ഗുരുവായൂര്‍ ക്ഷേത്രനടയിലൂടെ ഓടിക്കളിക്കുന്ന കുട്ടിയുടെ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ വീണ്ടും വൈറല്‍…

False

ആരാധനലായങ്ങളുടെ പേരില്‍ പല വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പേരില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം  

പതിവിന് വിപരീതമായി, വിജനമായ ഗുരുവായൂര്‍ ക്ഷേത്രനടയുടെ മുന്നിലൂടെ രാത്രി സമയത്ത് ഒരു ചെറിയ ആണ്‍കുട്ടി ഉല്‍സാഹത്തോടെ ഓടിനടക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് അവിടെ നടന്ന അത്ഭുത സംഭവമാണെന്നും ഓടിക്കളിക്കുന്ന കുട്ടി സാക്ഷാല്‍ ഗുരുവായൂരപ്പനാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്ഷേത്രം അടച്ചതിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഒരു കൊച്ച് കുട്ടി ഓടിക്കളിക്കുന്ന… ദൃശ്യം (ക്ഷേത്രത്തിലെ CC ടീവിയിൽ പതിഞ്ഞത്)ക്ഷേത്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലൂടെ കടന്നു പോയെങ്കിലും പോലീസുകാൻ കുട്ടിയെ കണ്ടില്ലത്രെ…?! അത്ഭുതം കണ്ണൻ്റെ ഓരോരോ ലീലകൾ…?! ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകുവാൻ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക….?!,

ഈ പോസ്റ്റിട്ടതിന് ശേഷം ഇന്നത്തെ കേരള ലോട്ടറി റിസൾട്ട് നോക്കിയ എനിക്ക് 5000 x 12 ലോട്ടറിയടിച്ചു. 🙏

ജയ് ശ്രീകൃഷ്ണ 🙏 ജയ് കൃഷ്ണ 🙏 കൃഷ്ണാ ഗുരുവായൂരപ്പപ്പാ”

https://archive.org/details/screencast-www.facebook.com-2024.09.07-14_48_25

FB postarchived link

എന്നാല്‍ രണ്ടുകൊല്ലം മുമ്പ് ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയ ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ കുട്ടിയുടെ കൂടെ നടന്ന് പകർത്തിയ വീഡിയോ ആണിതെന്ന് വ്യക്തമാകും കുട്ടി നടക്കുന്നതിന് സമീപത്ത് കസേരയിൽ ഇരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥൻ ധരിച്ചിട്ടുണ്ട് അതിനാൽ പഴയ വീഡിയോ ആയിരിക്കാം എന്ന അനുമാനത്തിൽ ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ജന്മഭൂമി ഓൺലൈൻ പതിപ്പിൽ ഇതേ വീഡിയോയെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. റിപ്പോര്‍ട്ട് 2022 മെയ് 28 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് – ബ്യൂല ദമ്പതികളുടെ മകനായ മൂന്നര വയസുകാരന്‍ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണനാണ് ഇതെന്നും സംസാരശേഷി ഇല്ലാതിരുന്ന  കണ്ണന് ഗുരുവായൂർ ക്ഷേത്രനടയിൽ വന്ന് പ്രാർത്ഥിച്ച ശേഷം സംസാരശേഷി ലഭിച്ചു എന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. കുട്ടിയുടെ സംസാരശേഷി തിരികെ ലഭിക്കാനായി ദുബായില്‍ താമസിക്കുന്ന കണ്ണനും കുടുംബവും കൃഷ്ണനാട്ടം വഴിപാട് നടത്താനാണ് ഗുരുവായൂരെത്തിയത്. ജന്‍മഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് 2022 മെയ് 28ന് ട്വിറ്ററില്‍ ഒരു ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത് ഞങ്ങള്‍ക്ക് ലഭിച്ചു. 

കൃഷ്ണനാട്ടം കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിയോടെ ക്ഷേത്ര മുറ്റത്ത് ഓടിക്കളിച്ച കുട്ടിയുടെ വീഡിയോ അച്ഛന്‍ ജുമീഷാണ് പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ 2022 മെയ് മുതല്‍ വൈറലായിരുന്നു. 

“10 March 2022 –   വൈറൽ ക്ലിപ്പിനു കുറച്ചു മണിക്കൂറുകൾ മുൻപ് കണ്ണൻ  ഗുരുവായൂർ നടയിൽ” എന്ന വിവരണത്തോടെ Vagmine JB Evyavan എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

വൈറല്‍ ദൃശ്യങ്ങളിലുള്ള കുട്ടിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണിത്.  കുട്ടിയുടെ അച്ഛന്‍ ജൂമിഷിന്റെയും അമ്മ ബ്യൂലയുടെയും ഫേസ്ബുക്ക് പേജുകളില്‍ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണന്‍റെ അനേകം ചിത്രങ്ങളും വീഡിയോകളും കാണാം. ഇതേ കുട്ടി തന്നെയാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഓടിക്കളിക്കുന്നതെന്ന് വ്യക്തമാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 മാര്‍ച്ച് മാസം ഗുരുവായൂര്‍ ദര്‍ശത്തിനായി മാതാപിതാക്കളോടൊപ്പം ദുബായില്‍ നിന്നും വന്ന, കണ്ണന്‍ എന്നു വിളിപ്പേരുള്ള വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കുട്ടി നടയുടെ സമീപത്ത് കൂടി ഓടിക്കളിക്കുന്നത് പിതാവ് തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്‍ തന്നെ ആരുടേയും കണ്ണില്‍പ്പെടാതെ ഓടിക്കളിക്കുന്ന ദൃശ്യങ്ങള്‍ സി‌സി‌ടി‌വി ക്യാമറയില്‍ പതിഞ്ഞതാണെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.