
സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതക സിലിണ്ടറില്‍ 55% നികുതി ഈടാക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
പ്രചരണം
ഗാസ് സിലിണ്ടറിന്മേല്‍ കേന്ദ്ര സര്‍ക്കാരുകളെക്കാള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കൂടുതല്‍ ഈടാക്കുന്നു എന്നാണ് ചില കണക്കുകള്‍ നിരത്തി പോസ്റ്റില്‍ ആരോപിക്കുന്നത്.
മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് പാചകവാതക സിലിണ്ടറിന്‍റെ വിലയുടെ വിശകലനം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം 861 രൂപ വില വരുന്ന ഒരു സിലിണ്ടറിന്‍റെ മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് 291.36 രൂപയാണ് അതേ സമയം കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത് 24.75 രൂപ മാത്രമാണ് എന്നാണ് വാദം. പോസ്റ്റിലെ വിവരണം ഇങ്ങനെ: “പാചക വാതകത്തിന്റെ വില ഒരു പഠനം
———————————
അടിസ്ഥാനവില. Rs.495.00
കേന്ദ്ര വക tax Rs.24.75
ട്രാൻസ്‌പോർട്ടഷൻ
ചാർജ് Rs. 10.00
—————-
ആകെ വില Rs.529.75
—————–
സ്റ്റേറ്റ് വക tax Rs.291.36
സ്റ്റേറ്റ് ട്രാൻസ്‌പോർട്ടഷൻ
Rs. 15.00
ഡീലർ കമ്മീഷൻ Rs.5.50
സബ്‌സിഡി Rs.19.57.
ജനം കൊടുക്കേണ്ട
ആകെ തുക ————–
Rs.861.18
—————–
കേന്ദ്ര tax 5%
കേരള tax 55%
എങ്ങനെ ഉണ്ട് എത്ര രൂപ ആണ് സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്ന് കൊള്ള അടിക്കുന്നത് എന്നിട്ടു ഗ്യാസിന്റെ വില കൂടിയതിനു കേന്ദ്രത്തെ തെറി പറയുന്നു. കേന്ദ്രം കൊള്ള സംഘമാണ്. പക്ഷേ, ഗ്യാസിന്റെ കാര്യത്തിൽ കേരളസർക്കാർ നൈസ് ആയി tax ഇനത്തിൽ കോടികൾ ഉണ്ടാക്കുന്നത് പൂച്ച പാല് കുടിക്കുന്നത് പോലെ. എന്ത് കൊണ്ടാണ് ഇടതു ബുദ്ധി ജീവികളും അനുഭാവികളും മിണ്ടാത്തത് അവർക്കു ഇഷ്ടമുള്ള സർക്കാരാണ് ഇവിടെ ഭരിക്കുന്നത് കിട്ടുന്ന അവസരം മുഴുവൻ കേന്ദ്രത്തെ കുറ്റം പറഞ്ഞു ജനത്തിന്റെ കണ്ണ് കെട്ടാം എന്നാണ് ഈ മണ്ടന്മാർ കരുതി ഇരിക്കുന്നത്. കണക്കു പഠിച്ചവരല്ലേ മലയാളികൾ ഈ പറഞ്ഞ കണക്കു ഒന്ന് കൂട്ടി നോക്കിക്കേ 5%ആണോ വലുത് 55%ആണോ. അതുകൊണ്ട് ഈ മെസ്സേജ് കഴിയാവുന്ന അത്രയും ആൾക്കാർക്ക് ഷെയർ ചെയ്യണം. കാരണം കേരള സർക്കാർ കൊള്ള അടിക്കുന്നത് കുടി ജനം അറിയണം. ഇതൊക്കെ ബോധ്യം ആയാലും ചില മണ്ടന്മാർ വീണ്ടും വീണ്ടും വിഡ്ഢി വേഷം കെട്ടി കേരള സർക്കാരിനെ ന്യായീകരിക്കാൻ ശ്രമിക്കും കേന്ദ്രത്തെ കുറ്റപ്പെടുത്താനും ശ്രമിക്കും നമുക്കു ഒന്നും ചെയ്യാൻ കഴിയില്ല. കുറച്ചു പേരെങ്കിലും കേരള സർക്കാരിന്റെ ഗ്യാസ് കൊള്ള അറിയുമെല്ലോ അത് ഒരുആശ്വാസം ആണ്. ഇത് തന്നെ ആണ് പെട്രോളിലും ഇവർ പിന്തുടരുന്നത്. ജനങ്ങളുടെ അറിവിലേയ്ക്ക് സമർപ്പിക്കുന്നു”
വസ്തുത അന്വേഷണം
പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ വരില്ല പക്ഷെ പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. അങ്ങനെ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും ഈടാക്കുന്നത് 5% ജി.എസ്.ടിയാണ്. 2017ല്‍ ജി.എസ്.ടി. വന്നതിന് ശേഷം മുതല്‍ പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്.
Screenshot: HT article, dated Jul 03, 2017, titled: With GST, domestic LPG gets costlier but commercial LPG is cheaper
ലേഖനം വായിക്കാന്‍- Hindustan Times | Archived Link
ഈ 5% ജി.എസ്.ടിയില്‍ 2.5% കേന്ദ്ര സര്‍ക്കാറിനും 2.5% സംസ്ഥാന സര്‍ക്കാറിനുമാണ് പോകുന്നത്.
ലേഖനം വായിക്കാന്‍- Tax Guru | Archived Link
കേന്ദ്ര സര്‍ക്കാറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ (PPAC) പ്രസിദ്ധികരിച്ച റെഡി റിക്കോനര്‍ റിപ്പോര്‍ട്ടില്‍ എല്‍.പി.ജി. ഗ്യാസ് സിലിണ്ടറിന്‍റെ വിലയുടെ ശരിയായ വിശകലനം നല്‍കിയിട്ടുണ്ട്.
പോസ്റ്റില്‍ കാണുന്നത് നവംബര്‍ 2020 ന് ഡല്‍ഹിയിലെ പാചകവാതക സിലിണ്ടറിന്‍റെ വിലയാണ്. ഇതിന് ശേഷം സിലിണ്ടറിന്‍റെ വില വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് സിലിണ്ടറിന്‍റെ വില 853.00 രൂപയാണ്.
ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് കേരളത്തില്‍ ശരാശരി 860 രൂപയാണ് ഇന്നത്തെ വില. മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ നല്‍കിയ ഒരു മറുപടി പ്രകാരം ഡല്‍ഹിയില്‍ ഡിസംബര്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെ പാചകവാതക സിലിണ്ടറിന്‍റെ വിലയിലുണ്ടായത് 285 രൂപയുടെ വര്‍ദ്ധനയാണ്. അങ്ങനെ നവംബര്‍ 2020 മുതല്‍ ജൂലൈ 2021 വരെ പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ 300 രൂപയിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ മറുപടി പ്രകാരം ഈ വില വര്‍ദ്ധനയ്ക്ക് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്ന വില വര്‍ധനയാണ്. എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് അന്താരാഷ്ട്ര വില്‍പണിയില്‍ ക്രൂഡ് ഓയില്‍ വില അനുസരിച്ചിട്ടാണ് എന്ന് അദ്ദേഹം പറയുന്നു.
അങ്ങനെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുടിയതിനാലാണ് ഇന്ത്യയിലും കഴിഞ്ഞ നവംബര്‍ മുതല്‍ പാചകവാതക സിലിണ്ടറിന്‍റെ വില കുടിയത്. ഈയിടെ ജി.എസ്.ടിയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.
നിഗമനം
സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ 55% നികുതി ഇറക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. ഒരു സിലിണ്ടറിന്‍റെ മുകളില്‍ വരും 5% ജി.എസ്.ടിയാണുള്ളത്. കേന്ദ്രസർക്കാർ 5 ശതമാനവും സംസ്ഥാനം 55 ശതമാനവും നികുതിയല്ല മറിച്ച് ആകെയുള്ള 5 ശതമാനം ജിഎസ്ടിയിൽ കേന്ദ്രവും സംസ്ഥാനവും തുല്യമായി 2.5 ശതമാനം നികുതിയാണ് ചുമത്തുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാചക വാതക സിലിണ്ടറില്‍ കേരളം കേന്ദ്രത്തേക്കാള്‍ നികുതി ഈടാക്കുന്നുവെന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയാം…
Fact Check By: Vasuki SResult: False
