FACT CHECK- ഈ വീഡിയോ ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ തന്നെയാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഇന്ത്യൻ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജാതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപരമായി പ്രചരിക്കുന്നുണ്ട്. തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനോടനുബന്ധിച്ചുള്ള മാര്‍ച്ചാണ് ഇതെന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പോരാളി ഷാജി എന്ന പേരിലുള്ള ഗ്രൂപ്പില്‍ സ്വപ്ന അനീഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്   ഇതുവരെ 4,200ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Video

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്നത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന മാര്‍ച്ച് തന്നെയാണോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇന്‍വിഡ് വീ വേരിഫൈ ഉപയോഗിച്ച് വീഡിയോ തമ്പ്നെയില്‍ റിവേഴ്‌സ് സെര്‍ച്ച് നടത്തിയതില്‍ നിന്നും കമ്മ്യൂണിസ്റ്റ് കേരള എന്ന യൂ ട്യൂബ് ചാനലില്‍ രണ്ട് വര്‍ഷം മുന്‍പ് അതായത് 2018 ഏപ്രില്‍ മൂന്നിന് ഇതെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശിലും കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി ഇടതുപക്ഷം എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് 2018 മാര്‍ച്ചില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ നടത്തിയ മാര്‍ച്ചിന്‍റെ വീഡിയോയാണെന്ന് വ്യക്തമായിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ആര്‍.രാഹുലുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെടുകയും വീഡിയോ അയച്ചു നല്‍കിയ ശേഷം മുംബൈ ലോങ്ങ് മാര്‍ച്ചിന്‍റെ വീഡിയോയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് 2018ല്‍ കര്‍ഷക ലോങ്ങ് മാര്‍ച്ചിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയുടെ യൂട്യൂബ് വീ‍ഡിയോയും ലഭിച്ചു.

യൂട്യൂബില്‍ രണ്ട് വര്‍ഷം മുന്‍പ് കമ്മ്യൂണിസ്റ്റ് കേരള എന്ന ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ-

മുംബൈയിലേക്ക് എഐകെഎസ് 2018ല്‍ നടത്തിയ മാര്‍ച്ചിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് വാര്‍ത്ത റിപ്പോര്‍ട്ട്-

നിഗമനം

രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2018ലെ മഹാരാഷ്ട്ര കര്‍ഷക ലോങ്ങ് മാര്‍ച്ചിന്‍റെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഈ വീഡിയോ ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ തന്നെയാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False