എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍‍ത്ത..

സാമൂഹികം

വിവരണം

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് ചാനലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയ് 18ന് നടന്ന മന്ത്രിസഭ യോഗത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ധാരണയായെന്നും നേരത്തെ മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു എന്നതുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. 186ല്‍ അധികം ഷെറുകളും 40ല്‍ അധികം റിയാക്ഷനുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

24 ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത-

24 News FB PostArchived Link
24 News WebArchived Screenshot

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷ തീയതികള്‍ മാറ്റിവെച്ചോ? പരീക്ഷ മാറ്റിവയ്ക്കുമെന്ന തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ടോ? പ്രചരിക്കുന്ന വാര്‍ത്ത സത്യമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മെയ് 18ന് രാവിലെ മുതല്‍ മലയാളം മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റവെച്ചു എന്നത്. 26ന് നടക്കേണ്ട പരീക്ഷകള്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തില്ലയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ പരീക്ഷ മാറ്റി എന്ന പേരില്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജമാണെന്നതാണ് വസ്‌തുത. മന്ത്രിസഭ യോഗത്തില്‍ പരീക്ഷ മാറ്റിവെച്ചതായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 18ന് വൈകിട്ട് 5 മണിക്ക് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം എസ്എസഎല്‍സി പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട്. അവശേഷിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു എന്നും ഇത് മാറ്റമില്ലാതെ അതെ ദിവസങ്ങളില്‍ നടക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കി. വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി സാമൂഹ്യ അകലം പാലിച്ച് സുരക്ഷാസംവിധാനങ്ങളും ഗതാഗത സൗകര്യവുമെല്ലാം ഒരുക്കിയാണ് പരീക്ഷകള്‍ 26ന് നടക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തിയ ശേഷവും 24 ന്യൂസ് വാര്‍ത്ത പിന്‍വലിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗം സിപിഐഎം കേരള എന്ന യൂട്യൂബ് ചാനലില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു.

പരീക്ഷകള്‍ 26ന് തന്നെ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുന്നു-

നിഗമനം

ഔദ്യോഗികമായി  ആധികാരികമായി യാതൊരു അറിയിപ്പും ലഭിക്കാതെ കേവലം ഊഹാപോഹങ്ങളുടെ പേരില്‍ മാത്രം പ്രചരിച്ച വാര്‍ത്തയാണ് പരീക്ഷ തീയതി മാറ്റിയെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. പരീക്ഷകള്‍ മുന്‍പ് തീരുമാനിച്ചത് പോലെ 26ന് തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

അപ്ഡേറ്റ്: എസ്‌എസ്‌എല്‍‌സി പ്ലസ് ടൂ പരീക്ഷകള്‍ മാറ്റി വച്ചു എന്ന അറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മേയ് 20 നു രാവിലെ സന്ദേശം ലഭിച്ചിരുന്നു. പരീക്ഷകള്‍ പറഞ്ഞ തിയതിയില്‍ തന്നെ നടത്തും എന്ന്‍ മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന്‍ പ്രകാരമാണ് ഞങ്ങള്‍ അത്തരം പോസ്റ്റിന്‍റെ മുകളില്‍ വസ്തുതാ അന്വേഷണം നടത്തി വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. എന്നാല്‍ മന്ത്രിസഭ മേയ് 20 നു വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. SSLC,+ 2 പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍   വാര്‍ത്തയായി നല്കിയിട്ടുണ്ട്.  

അപ്ഡേറ്റ്: എസ്‌എസ്‌എല്‍‌സി പ്ലസ് ടൂ പരീക്ഷകള്‍ നേരത്തെ അറിയിച്ചത് പോലെ മാറ്റമില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി മേയ് 20 ന് വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തില്ല എന്ന തീരുമാനമാണ് മാറ്റിയത്. എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾ മുൻ തീരുമാനം അനുസരിച്ച് 26 മുതൽ 30 വരെ നടക്കുമെന്നു മുഖ്യമന്ത്രി. കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിലാണു തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിശദാംശങ്ങള്‍മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും   ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തി ആദ്യം പ്രസിദ്ധീകരിച്ച ലേഖനമാണ് വസ്തുതാപരമായി കൃത്യമായിട്ടുള്ളത്. ഇന്നലെ നല്കിയ അപ്ഡേറ്റില്‍ നിന്നും തീരുമാനം മാറിയിട്ടുണ്ട്.  

Avatar

Title:എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍‍ത്ത..

Fact Check By: Dewin Carlos 

Result: False