വിവരണം

സന്തോഷ വാർത്ത അവസാനമായി, പോണ്ടിച്ചേരി സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിയായ റാം കോവിഡ് 19 നുള്ള ഒരു വീട്ടുവൈദ്യം കണ്ടെത്തി, ഇത് ലോകാരോഗ്യ സംഘടന ആദ്യമായി അംഗീകരിച്ചു. ഒരു ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് ടീസ്പൂൺ തേൻ, അല്പം ഇഞ്ചി ജ്യൂസ് എന്നിവ തുടർച്ചയായി 5 ദിവസം കഴിക്കുന്നത് കൊറോണയുടെ പ്രഭാവം 100% വരെ ഇല്ലാതാക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ലോകം മുഴുവൻ ഈ ചികിത്സ ആരംഭിക്കുന്നു, ഒടുവിൽ 2021 ന്റെ സന്തോഷകരമായ അനുഭവം.നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും അയയ്‌ക്കുക.. എന്ന സന്ദേശം ഇതിനോടകം ഒട്ടുമിക്കവര്‍ക്കും വാട്‌സാപ്പിലൂടെ ലഭിച്ചിട്ടുണ്ടാവും. നിരവധി പേരാണ് ഈ സന്ദേശത്തിലെ വിവരങ്ങള്‍ വസ്‌തുതാപരമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറുമായി വാട്‌സപ്പിലൂടെ ബന്ധപ്പെടുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ റാം എന്ന വിദ്യാര്‍ത്ഥി ഇത്തരത്തിലൊരു വീട്ടുവൈദ്യം കോവിഡിനെതിരെ കണ്ടെത്തിയിട്ടുണ്ടോ? ഇത്തരത്തിലൊരു ചികിത്സാരീതിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫാക്‌ട് ക്രെസെന്‍ഡോ ശ്രീലങ്ക ഈ സന്ദേശം നേരത്തെ തന്നെ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഇതെ ഉള്ളടക്കമുള്ള ഇംഗ്ലിഷ് സന്ദേശത്തിന്‍റെയാണ് ഇത്തരത്തില്‍ വസ്‌തുത വിശകലനം ചെയ്തിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇപ്രകാരമാണ്-

ലോകാരോഗ്യസംഘടന പ്രതിനിധിയുടെയും പോണ്ടിച്ചേരി സര്‍വകലാശാല പ്രതിനിധിയുടെയും ഔദ്യോഗിക വിശദീകരണം തേടി എഎഫ്‌പി നടത്തിയ വസ്‌തുത അന്വേഷണത്തെ ആധാരമാക്കിയാണ് ഫാക്‌ട് ക്രെസെന്‍ഡോ ശ്രീലങ്കയുടെ റിപ്പോര്‍ട്ട്.

ലോകാരോഗ്യ സംഘടന ടെക്‌നിക്കല്‍ ഓഫിസര്‍ സുപ്രിയ ബസ്‌ബറൂവയാണ് ആദ്യം തന്നെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പോണ്ടിച്ചേരി യൂണിവേ‌ഴ്‌സിറ്റി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഡോ. ആര്‍.വെങ്കിടേഷ് കുമാര്‍ പ്രതികരിച്ചതിങ്ങനെയാണ്-

പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി കോവിഡിനെതിരെ ഫലപ്രദമായ നാട്ടുമരുന്ന് കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും സര്‍വകലാശാലയ്ക്ക് ഇത്തരം പ്രചരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

കുരുമുളകും ഇ‍ഞ്ചിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ കോവിഡ് മാറുകയില്ലെന്നും സ്വയം ചികിത്സിച്ചാല്‍ മരണം വരെ സംഭവിച്ചേക്കമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാക്‌സിനേഷന്‍ മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. ലോകാര്യോഗ്യ സംഘടന വെബ്‌സൈറ്റില്‍ പ്രചരണത്തിനെതിരെ പങ്കുവെച്ചിരിക്കുന്ന പോസ്റ്ററുകള്‍ കാണാം-

പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ (പിഐബി) ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്വീറ്റ് കാണാം-

Tweet Archived Link

നിഗമനം

ലോകാരോഗ്യ സംഘടന തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയും ഇത്തരത്തിലൊരു പ്രചണം വ്യാജമാണെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ വാട്‌സാപ്പ് പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കോവിഡിനെതിരെ ഇത്തരത്തിലൊരു മരുന്ന് കണ്ടെത്തിയിട്ടുണ്ടോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False