സിപിഎം പ്രവർത്തകർ തമ്മിലടി കൂടുന്നുവെന്നും സിപിഎം പ്രവർത്തകരെ കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ കൈകാര്യം ചെയ്യുന്നു എന്നും രണ്ട് അവകാശവാദങ്ങളോടെ ഒരേ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

പ്രചരണം

സിപിഎം പതാകയുമേന്തി ഒരു സംഘം ആളുകൾ റോഡിലൂടെ മുന്നോട്ടുവരുന്നതും എതിർദിശയിൽ നിന്നും ഏതാനും ആളുകള്‍ അവരെ തടയുന്നതും പിന്നീട് ഇത് കയ്യേറ്റത്തിൽ എത്തുന്നതും പോലീസ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം

വീഡിയോയുടെ ഒപ്പമുള്ള വിവരണങ്ങൾ ഇങ്ങനെ: “1. വയനാട്ടിൽ സിപിഎം നെ സഹികെട്ട ജനം തെരുവിൽ അടിച്ചുകൂട്ടുന്നു. ഇത് ഇനി കേരളം മുഴുവൻ വ്യാപിപ്പിക്കാൻ അധികകാലം എടുക്കില്ല 2. വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ തമ്മിൽ കൂട്ടയടി....

FB postarchived link

ഞങ്ങളുടെ അന്വേഷണത്തിൽ പ്രചരിക്കുന്ന വിവരണങ്ങൾ തെറ്റാണെന്നും 2016 സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ വീഡിയോ ആണിതെന്നും വ്യക്തമായി

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ മീഡിയവണ്‍ ടിവി 2016 നവംബർ മൂന്നിന് യുട്യൂബില്‍ പോസ്റ്റു ചെയ്ത ഇതേ ദൃശ്യങ്ങളുടെ കുറച്ചുകൂടി ദൈര്‍ഘ്യമേറിയ പതിപ്പ് ലഭ്യമായി. “വയനാട് മാനന്തവാടിയില്‍ സിപിഐ - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നടത്തിയ നഗരസഭ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മൂന്ന് എസ്ഐമാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.” എന്ന വിവരണം വീഡിയോയുടെ കൂടെ നല്‍കിയിട്ടുണ്ട്.

കൂടാതെ ഇതേ വീഡിയോ 2016 നവംബര്‍ നാലിന് പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു.

കൂടാതെ മാനന്തവാടിയില്‍ ഉണ്ടായ സിപിഐ-സിപിഎം സംഘര്‍ഷത്തെ കുറിച്ച് ഏഷ്യാനെറ്റ് 2016 നവംബർ മൂന്നിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ 2016 നവംബർ മൂന്നിന് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെതാണ് വീഡിയോ. അതായത് ഈ ദൃശ്യങ്ങള്‍ക്ക് 7 കൊല്ലം പഴക്കമുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2016 നവംബർ മൂന്നിന് വയനാട്ടിലെ മാനന്തവാടിയിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങളാണിത്. നിലവിലെതല്ല. പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വയനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടയടി നടത്തിയോ..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്...

Written By: Vasuki S

Result: False