FACT CHECK: പിഎം കിസാൻ സമ്മാന നിധി പ്രകാരം ലഭിച്ച തുക തിരികെ നല്‍കാന്‍ നോട്ടിസ് ലഭിച്ചത് അര്‍ഹത ഇല്ലാത്തവര്‍ക്കാണ്...അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം തുടരും...
പ്രചരണം
ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ കേന്ദ്രം തിരിച്ചുപിടിക്കുന്നു എന്നാണത്. കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക 15 ദിവസത്തിനകം തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങി എന്നും വാർത്തയിലുണ്ട്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും വാർത്തയിൽ അറിയിക്കുന്നു. കരമടച്ച രസീത്, ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ പരിശോധിച്ചാണ് കൃഷിമന്ത്രാലയം അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് എന്നും വാർത്തയിലുണ്ട്.
പ്രചരിക്കുന്ന പോസ്റ്ററില്‍ “കർഷകരെ പറ്റിച്ച് മോദി...സൗജന്യമായി കർഷകർക്ക് നൽകിയ 6000 രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് അയച്ച് മോദിസർക്കാർ... കോട്ടയത്തെ നൂറിലധികം പേർക്കാണ് തിരിച്ചടയ്ക്കാനുള്ള നോട്ടീസ് വന്നത്. 2000 വീതം കർഷകർക്ക് 6000 രൂപ ഒരു വർഷം കൊണ്ട് കൊടുത്തത് മോദിജി ആണെന്ന് കവലപ്രസംഗം നടത്തിയ സങ്കി നേതാക്കളൊക്കെ കൺ തുറന്നു കാണുക...” എന്ന വാചകങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി മോദി, ശോഭാ സുരേന്ദ്രന്‍, ഇത്തരത്തിൽ സർക്കാരിൽ നിന്നും കർഷകന് ലഭിക്കുന്ന നോട്ടീസ് എന്നീ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.
ഫാക്റ്റ് ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. സത്യം മറച്ചു വച്ചുകൊണ്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇതാണ്
സമാന പ്രചരണമുള്ള ചില പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് നോക്കുക:
പോസ്റ്റില്‍ നല്‍കിയ ഓണ്‍ലൈന്‍ വാര്‍ത്തയുടെ ലിങ്കില്‍ കയറി ഉള്ളടക്കം പരിശോധിച്ചപ്പോള്‍ ഇതേ വാര്‍ത്ത തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് കാണാന്‍ സാധിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. കർഷകർക്ക് ലഭിക്കുന്ന നോട്ടീസ് അതേപടി പ്രചരിക്കുന്ന പോസ്റ്റുകളും ഉണ്ട്.
അത്തരത്തിൽ പ്രചരിപ്പിക്കുന്ന ഒരു നോട്ടീസ് ഞങ്ങൾ പരിശോധിച്ചപ്പോൾ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് അർഹതയില്ല എന്ന് കാരണം കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്ന് കണ്ടു. അർഹത നഷ്ടപ്പെടുവാൻ ഉണ്ടായ കാരണവും അതിൽ വ്യക്തമാക്കിയിട്ടുണ്ട് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്ന വ്യക്തിയാണ് എന്ന് അതിൽ വളരെ വ്യക്തമായി തന്നെ എഴുതിയിട്ടുണ്ട്
നോട്ടീസ് ഇഷ്യു ചെയ്ത കടമ്പഴിപ്പുറം അഴിയന്നൂർ കൃഷിഭവനിലെ കൃഷി ഓഫീസർ വാസുദേവനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: ഈ നോട്ടീസ് ഞങ്ങൾ ഇവിടെ നിന്നും അയച്ചതാണ്. ആ നോട്ടീസിൽ വ്യക്തമായി കാരണവും എഴുതിയിട്ടുണ്ട്. അർഹത ഇല്ലാത്തവർക്ക് മാത്രമാണ് നോട്ടീസയച്ചത്. പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന നിധി പ്രകാരം 6000 രൂപ ലഭിച്ച എല്ലാവർക്കും നോട്ടീസ് നൽകിയിട്ടില്ല. അനർഹർക്ക് മാത്രമാണ് നോട്ടീസ് അയച്ചത്.
പിഎം കിസാൻ എന്ന പോർട്ടലിൽ കേന്ദ്രസർക്കാർ അനർഹരുടെ ലിസ്റ്റ് കണ്ടെത്തി പ്രസിദ്ധീകരിച്ച ശേഷം എല്ലാ ഓഫീസിലും അറിയിപ്പ് തന്നിട്ടുണ്ട്. അതുപ്രകാരം ഞങ്ങൾ ലിസ്റ്റ് പരിശോധിച്ച് അനർഹർക്ക് നോട്ടീസ് നൽകി കൊണ്ടിരിക്കുകയാണ്. ഇവിടെ 24 പേരാണ് അനര്‍ഹരായി വന്നിട്ടുള്ളത്. കൃഷിഭവനിലേക്ക് വിളിച്ചുവരുത്തിയാണ് കത്തു നൽകുന്നത്. വരാന്‍ സാധിക്കാത്തവർക്ക് തപാലിൽ അയയ്ക്കുകയുമാണ്. അനർഹർക്ക് അവരുടെ കൈകളിലേക്ക് നേരിട്ട് കൊടുക്കുന്ന നോട്ടീസ് ആണിത്. ശരിക്കും ഇതിന് പബ്ലിസിറ്റി നൽകേണ്ട ആവശ്യമില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് സമയവുമായി സത്യത്തിൽ ഈ പ്രക്രിയക്ക് യാതൊരു ബന്ധവുമില്ല. സാമ്പത്തികവർഷം കണക്കിലെടുത്താവാം കേന്ദ്രസർക്കാർ ഇത്തരത്തിൽ റവന്യൂ റിക്കവറി ആരംഭിച്ചത്. അനർഹരുടെ കയ്യിൽ നിന്നും മാത്രമാണ് തുക തിരികെ ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അർഹരായ കര്‍ഷകര്‍ക്ക് തുടർന്നും ഈ ആനുകൂല്യം ലഭിച്ചു കൊണ്ടുതന്നെ ഇരിക്കും.”
പിഎം കിസാൻ സമ്മാൻ നിധി എന്ന പോർട്ടലിൽ വിവരങ്ങൾ ലഭ്യമാണ്. പിഎം കിസാൻ സമ്മാന നിധി പ്രകാരം 6000 രൂപ ലഭിച്ച അനർഹർക്ക് മാത്രമാണ് സർക്കാർ നോട്ടീസ് നൽകുന്നത്. അർഹരായ കർഷകർക്ക് ആനുകൂല്യം തുടർന്നും ലഭിക്കും എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ പിഎം കിസാൻ സമ്മാന നിധി പ്രകാരം അനർഹരായവരുടെ കൈകളിൽ എത്തിയ 6000 രൂപയാണ് സർക്കാർ തിരികെ ഈടാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അർഹരായ കർഷകർക്ക് തുടർന്നും ഈ ആനുകൂല്യം ലഭ്യമാണ്
Title:പിഎം കിസാൻ സമ്മാന നിധി പ്രകാരം ലഭിച്ച തുക തിരികെ നല്‍കാന്‍ നോട്ടിസ് ലഭിച്ചത് അര്‍ഹത ഇല്ലാത്തവര്‍ക്കാണ്...അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം തുടരും...
Fact Check By: Vasuki SResult: False