മനുഷ്യരും പക്ഷി-മൃഗാദികളും തമ്മിലുള്ള അപൂര്‍വ സൌഹൃദങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പല സൌഹൃദ കഥകളും അവിശ്വസനീയമായി തന്നെ നമുക്ക് തോന്നിയേക്കാം. പാര്‍ക്കില്‍ പതിവായി തീറ്റ കൊടുത്തിരുന്നയാള്‍ ആശുപത്രി കിടക്കിയിലായപ്പോള്‍ കാണാനെത്തിയ പ്രാവ് എന്നവകാശപ്പെട്ട് സൌഹൃദത്തിന്‍റെ കഥയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

ആശുപത്രി കിടക്കയില്‍ ഒരു വ്യക്തി രോഗബാധിതനായി കിടക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ ഒരു പ്രാവ് വന്നിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പതിവായി തീറ്റ നല്‍കിയിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സ്നേഹവും നന്ദിയുമുള്ള പ്രാവ് തേടിയെത്തിയതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ ചിത്രമെടുത്ത നഴ്‌സ് എഴുതി: ഈ രോഗി ഈ ആശുപത്രിയിൽ വന്നിട്ട് 23 ദിവസമായി, ഈ 23 ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് ആരും അദ്ദേഹത്തെ കാണാൻ വന്നില്ല. എന്നാൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു പ്രാവ് അദ്ദേഹത്തിന്റെ കട്ടിലിന് സമീപം ഇരിക്കുന്നു. പ്രാവ് കുറച്ചു നേരം നിന്നിട്ട് പറന്നു പോകുന്നു. “ഈ രോഗി എല്ലാ ദിവസവും ആശുപത്രിക്ക് സമീപമുള്ള പാർക്കിലെ ബെഞ്ചിലിരുന്ന് അവിടെ പ്രാവുകൾക്ക് ഭക്ഷണം നൽകിയിരുന്നുവെന്ന് കണ്ടെത്തി.

മൃഗങ്ങൾക്കും പറവകൾക്കും മനുഷ്യനേക്കാൾ മികച്ച ഹൃദയമുണ്ടെന്ന് ഇത് ഒരിക്കൽ കൂടി നമുക്ക് കാണിച്ചു തരുന്നു.”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

എവിടെ നിന്നും പകര്‍ത്തിയതാണെന്നോ, ആ മനുഷ്യൻ ആശുപത്രിയിലാണെന്ന് പക്ഷി എങ്ങനെ അറിഞ്ഞുവെന്നോ, നഴ്സ് പക്ഷിയെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നോ വിവരണത്തില്‍ ഒരിടത്തും പരാമർശമില്ല. ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം 2014 മുതൽ ഓൺലൈനില്‍ ലഭ്യമാണെന്നും പ്രചരിക്കുന്നത് തെറ്റായ കഥയാണെന്നും വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു.

ലോവനീസ് Ioannis Protonotarios (Ιωάννης Πρωτονοτάριος), എന്ന ഗ്രീക്ക് ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. ഗ്രീസിലെ റെഡ് സിറോസ് ഹോസ്പിറ്റലിലെ കാർഡിയോളജി യൂണിറ്റിലെ വാർഡിൽ കഴിയുന്ന തന്‍റെ പിതാവിനെ സന്ദർശിക്കാൻ പോകുന്ന വഴിയാണ് ഈ അപൂര്‍വ ചിത്രം പകർത്തിയതെന്ന് ലോവനീസ് (Ioannis Protonotarios) കുറിച്ചിരുന്നു.

ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ സമീപത്തുള്ള വാര്‍ഡിലാണ് ലോവനിസിന്‍റെ പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നത്. പിതാവിനോടുള്ള സ്നേഹനിർഭരമായ സ്മരണയ്ക്കായി ഫോട്ടോ പ്രസിദ്ധീകരിച്ചതായും പരാമർശിച്ചു. ലോവനിസിനോട് സംസാരിച്ച ശേഷം എ‌എഫ്‌പി ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഫോട്ടോ ശേഖരത്തിന്‍റെ വെബ്സൈറ്റായ ഫ്ലിക്കറില്‍ ചിത്രം 2013 ഒക്ടോബര്‍ 20 മുതല്‍ ലഭ്യമാണ്. ചിത്രം പകര്‍ത്തിയത് പോസ്റ്റിലെ വിവരണത്തില്‍ അവകാശപ്പെടുന്നതുപോലെ നേഴ്സ് അല്ല. ഫോട്ടോഗ്രാഫറാണ്.

2013 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ചിത്രമാണ് തെറ്റായ വിവരണത്തോടെ ഇപ്പോള്‍ പ്രചരിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാര്‍ക്കില്‍ പതിവായി തീറ്റ നല്‍കുന്ന വ്യക്തി ആശുപത്രി കിടക്കയിലായപ്പോള്‍ കാണാനെത്തിയ പ്രാവ് എന്നത് വെറും കെട്ടുകഥയാണ്. ഗ്രീസിലെ ആശുപത്രിയില്‍ നിന്നും ലോവനീസ് എന്ന ഫോട്ടോഗ്രാഫര്‍ 2013 ഒക്ടോബറില്‍ പകര്‍ത്തിയ ചിത്രമാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പതിവായി തീറ്റ കൊടുത്തിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ പ്രാവ്- പ്രചരിക്കുന്നത് വെറും കെട്ടുകഥ...

Written By: Vasuki S

Result: False