രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു.

പ്രചരണം

യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണ നൊറോണയെ കണ്ടതായി അവകാശപ്പെട്ട് ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. മുകളിലെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. താഴെ ഒവൈസിയുടെ കൂടെ വേദിയില്‍ ഇതേ ഛായ തോന്നോക്കുന്ന മറ്റൊരു യുവതിയെയും കാണാം. രണ്ടു ചിത്രങ്ങളിലും കാണുന്നത് അമൂല്യ ലിയോണയെന്ന ഒരാള്‍ തന്നെയാണ് എന്നാണ് ട്വീറ്റില്‍ അവകാശപ്പെടുന്നത്.

ട്വീറ്റുകൾക്ക് പുറമേ രാഹുൽ ഗാന്ധി അമൂല്യ ലിയോണയെ കണ്ടുവെന്ന പ്രചരണം വാട്ട്‌സ്ആപ്പിലും നടക്കുന്നുണ്ട്. എന്നാല്‍ രണ്ടും രണ്ടു പെണ്‍കുട്ടികളാണ് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി

വസ്തുത ഇങ്ങനെ

താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്ന പെൺകുട്ടി അമൂല്യ ലിയോണയാണ്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ സാന്നിധ്യത്തിൽ നടന്ന റാലിയിൽ അനുകൂല മുദ്രാവാക്യം വിളിച്ച് വാർത്തകളിൽ ഇടം നേടിയ യുവതി.

ഒവൈസി വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ അമൂല്യ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. ഇതോടെ എഐഎംഐഎം തലവനെ പിന്തിരിപ്പിക്കുകയും യുവതിയെ തടയുകയും ചെയ്തു. സംഭവത്തെ ഒവൈസി അപലപിക്കുകയും ചെയ്തു. ചുവടെ നൽകിയിരിക്കുന്ന വീഡിയോയിൽ സംഭവം കാണാം:

സന്ദേശത്തെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങൾ പ്രചരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള വൈറലായ ചിത്രത്തില്‍ കണ്ട പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജ് കണ്ടെത്തി. അതനുസരിച്ച്, ചിത്രം യഥാർത്ഥത്തിൽ ഒരു കെഎസ്‌യു നേതാവായ മിവ എന്ന പെണ്‍കുട്ടിയുടേതാണ്. എറണാകുളത്ത് നിന്നുള്ള കേരള സ്റ്റുഡന്‍റ്സ് യൂണിയൻ (കെഎസ്‌യു) നേതാവാണ് മിവ ആൻഡ്രിലിയോ.

തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത് (രാഹുൽ ഗാന്ധിയെ കണ്ടുമുട്ടിയതിനാൽ) എന്നാണ് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിക്കൊപ്പം മിവ നടക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തിയത് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മിവ പങ്കുവച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം മിവ നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് ദേശ വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട അമൂല്യ ലിയോണ നൊറോണയെയല്ല, മറിച്ച് കെഎസ്‌യു നേതാവ് മിവ ആന്‍ഡ്രിലിയയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍:

Photo Of Rahul Gandhi With A KSU Leader Goes Viral As Him Meeting Amulya Leona During Bharat Jodo Yatra…

നിഗമനം

തെറ്റായ സന്ദേശമാണ് ട്വീറ്റിലൂടെ പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് കെഎസ് യു നേതാവായ എറണാകുളത്ത് നിന്നുമുള്ള മിവ ആന്‍ഡ്രിലിയയാണ്. ദേശ വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട അമൂല്യ ലിയോണ നൊറോണയാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭാരത് ജോഡോ: രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത് അമൂല്യയല്ല, കെ‌എസ്‌യു നേതാവ് മിവ ആന്‍ഡ്രിലിയയാണ്...

Fact Check By: Vasuki S

Result: False