായേൽ വധിച്ച ഹമാസ് ഭീകര നേതാവിന്റെ അവസാനത്തെ ആഘോഷവും അന്ത്യ നിമിഷങ്ങളും”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങളിലുള്ളത് ഇസ്മയില്‍ ഹാനിയേയല്ല.

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ദൃശ്യങ്ങളിലെ വേദി ഗ്രീക്ക് ദ്വീപായ മൈക്കോനോസിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന നാംനോസ് മൈക്കോനോസ് എന്ന ബീച്ച് ക്ലബ്ബും റെസ്റ്റോറന്‍റുമാണെന്ന് കണ്ടെത്തി. നാംനോസിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകൾ പരിശോധിക്കുമ്പോൾ, വീഡിയോയിലെ വേദിയുടെ രൂപകൽപ്പനയും ജീവനക്കാരുടെ വസ്ത്രവും പൊരുത്തപ്പെടുന്നതായി കാണുന്നു.

2024 ജൂലൈ 31 ന് ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. ഹമാസിന്‍റെ പ്രസ്താവന പ്രകാരം, പ്രാദേശിക സമയം 02:00 ന് ടെഹ്‌റാനിലെ ഹനിയയുടെ വസതിക്ക് നേരെയുള്ള മിസൈൽ ആക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്. പിറ്റേന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഹനിയയുടെ മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായ കവറേജും ലഭിച്ചു.

വീഡിയോയിൽ ഹനിയേ എന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഞങ്ങള്‍ക്ക് ഫലങ്ങളൊന്നും ലഭിച്ചില്ല. ഫോട്ടോയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന റെമിനി എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ കൂടുതല്‍ തെളിച്ചമുള്ളതാക്കി മാറ്റി.

ശേഷം ഫോട്ടോകളിലെ ആളുകളുടെ പേരുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മറ്റൊരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണമായ PimEyes-ൽ ഹനിയേ എന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ വ്യക്തമായ സ്‌ക്രീൻഷോട്ടുകൾ ഉപയോഗിച്ചപ്പോൾ, വീഡിയോയിലുള്ളത് അമേരിക്കൻ അഭിഭാഷകൻ വഹാഗൻ കോഷ്‌കരിയൻ ആണെന്ന് കണ്ടെത്തി.

വഹാഗൻ കോഷ്‌കരിയന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് പ്രൈവറ്റ് ആക്കി വച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ നിയമ സേവനത്തിനായുള്ള കോഷ് ലോയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ വഹാഗൻ കോഷ്‌കരിയന്‍റെ ചിത്രങ്ങള്‍ കാണാം. വൈറല്‍ പോസ്റ്റിലേതുമായി സമാനമാണ് ചിത്രങ്ങള്‍.

വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങളില്‍ കാണുന്നത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇസ്മയില്‍ ഹാനിയെയ്ക്ക് കാഴ്ചയില്‍ വഹാഗൻ കോഷ്‌കരിയനുമായി സമാനത തോന്നും. എന്നാല്‍ വൈറല്‍ വീഡിയോയിലേത് ഹാനിയെയല്ല.

നിഗമനം

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ അല്ല. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അഭിഭാഷകനായ വഹാഗൻ കോഷ്‌കരിയന്‍ ഗ്രീസിലെ ബീച്ച് റെസ്റ്റോറന്‍റില്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പങ്കുവച്ചിരിക്കുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെയല്ല സത്യമിതാണ്...

Written By: Vasuki S

Result: False