
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
യുപിയിൽ കോൺഗ്രസ്സുകാർ തമ്മിൽ തല്ലുന്നു എന്ന് വാദിച്ച ഒരു വീഡിയോ പോസ്റ്റില്‍ നൽകിയിട്ടുള്ളത്. അവ്യക്തമായ വീഡിയോ ദൃശ്യങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പരസ്പരം ഉന്തുംതള്ളും നടത്തുന്നതും ഉച്ചത്തിൽ ആക്രോശിക്കുന്നതും നമുക്ക് കാണാം. യുപിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഭവമാണ് എന്ന് സൂചിപ്പിച്ചു പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
“യുപിയിൽ കോണ്ഗ്രസിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി.. …”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. പഴയ ഒരു വീഡിയോ ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ 2020-ലെതാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.
പോസ്റ്റിലെ വീഡിയോയെക്കാൾ വ്യക്തതയുള്ള വീഡിയോ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 2020 ല്‍ പങ്കുവെച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ദേവരിയ എന്ന മണ്ഡലത്തിൽ 2020 നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഒരു ചെറിയ സംഘർഷത്തിന്‍റെ ദൃശ്യങ്ങളാണിത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുകുന്ദ് ഭാസ്കര്‍ മണി തൃപാഠിയുടെ പേര് നിര്‍ദ്ദേശിച്ചതിനെ വനിതാ നേതാവായ താരാ യാദവ് എതിര്‍ത്തതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത് എന്നു വാര്ത്തകള്‍ അറിയിക്കുന്നു. ബലാൽസംഗ കേസിൽ പ്രതിയായ ആളാണ് മുകുന്ദ് ഭാസ്കര്‍ മണി തൃപാഠിഎന്നതായിരുന്നു ഇതിന് കാരണമായി താര ചൂണ്ടിക്കാട്ടിയത്. എന്നാൽ തൃപാഠിയുടെ അനുയായികള്‍ അവരെ എതിർക്കുകയും മർദ്ദിക്കുകയും ചെയ്തു. അതിന്‍റെ ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയിലുള്ളത്.
സംഭവത്തെ കുറിച്ച് ആജ് തക് പ്രസിദ്ധീകരിച്ച ഒരു വാർത്താ വീഡിയോ താഴെ കാണാം.
അന്ന് പല മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. കേന്ദ്രമന്ത്രിയുടെ നിർദ്ദേശപ്രകാരം ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ മുകളിൽ നടപടി എടുത്തിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ട്വിറ്റർ പേജില്‍ വീഡിയോ പങ്കുവച്ചിരുന്നു.
കോൺഗ്രസ് അടക്കം എല്ലാ പാർട്ടികളും സ്ഥാനാർഥി നിർണയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടോ എന്ന് കീ വേര്‍ഡ്സ് ഉപയോഗിച്ച് ഞങ്ങൾ അന്വേഷണം നടത്തി നോക്കി. നിലവില്‍ ഉത്തര്‍പ്രദേശില്‍ ഇത്തരത്തിൽ യാതൊരു സംഘർഷങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
നിഗമനം
പോസ്റ്റിലെ വീഡിയോ 2020-ലെതാണ്. പ്രചരിക്കുന്ന വീഡിയോക്ക് ഉത്തർപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്
Fact Check By: Vasuki SResult: Misleading
