തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷെയ്ഖ് ഷാജഹാൻ, ഷിബ് പ്രസാദ് ഹജ്‌റ, ഉത്തം സർദാർ എന്നിവർ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അക്രമവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണങ്ങൾക്കിടയില്‍ തെക്കൻ ബംഗാളിലെ ദ്വീപ് ഗ്രാമമായ സന്ദേശ്ഖാലിയിൽ പാർട്ടി അംഗങ്ങളുടെ ലൈംഗിക ചൂഷണത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. ബംഗാളില്‍ ഈയിടെ നടന്ന പൈശാചികമായ സംഭവം എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം പുരുഷന്മാർ ബൈക്കിലെത്തിയ സ്ത്രീയെ ബംഗാളില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെട്ട് വീഡിയോ വാട്ട്സ് ആപ്പില്‍ ഇപ്പോള്‍ വൈറലാകുന്നത്.

പ്രചരണം

ബൈക്കില്‍ ഒരാളുടെ പിന്നിലിരുന്നു യാത്ര ചെയ്യുന്ന സ്ത്രീയുടെ നേര്‍ക്ക് ബലം പ്രയോഗിച്ചും പരിഹസിച്ചു കൊണ്ടും ലൈംഗിക അതിക്രമവും ഉപദ്രവവും നടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സ്ത്രീ ദുര്‍ബലയായി അവരെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്👆 നാളെ കേരളത്തിലും നടക്കാൻ സാദ്ധ്യതയുള്ളത്. 1921 ലെ മാപ്പിള ലഹള മറക്കരുത്”

(അസ്വസ്ഥമായ ദൃശ്യങ്ങള്‍ ആയതിനാല്‍ ഞങ്ങള്‍ വീഡിയോ നല്‍കുന്നില്ല).

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ ബംഗാളില്‍ നിന്നുള്ളതല്ല.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ഒക്‌ടോബർ 5 മുതൽ ഇതേ വീഡിയോ ഹിന്ദി ഭാഷയിലെ വിവരണത്തോടെ നിരവധിപ്പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതായി കണ്ടു.

ബിഹാറിലെ ഛപ്ര ജില്ലയിലാണ് സംഭവം നടന്നത് എന്നാണ് അടിക്കുറിപ്പ് സൂചിപ്പിക്കുന്നത്.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2021 ഒക്ടോബർ 7-ന് സംഭവത്തെക്കുറിച്ചുള്ള ഒരു വാർത്താ ബുള്ളറ്റിൻ യുട്യൂബില്‍ നിന്നും ലഭിച്ചു. വൈറൽ വീഡിയോയില്‍ നിന്നുള്ള അതേ ദൃശ്യങ്ങള്‍ ബുള്ളറ്റിനില്‍ കാണാം. ഛപ്രയിലെ ഒരു ഗ്രാമത്തിൽ ഒരു സ്ത്രീയെ ഒരു സംഘം പുരുഷന്മാർ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുടർന്ന് സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പരിശോധിച്ചപ്പോള്‍ സരൺ ജില്ലയിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന ലാലൻടോപ്പ് മാധ്യമത്തിന്‍റെ റിപ്പോർട്ട് ലഭിച്ചു.

പോലീസിന്‍റെ ഭാഗത്ത് നിന്നുള്ള നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. “വീഡിയോയിൽ കാണുന്ന സംഭവത്തെക്കുറിച്ച് പോലീസിന് ഔപചാരികമായ പരാതികളൊന്നും ലഭിച്ചിട്ടില്ല. വീഡിയോ വൈറലായ സാഹചര്യത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ നിരവധി പോലീസ് സംഘങ്ങൾ രൂപീകരിച്ചതായും സംഭവം പരിശോധിച്ച് നടപടി എടുക്കാനുള്ള ചുമതല നൽകിയതായും സരൺ എസ്പി സന്തോഷ് കുമാർ പറഞ്ഞിരുന്നു. അന്വേഷണത്തിൽ വീഡിയോയിൽ കാണുന്ന 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 3 പേർ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെ പിടികൂടാൻ പോലീസ് സംഘം റെയ്ഡ് നടത്തുകയാണ്. വൈകാതെ മറ്റ് പ്രതികളും പിടിയിലാകും. ഡിഐജി രവീന്ദ്ര കുമാർ പറഞ്ഞതിങ്ങനെ: വീഡിയോയുടെ ആധികാരികത പരിശോധിച്ചു. ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ ആറ് ക്രിമിനലുകളുള്ളതിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേരെ കൂടി പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ദര്യപൂരിലാണ് സംഭവം.

ഇത്തരം സംഭവങ്ങൾ പതിവായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ. സമൂഹത്തിൽ ധാർമിക വിദ്യാഭ്യാസത്തിന്‍റെ അഭാവമാണെന്ന് ഡി.ഐ.ജി. സ്കൂൾ തലത്തിൽ തന്നെ ധാർമിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു. 2021 സെപ്റ്റംബർ 27നാണ് സംഭവം.”

ദരിയാപൂർ റെയിൽ വർക്ക്ഷോപ്പിൽ നിന്ന് ദാരിഹര ചൗവാറിലേക്ക് പോകുന്ന റോഡിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ആറ് പ്രതികളില്‍ അഖിൽപൂരിൽ നിന്നുള്ള ഗുഡ്ഡു റായ്, അമോദ് റായ്, രാകേഷ് കുമാർ, ധർമേന്ദ്ര കുമാർ എന്നിവരും സമഞ്ചക് ഗ്രാമത്തിൽ നിന്നുള്ള അരവിന്ദ് കുമാറും നിതീഷ് കുമാറുമാണ് പ്രതികളെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ നാലുപേരെ അറസ്റ്റ് ചെയ്തു. 2021 സെപ്റ്റംബർ 27 നാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, സംഭവം ചിത്രീകരിച്ച പ്രധാന പ്രതിയായ ഗുഡ്ഡു റായിയെ 2021 ഒക്ടോബർ 11 ന് അറസ്റ്റ് ചെയ്തു.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. സ്ത്രീക്കുനേരെ പട്ടാപ്പകല്‍ പരസ്യമായി ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ബംഗാളില്‍ നിന്നുള്ളതല്ല, 2021 ഒക്ടോബര്‍ അഞ്ചു മുതല്‍ ലഭ്യമായ ഈ ദൃശ്യങ്ങള്‍ ബീഹാറിലെ സരൺ ജില്ലയിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പട്ടാപ്പകല്‍ പരസ്യമായി സ്ത്രീയുടെ നേര്‍ക്ക് ലൈംഗിക അതിക്രമം- ബംഗാളിലെതല്ല, ബിഹാറില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത്...

Fact Check By: Vasuki S

Result: False