ഖാലിസ്ഥാനി എന്നാരോപിച്ച് സിഖുകാരനെ മര്‍ദ്ദിക്കുന്ന സംഘപരിവാര്‍..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിതാണ്…

വര്‍ഗീയം സാമൂഹികം

പഞ്ചാബിലെ അമൃത്‌സറില്‍ സിഖ് മതസ്ഥനെ  ഖാലിസ്ഥാനിയാണെന്ന് അരോപിച്ച് സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

സിഖ് വേഷധാരിയായ വയോധികനെ ഒരാള്‍  ചോദ്യം ചെയ്യുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വാതില്‍പ്പടിമേല്‍  ഇരിക്കുന്ന വയോധികന്‍ കൈകൂപ്പി മാപ്പിരക്കുന്നുണ്ട്. പഞ്ചാബിലെ അമൃത്‌സറില്‍ സിഖ് വയോധികനെ ഖാലിസ്ഥാനിയാണെന്ന് അരോപിച്ച് സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമൃത്സറിൽ ഒരു സിഖ് വ്യക്തിയെ “ഖലിസ്ഥാനി” എന്ന് മുദ്രകുത്തി ഒരു സാഫ്രോൺ ഹിന്ദു തീവ്രവാദി മുഖത്തടിക്കുന്നു . മോദി ഭരിക്കുന്ന ഇന്ത്യയിൽ ആൾക്കൂട്ട അക്രമങ്ങളും (Mob Lynching) വിദ്വേഷ കുറ്റകൃത്യങ്ങളും (Hate Crimes) ഗൗരവകരമായ ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്”

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൃദ്ധനെ മര്‍ദ്ദിക്കുന്നത് മതനിന്ദ നടത്തിയതിനാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമ്മാന ദൃശ്യങ്ങളുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭിച്ചു. ന്യൂസ് 11 ഭാരത്  ജനുവരി 22ന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ള പോസ്റ്റിലെ വിവരണം അനുസരിച്ച് അമൃത്‌സറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളില്‍ ചവിട്ടുകയും തുപ്പുകയും ചെയ്ത് അപമാനിച്ചയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന ദൃശ്യമാണിത്. 

സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നതോടെയാണ് ആളുകള്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും വാര്‍ത്തയില്‍  വ്യക്തമാക്കുന്നു. യുവാവ് മര്‍ദ്ദിച്ച വൃദ്ധനായ വ്യക്തി ഹിന്ദു ദേവതകളുടെ ചിത്രം അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. അറസ്റ്റിലായത് ഹര്‍ജീത് സിംഗ് ആണെന്നും കോണ്‍ഗ്രസിന്‍റെ അമൃത്‌സര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നമന്‍ കപൂറാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹര്‍ജീത് സിംഗ് (ഗുഡ്ഡു) എന്നയാളാണ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് അറസ്റ്റിലായതെന്ന്  ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് ലീഡര്‍ നമന്‍ കപൂര്‍ ഹര്‍ജീത് സിംഗിന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും സിംഗ് ഒടുവില്‍ മാപ്പു പറഞ്ഞതായും വാര്‍ത്തയിലുണ്ട്. 


നമന്‍ കപൂര്‍ 2026 ജനുവരി 19ന് സംഭവത്തിന്‍റെ  ദൈര്‍ഘ്യമേറിയ പതിപ്പ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതാവാണെന്ന് പറഞ്ഞുകൊണ്ടാണ് നമന്‍ കപൂര്‍ ഹര്‍ജീത് സിംഗിനെ മര്‍ദ്ദിക്കുന്നത്. ഈ വീഡിയോയില്‍ നിന്നുള്ള ഏതാനും ഭാഗമാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

നിഗമനം  

ഖാലിസ്ഥാനിയാണെന്ന് ആരോപിച്ച് സിഖ് മതസ്ഥനെ  സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്,  ഹിന്ദു ദേവതകളെ അപമാനിച്ചയാളെ കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഖാലിസ്ഥാനി എന്നാരോപിച്ച് സിഖുകാരനെ മര്‍ദ്ദിക്കുന്ന സംഘപരിവാര്‍..? വ്യാജ പ്രചാരണത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S  

Result: False

Leave a Reply