പ്രചരണം

അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം എൽ എ കെഎം ഷാജി വിജിലൻസ് അന്വേഷണം നേരിടുന്ന വാർത്ത നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും 50 ലക്ഷത്തോളം രൂപ പരിശോധനയ്ക്കിടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു എന്നും വാര്‍ത്തകളിലുണ്ട്.

കോഴിക്കോടുള്ള വീടിന് നഗരസഭാ അധികൃതർക്ക് നൽകിയ പ്ലാനിന് വിരുദ്ധമായി അനധികൃത നിർമാണം നടത്തിയെന്ന ആരോപണവും ഉണ്ടായിരുന്നു. ഇതിന്‍റെ പേരിൽ നടപടി വന്നേക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കെ എം ഷാജി എം എല്‍ എ യുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത കാലത്ത് പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.

“ഇഞ്ചി ഷാജിയുടെ അനധികൃതമായി നിർമ്മിച്ച വീടിൻറ്റെ ഒരു ഭാഗം ഷാജി തന്നെ പൊളിച്ചു നീക്കുന്നു😂😂😂😂

ആരാണി പിണറായി വിജയൻ അദ്ധേഹം ഒരു വീട് പൊളിച്ചു മാറ്റിയിട്ടുണ്ടൊ😇

എന്ന വിവരണത്തോടൊപ്പം പാതി പൊളിച്ച ഒരു വീടിന്‍റെ ചിത്രം നമുക്ക് കാണാം.

archived linkFB post

ചിത്രത്തിൽ ഒരു ബുൾഡോസർ ഉപയോഗിച്ച് വീടിന്‍റെ ഒരു ഭാഗം പൊളിച്ചു നീക്കം ചെയ്യുകയാണ്. ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ഈ ചിത്രം അമേരിക്കയിൽ 2009 ല്‍ ഉണ്ടായ ഒരു മണ്ണിടിച്ചിലില്‍ നാശനഷ്ടമുണ്ടായ ഒരു വീടിന്‍റെതാണ്. ഇക്കാര്യം പരാമര്‍ശിച്ച് ഒറിഗോണ്‍ ലൈവ് എന്ന മാധ്യമം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പ്രസ്തുത ചിത്രത്തിന് അടിക്കുറിപ്പായി “2009 ലെ വേനൽക്കാലത്തെ മണ്ണിടിച്ചിലിന്‍റെ ഫലമായി തകർന്ന വീടിന്‍റെ അവശേഷിപ്പ് കുടുംബം മുഴുവന്‍ ദുരന്തത്തില്‍ ഇല്ലാതായി.”

അമേരിക്കയിലെ എന്ന സ്ഥലത്ത് ലേക്ക് ഓസ്വേഗോ എന്ന സ്ഥലത്ത് മണ്ണിടിച്ചിൽ മൂലം തകർന്ന ഒരു വീടിന്‍റെ ചിത്രമാണിത്. ഈ ചിത്രം ഉൾപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസംബർ 8, 2010ലാണ്.

വിജിലൻസ് കെഎം ഷാജിയെ അനധികൃത സ്വത്തിന് പേരിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചത് ഏതാണ്ട് ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ച മുതലാണ്. പണവും സ്വര്‍ണ്ണവും വിദേശ കറൻസികളും അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഗോൾഡ് സ്വർണാഭരണങ്ങളും വിദേശ കറൻസികളും അദ്ദേഹത്തിന് തിരികെ നൽകുകയാണ് ഉണ്ടായത് എന്ന് വാർത്തകൾ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ മുസ്ലിം ലീഗ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

കെഎം ഷാജി എംഎൽഎയുടെ വീടിന്‍റെ ഏതെങ്കിലും ഭാഗം പൊളിച്ചു നീക്കം ചെയ്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും കെ എം ഷാജിയുടെ നിരപരാധിത്വം പുറത്തു വരുമെന്നും മുന്‍ എം പിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചു.

അമേരിക്കയില്‍ ലേക്ക് ഓസ്വേഗോ എന്നാ സ്ഥലത്ത് 2009 ഉണ്ടായ മണ്ണിടിച്ചിലിൽ തകര്‍ന്ന വീടിന്‍റെ ചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്. ഇത് കെഎം ഷാജിയുടെ വീടല്ല. അദ്ദേഹത്തിന്‍റെ വീട് പൊളിചിട്ടില്ല.

നിഗമനം

പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. അമേരിക്കയിൽ നിന്നും ഉള്ള ഒരു ചിത്രമാണ് കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കം ചെയ്യുന്നു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കം ചെയ്തിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2009 അമേരിക്കയിൽ മണ്ണിടിച്ചിലില്‍ തകർന്ന ഒരു വീടിന്‍റെതാണ്

Fact Check By: Vasuki S

Result: False