
മലയാള സിനിമയുടെ നിത്യഹരിത നായകന്‍ എന്ന വിശേഷണത്തിന് ഉടമയായ പ്രേം നസീര്‍ ഓര്‍മയായിട്ട് ഏകദേശം മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. ഈയിടെ അദ്ദേഹത്തിന്‍റെ മകന്‍ ഷാനവാസ് രോഗബാധിതനായി ചികിത്സയില്‍ ഇരിക്കെ അന്തരിച്ചു. പ്രേം നസീറിന്‍റെ ഖബര്‍സ്ഥാന്‍ മുസ്ലിം ആരാധനായത്തിന്റെ ഉള്ളിലല്ലെന്നും പുറത്ത് കാടുപിടിച്ച് കിടക്കുകയാണെന്നും സൂചിപ്പിച്ച് ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രേം നസീര്‍ ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്തിരുന്നു എന്നും ഇക്കാരണത്താല്‍ അദ്ദേഹത്തെ പള്ളി മതില്‍ക്കെട്ടിന്‍റെ ഉള്ളില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് പ്രചരണം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാടുപിടിച്ചു കിടക്കുന്ന ഈ ഖബർസ്ഥാനിലുറങ്ങുന്നത് മലയാള സിനിമയിൽ ജ്വലിച്ചു നിന്ന ഒരു താരമാണ് അതിനു കാരണം അദ്ദേഹം ഒരു ആനയെ ക്ഷേത്രത്തിനു സംഭാവന നൽകി എന്നതാണ്.ഒരു ആനയെ ഹിന്ദുവിന് നൽകിയ വെക്തിയുടെ മയ്യത്ത് പോലും പള്ളിയിൽ അടക്കാൻ അവർ സമ്മതിച്ചില്ല. ഇങ്ങനെ ഒള്ളവരാണ് നമ്മളോട് മതേതരത്തെ പറ്റി സംസാരിക്കുന്നത് .ഹിന്ദു ഇല്ലാതാകുന്നത്തോട്കൂടി ഈ നാട്ടിലെ മതേതരത്വം അവസാനിക്കും”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും പ്രേം നസീറിനെ അടക്കം ചെയ്തത് പള്ളിയുടെ ഖബര്‍സ്ഥാനില്‍ തന്നെയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ ചിത്രം ഏകദേശം 2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പ്രേം നസീറിന്‍റെ ഖബറിടവുമായി ബന്ധപ്പെട്ട ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മനോരമ ഓണ്‍ലൈനില്‍ മനോരമ ലേഖകനായ ബോബി തോമസ് പ്രേം നസീറിന്‍റെ മരണ ദിനവുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. പ്രേം നസീറിന്‍റെ ജന്മനാടായ ചിറയിന്‍കീഴിലുള്ള കാട്ടുമുറക്കല്‍ ജുമാ മസ്ജിദിലാണ് പ്രേം നസീറിനെ അടക്കം ചെയ്തത് എന്ന് കുറിപ്പില്‍ പറയുന്നുണ്ട്.
പ്രേം നസീറിന്‍റെ ഖബര്‍സ്ഥാന് വേണ്ടത്ര പരിഗണന ഇതുവരെ ലഭിച്ചില്ലെന്ന വിമര്‍ശനവുമായി ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ന്യൂസ് ബുള്ളറ്റിനും ഞങ്ങള്‍ക്ക് ലഭിച്ചു.
പള്ളിയുടെ മതില്‍ക്കെട്ടിനുള്ളിലാണ് പ്രേം നസീറിന്‍റെ ഖബര്‍ എന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. ചിറയിന്‍കീഴ് കാട്ടുമുറക്കല്‍ ജുമാ മസ്ജിദിലാണ് പ്രേം നസീറിനെ അടക്കം ചെയ്തതെന്ന് വിവരണമുള്ള മറ്റു റിപ്പോര്‍ട്ടുകളും ലഭ്യമാണ്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കാട്ടുമുറക്കല്‍ പള്ളി കമ്മറ്റി ഭാരവാഹികളുമായി സംസാരിച്ചു. “പ്രേം നസീറിനെ പള്ളിയുടെ ഖബര്‍സ്ഥാനില്‍ തന്നെയാണ് അടക്കം ചെയ്തതെന്ന് അവര്‍ സ്ഥിരീകരിച്ചു. മഴക്കാലത്ത് ഖബര്‍സ്ഥാനില്‍ പുല്ലുവളരുന്നത് സ്വാഭാവികമാണ്. കാലാകാലങ്ങളില്‍ അവിടം വൃത്തിയാക്കുക പതിവാണ്. പുല്ലുകള്‍ തിങ്ങിയ സമയത്ത് ആരോ ചിത്രം പകര്‍ത്തി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്.”
നിഗമനം
ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്തതിനാല്‍ പ്രേം നസീറിനെ പള്ളിയുടെ പുറത്താണ് അടക്കം ചെയ്തതെന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചിറയിന്‍കീഴ് കാട്ടുമുറക്കല്‍ ജുമാ മസ്ജിദിലാണ് പ്രേം നസീറിന്‍റെ ഭൌതിക ശരീരം അടക്കം ചെയ്തത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്തതിനാല്‍ പ്രേം നസീറിന്‍റെ ഭൌതികശരീരം പള്ളിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് തെറ്റായ പ്രചരണം…
Fact Check By: Vasuki SResult: False
