FACT CHECK: കൊല്ലപ്പെട്ട ഔഫ്‌ അബ്ദു റഹ്മാന് ആണ്‍കുട്ടി ജനിച്ചു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

സാമൂഹികം

വിവരണം 

കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ കുത്തേറ്റു മരിച്ച അബ്ദു റഹ്മാന്‍ ഔഫിനെ ആരും മറന്നു കാണില്ല. ഔഫിന്റെ മരണത്തെ തുടര്‍ന്ന് ചില വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതാനും പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ വീണ്ടും ഒരു പോസ്റ്റ് ഔഫുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.  രണ്ടു ചെറിയ പെണ്‍കുട്ടികള്‍ നവജാത ശിശുവുമായി ഇരിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: “👉മുസ്ലിം ലീഗ് തീവ്രവാദികൾ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദു റഹുമാന്

ഒരാൺ കുഞ്ഞ് പിറന്നു. ️”

അതായത് ചിത്രത്തിലെ നവജാത ശിശു ഔഫ്‌ അബ്ദു റഹ്മാന്റെതാണ് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

archived linkFB post

എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. അന്വേഷണ ഫലങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം

ഞങ്ങള്‍ ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ നിരവധിപ്പേര്‍ ഇതേ വിവരണത്തോടെ ചിത്രം തെറ്റായി  ഷെയര്‍ ചെയ്യുന്നതായി കണ്ടു.

ഒപ്പം പ്രചരിച്ച മറ്റൊരു പോസ്റ്റ് ഇതിനിടെ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അതിലെ വിവരണം ഇങ്ങനെയാണ്: “പ്രിയ സുഹൃത് Kuttapi ക്ക്‌ ഒരാൺ കുഞ്ഞു പിറന്നു ,

എന്താ ഇതിൽ ഇത്ര പ്രതേകത എന്നായിരിക്കും ,

ലീഗ് കാപാലികർ കൊന്നു കളഞ്ഞ അബ്‌ദുറഹ്‌മാൻ ഔഫിന്റെ പേരാണ് കുട്ടാപ്പി കുഞ്ഞിന് നൽകിയത് ,

ലീഗെന്ന ഫാസിസത്തോട് ഇതിലും വലുതായി യുദ്ധം പ്രഖ്യാപിക്കാൻ കഴിയില്ല ,

സഖാവിന്റെ കുഞ്ഞിന് ഒരു ലവ് കൊടുക്കാതെ പോകല്ലേ കൂട്ടരേ “

പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹൈദര്‍ മധുര്‍  എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന് ഒരു ആണ്‍കുഞ്ഞ്‌ പിറന്നെന്നും കൊല്ലപ്പെട്ട ഔഫിനോടുള്ള ആദര സൂചകമായി സുഹൃത്ത് കുഞ്ഞിന് ഔഫ്‌ അബ്ദു റഹ്മാന്‍ എന്ന് പേര് നല്‍കി എന്നുമാണ് ഹൈദര്‍  പോസ്റ്റിലൂടെ അറിയിക്കുന്നത്. 

facebook | archived link

തുടര്‍ന്ന് ഞങ്ങള്‍ ഹൈദറുമായി സംസാരിച്ചു. ഹൈദര്‍ സുഹൃത്തിന്‍റെ കോണ്ടാക്റ്റ് നമ്പര്‍ ഞങ്ങള്‍ക്ക് നല്‍കി. ഫാക്റ്റ് ക്രെസണ്ടോ അദ്ദേഹവുമായി സംസാരിച്ചു. കുട്ടാപ്പി എന്നറിയപ്പെടുന്ന മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി അനസിന്‍റെ കുഞ്ഞിന്‍റെ ചിത്രമാണിത്. “കുഞ്ഞ്‌ ജനിച്ചപ്പോള്‍ വാട്ട്സ് അപ്പില്‍ ചിത്രം സുഹൃത്തായ ഹൈദറിന് അയച്ചു കൊടുത്തു. ഹൈദര്‍ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിന് ഔഫ്‌ അബ്ദു റഹ്മാന്‍ എന്ന പേര് നല്‍കിയ കാര്യം എഴുതിയത് ആരോ തെറ്റിദ്ധരിച്ച് ഔഫിന് ജനിച്ച കുഞ്ഞ്‌ എന്ന വിവരണത്തോടെ പ്രചരിപ്പിച്ചു. തുടര്‍ന്ന് അതേ വിവരണത്തോടെ ചിത്രം വൈറല്‍ ആവുകയാണ് ഉണ്ടായത്.” ഇതാണ് അനസ് നല്‍കിയ മറുപടി.

കൂടാതെ ഞങ്ങള്‍ കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഡ്‌ 35 ല്‍ നിന്നും എല്‍ ഡി എഫ് സീറ്റില്‍  വിജയിച്ച്  കൌണ്‍സിലര്‍ ആയി ചുമതലയേറ്റ ഫൌസിയ ശരീഫുമായി  സംസാരിച്ചു. ഫൌസിയയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഔഫ്‌ സജീവമായി പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 

“ഔഫിന്‍റെ ഭാര്യ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. പ്രസവിച്ചിട്ടില്ല. പ്രസവതിയതി ആവാന്‍ ഇനിയും സമയമുണ്ട്. ഔഫിന് കുട്ടിയുണ്ടായി എന്നത് തെറ്റായ പ്രചാരണമാണ്.” 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം തെറ്റാണ്. 

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. പോസ്റ്റിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് കാസര്‍ഗോഡ്‌ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബ്ദു റഹ്മാന്‍ ഓഫിന്റെ കുഞ്ഞല്ല. ഓഫിനോടുള്ള ആദര സൂചകമായി അനസ് കുട്ടാപ്പി എന്ന  വ്യക്തി തനിക്ക് ജനിച്ച മകന് ഔഫ്‌ അബ്ദു റഹ്മാന്‍ എന്ന് പേരിട്ടു. അദ്ദേഹത്തിന്‍റെ സുഹൃത്ത് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത് ആരോ തെറ്റിദ്ധരിച്ച് ഷെയര്‍ ചെയ്തതാണ്

Avatar

Title:കൊല്ലപ്പെട്ട ഔഫ്‌ അബ്ദു റഹ്മാന് ആണ്‍കുട്ടി ജനിച്ചു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

Fact Check By: Vasuki S 

Result: False