‘സ്പേസ് ടെക്നോളജി’ ഉപയോഗിച്ച് ഉണ്ടാക്കിയ റോഡിന്റെ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല…
സമൂഹ മാധ്യമങ്ങളില്‍ റോഡിൽ നിന്ന് വെള്ളം ജലധാരയുടെ പോലെ പുറത്ത് വരുന്നത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യയുടെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്..
പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ഈ റോഡ് എവിടെയുള്ളതാണ് നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളിൽ ഒരു റോഡിലുണ്ടായ കുഴിയിൽ നിന്ന് ജലധാരയെ പോലെ വെള്ളം പുറത്ത് വരുന്നതായി കാണാം. പോസ്റ്റിന്റെ അടികുറിപ്പിൽ എഴുതിയിരിക്കുന്നത് ‘സ്പേസ് ടെക്നോളജി’ എന്നാണ്. ലോകസഭയിൽ പ്രസംഗിക്കുമ്പോൾ ഒരിക്കൽ പ്രധാനമന്ത്രി മോദി പറഞ്ഞരുന്നു, “ഞങ്ങൾ റോഡ് നിർമാണത്തിന് സ്പേസ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട് ” എന്ന്. ഈ പ്രസ്താവനയെ അപഹസിക്കുന്നതാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. കമന്റ് സെക്ഷനിലും എല്ലാവരും ഇത് സ്പേസ് ടെക്നോളജി ഉപയോഗിച്ച് നിർമിച്ച ഇന്ത്യൻ റോഡുകളാണ് എന്ന തരത്തിൽ പരിഹാസം ചെയ്യുന്നുണ്ട്.
എന്നാൽ ശരിക്കും ഈ റോഡ് ഇന്ത്യയിലെ തന്നെയാണോ? ഈ റോഡ് നിർമിച്ചത് കേന്ദ്ര സർക്കാരാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ലഭിച്ച ഫലങ്ങളിൽ ഞങ്ങൾക്ക് ഒരു സ്പാനിഷ് മാധ്യമത്തിൽ ഈ വീഡിയോയെ കുറിച്ച് വാർത്ത ലഭിച്ചു. വാർത്ത പ്രകാരം ഈ റോഡ് മധ്യ അമേരിക്കയിലെ ഗ്വാട്ടിമാല എന്ന രാജ്യത്തിലെ ഒരു റോഡിന്റെ ദൃശ്യങ്ങളാണ് നിലവിൽ പ്രചരിപ്പിക്കുന്നത്. CA 9 എന്ന ഹൈവേയിലെ 14 കിലോമീറ്റർ അകാലത്തിലാണ് ഈ സംഭവം ഉണ്ടായത് എന്ന് വാർത്തയിൽ പറയുന്നു.
വാർത്ത വായിക്കാൻ - Prensa Libre | Archived
ഇതേ കാര്യം ഗ്വാട്ടിമാലയിലെ പല ഫേസ്‌ബുക്ക് പേജുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റുകളിലും ഈ സംഭവം 14 kilometer CA 9 , the route to Pacific, Villa Nueva എന്ന സ്ഥലത്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നു.
ഞങ്ങൾ ഈ സ്ഥലത്തിന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. Km 14 CA 9 , the route to Pacific, Villa Nueva, Guatemala എന്ന സ്ഥലത്തിന്റെ ഭൂപടം ഗൂഗിളിൽ പരിശോധിച്ചപ്പോൾ ഞങ്ങൾ താഴെ കാണുന്ന ഈ സ്ഥലം കണ്ടെത്തി.
ഈ സ്ട്രീറ്റ് വ്യൂവും വീഡിയോയിൽ കാണുന്ന സ്ഥലവും തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഈ രണ്ട് സ്ഥലങ്ങളിലുള്ള സാമ്യതകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. വീഡിയോയിൽ കാണുന്ന സ്ഥലം നമ്മൾ സ്ട്രീറ്റ് വ്യൂയിൽ കാണുന്ന സ്ഥലം തന്നെയാണ്.
നിഗമനം
ഇന്ത്യയിൽ സ്പേസ് ടെക്നോളജി ഉപയോഗിച്ച് നിർമിച്ച റോഡ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യ അമേരിക്കൻ രാജ്യം ഗ്വാട്ടിമാലയിലെ ഒരു റോഡിന്റെ ദൃശ്യങ്ങൾ ആണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.