2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട് ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ് അവകാശപ്പെടുന്നത്. നക്ഷത്രവും ചന്ദ്രക്കലയുമുള്ള പച്ച പതാക വീശുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടകയിൽ കോൺഗ്രസ്സ് ജയിച്ചതിനുപിന്നാലെ തീവ്രവാദികൾ പണി തുടങ്ങീട്ടുണ്ട്...😈👿”

FB postarchived link

ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ ഉൾപ്പെടെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പച്ചക്കൊടി പാക്കിസ്ഥാന്‍റെ പതാകയല്ല, മറിച്ച് ഇസ്ലാം മതത്തിന്‍റെ പതാകയാണെന്ന് ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ തീരദേശ പട്ടണമായ ഭട്കലിൽ നിന്നാണ് വൈറലായ വീഡിയോ. മേയ് 13ന് നഗരത്തിലെ ഷംസുദ്ദീൻ സർക്കിളിൽ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കോൺഗ്രസ് സ്ഥാനാർത്ഥി മങ്കൽ വൈദ്യ മുപ്പതിനായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ചതിന് ശേഷമുള്ള ആഘോഷമാണ് വീഡിയോയിലുള്ളത്.

വൈറലായ വീഡിയോയിൽ കാണുന്ന പച്ചക്കൊടിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത് പാകിസ്ഥാൻ പതാകയല്ലെന്ന് വ്യക്തമായി. പാകിസ്ഥാൻ ദേശീയ പതാകയ്ക്ക് പച്ചനിറത്തിലുള്ള ഭാഗത്ത് വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും മറുഭാഗത്ത് വെള്ള നിറവുമുണ്ട്.

നേരെമറിച്ച്, വൈറൽ വീഡിയോയിലെ പതാകയിൽ വെളുത്ത വര ഇല്ല, ചന്ദ്രക്കലയും നക്ഷത്രവുമുണ്ട്. ഇത് ഇസ്ലാം മതത്തിന്‍റെ പതാകയാണ്. പാകിസ്ഥാൻ പതാകയല്ല. വീഡിയോയിൽ കാണുന്ന പതാക പാക്കിസ്ഥാന്‍റെ പതാകയല്ല. മതപരമായ പതാകയാണെന്ന് ഉത്തര കന്നഡ എസ്പി വിഷ്ണുവർധന.എൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇത് പാക് പതാകയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കാവി പതാക നീക്കം ചെയ്തിട്ടില്ല.

Facebook Video 1| Facebook Video 2

മെയ് 13 ന് ഭട്കലിൽ നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ പകർത്തിയ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ഫലദിനത്തിന് മുമ്പ്, ഷംസുദ്ദീൻ സർക്കിളിൽ പതാകകളൊന്നും ദൃശ്യമായിരുന്നില്ല.

ജനക്കൂട്ടം ഡോ. ബി.ആർ. അംബേദ്കറുടെ മുഖം പതിച്ച നീല പതാകയും കുങ്കുമം, നീല, പച്ച, കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രതിനിധീകരിക്കുന്ന പതാക എന്നിങ്ങനെ നാല് പതാകകളും ഒരുമിച്ച് ഉയര്‍ത്തിയ വ്യക്തമായ വീഡിയോ ഞങ്ങൾ കാണാനിടയായി.

ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ഉപയോക്താവിനെ ഞങ്ങൾ തിരഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി മങ്കൽ വൈദ്യയുടെ വിജയം ആഘോഷിക്കാൻ എല്ലാ മതങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നുമുള്ള അനുയായികൾ ഒത്തുചേർന്നിരുന്നുവെന്ന് ഉപയോക്താവിന്‍റെന്‍റെ അക്കൗണ്ട് വിവരിക്കുന്നു.

ആഘോഷം സമാധാനപരമായി സമാപിച്ച ശേഷം എല്ലാ പതാകകളും നീക്കം ചെയ്തതായി ഉപയോക്താവ് പറഞ്ഞു. പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ വർഗീയ സംഘർഷങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പച്ച, കാവി പതാകകൾ സമാധാനപരമായ രീതിയിൽ ഒരുമിച്ച് വീശുന്നതായി കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ ലഭ്യമാണ്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത്യക്കായി ഞങ്ങള്‍ ഭട്കൽ പൊലീസുമായി ബന്ധപ്പെട്ടു. ആഘോഷങ്ങൾക്കിടെ ഉയര്‍ത്തിയത് പാക് പതാകയല്ല. മതപതാകകൾ നീക്കം ചെയ്യുകയോ പകരം മറ്റ് മതങ്ങളുടെ പതാകകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭട്കൽ പൊലീസ് എസ്‌എച്ച്‌ഓ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി. അനിഷ്ടസംഭവങ്ങളില്ലാതെ സമാധാനപരമായാണ് ആഘോഷങ്ങൾ നടന്നത്. പച്ച പതാക യഥാർത്ഥത്തിൽ ഒരു മതപതാകയാണ്. ഭട്കലിൽ പാകിസ്ഥാൻ പതാക വീശുന്നുവെന്ന് തെറ്റായ പ്രചരണമാണ് നടത്തുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ച നിറവും ചന്ദ്രക്കലയും നക്ഷത്രവും ഇസ്ലാമുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും ഇസ്ലാമികതയെ ഏകീകൃതമായി പ്രതിനിധീകരിക്കുന്ന ഒരൊറ്റ ഇസ്ലാമിക പതാകയുമില്ല. വിവിധ രാജ്യങ്ങളിലും സംഘടനകളിലും രൂപകല്പനയും പ്രതീകാത്മകതയും വ്യത്യസ്തമാണ്.

നിഗമനം

കോൺഗ്രസ് പാർട്ടിയുടെ വിജയാഘോഷത്തിനിടെ ഭട്കലിൽ ഉയര്‍ത്തിയ ഇസ്കാമിക ചിഹ്നമുള്ള പച്ചക്കൊടി പാകിസ്ഥാന്‍ പതാകയല്ല. വിജയാഘോഷത്തിനിടെ ഇസ്ലാമിക ചിഹ്നമുള്ള കൊടി ഉയര്‍ത്തിയത് വർഗീയ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുകയാണ്. കാവി, പച്ച, നീല, കോൺഗ്രസ് പാർട്ടി പതാകകൾ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിലുള്ള ഒന്നിലധികം പതാകകൾ യോജിപ്പിച്ചാണ് ആഘോഷ വേളയില്‍ ഉയര്‍ത്തിയത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത...

Fact Check By: Vasuki S

Result: False