
വിവരണം
മുസ്‌ലിം വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആര്‍എസ്എസ് കാര്യവാഹകായ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു.. കേരളത്തില്‍ എത്രനാളുകളായി ആര്‍എസ്എസുകാര്‍ക്കെതിരെ ഈ അക്രമം നടക്കുന്നു.. അടുത്ത തവണ കേരളത്തില്‍ ബിജെപി ഭരണത്തില്‍ എത്തുന്നത് വരെ മാത്രം.. (മലയാളം പരിഭാഷ) #justiceforchandraboss.. ഉത്തരേന്ത്യയിലെ ആര്‍എസ്എസ്-ബിജെപി അനകൂലികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി #justiceforchandraboss എന്ന ഹാഷ്‌ടാഗ് നല്‍കി ട്വീറ്റ് ചെയ്ത പ്രധാന ചര്‍ച്ചാ വിഷയമാണിത്. ചന്ദനക്കുറിതൊട്ട് നില്‍ക്കുന്ന ഒരു പ്രായമായ മനുഷ്യന്‍ പരുക്കുകളോടെ നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും ട്വീറ്റിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ ഒരു മുസ്‌ലിം വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആര്‍എസ്എസ് കാര്യവാഹകിന് ഇത്തരത്തിലൊരു ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടോ? പ്രചരിക്കുന്ന ചിത്രത്തിലുള്ളത് മര്‍ദ്ദനമേറ്റ ആര്‍എസ്എസ് കാര്യവാഹക് ചന്ദ്രബോസ് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കേരളത്തില്‍ ഏറ്റവും അധികം കാഴ്ച്ചക്കാരുള്ള യൂട്യൂബില്‍ ട്രെന്‍ഡിങില്‍ ഇടം നേടുന്ന കരിക്ക് ടീം പുറത്തിറക്കിയ ഒരു കോമഡി വീഡിയോയിലെ രംഗമാണ് യഥാര്‍ത്ഥത്തില്‍ മര്‍ദ്ദനമേറ്റ ആര്‍എസ്എസ് കാര്യവാഹക് എന്ന പേരില്‍ ഉത്തരേന്ത്യയിലെ ആര്‍എസ്എസ്-ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ട്രോള്‍ ചെയ്യാന്‍ വേണ്ടി മലയാളികള്‍ സ്മൈല്‍ പ്ലീസ് എന്ന കരിക്കിന്‍റെ വീഡിയോയിലെ രംഗം ഉപയോഗിച്ചു എന്നതാണ് വാസ്‌തവം. സ്മൈല്‍ പ്ലീസിലെ മാമന്‍ കഥാപാത്രം അവതരിപ്പിച്ച ആര്‍ജുന്‍ രത്തന്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഷൂട്ടിങ് സെറ്റിലെ അതെ ചിത്രങ്ങളാണ് രണ്ട് തെറ്റായ രീതിയില്‍ ട്വീറ്റ് ചെയ്യപ്പെടുന്നതില്‍ അധികവും.
കരിക്കിന്‍റെ വൈറല്‍ വീഡിയോയായ സ്മൈല്‍ പ്ലീസിലെ മാമന്‍ കഥാപാത്രം പരുക്കകളോടെ നടന്നു വരുന്ന രംഗം കാണാം-

അര്‍ജുന്‍ രത്തന്‍ അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച യഥാര്‍ത്ഥ ചിത്രങ്ങള്‍-
നിഗമനം
കരിക്ക് ടീമിന്‍റെ സ്മൈല്‍ പ്ലീസ് എന്ന യൂട്യൂബ് കോമഡി വീഡിയോയിലെ ഒരു കഥാപാത്രത്തിന്‍റെ ചിത്രമാണ് മര്‍ദ്ദനമേറ്റ ആര്‍എസ്എസ് കര്യവാഹക് എന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അര്‍ജുന്‍ രത്തന്‍ എന്ന വ്യക്തിയാണ് കരിക്കിലെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ട്വീറ്റില്‍ വ്യാപകമായി നടക്കുന്ന ഈ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മലയാളികള്‍ പറ്റിച്ചതാണെ.. മാമനോട് ഒന്നും തോന്നല്ലേ..!!
Fact Check By: Dewin CarlosResult: False
