
വിവരണം
സിനിമ താരവും തൃശൂര്‍ ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെന്ന പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്രമല്ല കേരളത്തിലെ മൂന്നു പ്രധാന മുന്നണികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട്. മുന്‍ ബിജിപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി. എന്നാല്‍ ഹെലിക്കോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സുരേഷ് ഗോപി എത്തിയില്ലെന്ന പ്രചരണമാണ് വൈറലാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജനനായകന് എന്ന ഫെയ്സ്ബുക്ക് പേജില്‍ ഏപ്രില്‍ 24ന് ഒരു പോസ്റ്റര്‍ അപ്ലോഡ് ചെയ്തിരുന്നു. പോസ്റ്റിന്റെ തലക്കെട്ട് ഇപ്രകരാമണ്-
“കുമ്മനത്തിനു വോട്ടു ചെയ്യാത്ത സുരേഷ് ഗോപിയാണ് ഇന്നലത്തെ ഹീറോ…????”

പോസ്റ്റിന് ഇതുവരെ 2,700 ഷെയറുകളും 2,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയെന്താണെന്നത് പരിശോധിക്കാം.
വസ്തുത വിശകലനം
തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട് രേഖപ്പെടുത്താന്‍ എത്തിയില്ലെന്നതാണ് വാസ്തവം. മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂരിൽ നിന്നു കൊച്ചിയില്‍ നിന്നും ഫ്ലൈറ്റ് മാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനം. എന്നാല്‍ തൃശൂരിലെ പോളിങ് വിലയിരുത്തി വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് രേഖപ്പെടുത്താമെന്ന കണക്കുകൂട്ടല്‍ പാളിപ്പോകുകയായിരുന്നു. വൈകിട്ട് തിരുവനന്തപുരത്ത് എത്താനുള്ള ഫ്ലൈറ്റ് കൊച്ചിയില്‍ നിന്നും ഇല്ലായിരുന്നു. ഇതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ഹെലിക്കോപ്റ്റര്‍ ആശ്രയിക്കാനും തീരുമാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിലപാട് സ്വീകരിച്ചതോടെ യാത്ര ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. എങ്കിലും കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഹെലിക്കോപ്റ്റര്‍ എത്തിയത് പോളിങ് സമയം തീരാറായപ്പോഴാണെന്നും മലയാള മനോരമ ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ള മുഖ്യാധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്ത ലിങ്കും സ്ക്രീന്‍ഷോട്ടും ചുവടെ-

Manorama Online | Archived Link |

Mangalam Daily | Archived Link |
നിഗമനം
ഹെലിക്കോപ്റ്റര്‍ ലഭിക്കാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ശരിവയ്ക്കുന്ന വിധത്തിലാണ് മാധ്യമങ്ങള്‍ റിപ്പോര്ർട്ട് ചെയ്തിരിക്കുന്നത്. മുഖ്യധാരമാധ്യമങ്ങള്‍ തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പോസ്റ്റ് വസ്തുതപരമെന്ന് തെളിഞ്ഞിരിക്കുകയാണ്.

Title:ഹെലിക്കോപ്റ്റര്‍ ലഭിക്കാത്തത് കൊണ്ട് സുരേഷ്ഗോപി വോട്ട് ചെയ്തില്ലേ?
Fact Check By: Harishankar PrasadResult: True
