FACT CHECK: എ.ടി.എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശിലല്ല, ആസാമിലെ ഗുവാഹത്തിയില്‍ ആണ്…

സാമൂഹികം

വിവരണം 

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ടു പോലീസുകാരെയും നാല് കള്ളന്മാരെയും കാണാം. അവരുടെ കൈയ്യില്‍ ഒരു എ ടി എം മെഷീന്‍ ഉള്ളതായും കാണാം. ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകം ഇങ്ങനെ: “എന്തിനോ തിളച്ച സാമ്പാര്‍: കക്കണമെങ്കിലും വിദ്യാഭ്യാസം അനിവാര്യം: ATM മിഷ്യന്‍ എന്ന് കരുതി പഹയന്മാര്‍ പൊക്കിയത് പാസ്ബുക്ക് പ്രിന്റിംഗ് മിഷ്യന്‍” ചിത്രത്തിന്‍റെ അടിക്കുറിപ്പായി “ഉത്തർ പ്രദേശിലെ ജനങ്ങൾ വിദ്യഭ്യാസത്തിന്റെ കുറവ് മൂലം ബുദ്ധിമുട്ടുന്നതായി ലോക ആരോഗ്യ സംഘടന” എന്ന് നല്‍കിയിട്ടുണ്ട്.

archived linkFB post

അതായത് എ ടി എം മെഷീന് പകരം പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍ ആണ് എന്നാണ്.

ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. ചിത്രം അഞ്ചു വര്‍ഷം പഴയതാണെന്നും ഉത്തര്‍പ്രദേശുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി.

വിശദാംശങ്ങള്‍ ഇങ്ങനെ

ആദ്യം ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ചിത്രം 2016 ലേതാണ്. ആസാമിലെ ഗുവാഹത്തിയില്‍ ബിനോവനഗര്‍ എന്ന സ്ഥലത്തുവച്ച് രാത്രി പട്രോളിംഗ് നടത്തിയ പോലീസുകാരാണ് ഈ മോഷ്ടാക്കളെ പിടികൂടിയത്. മോഷ്ടാക്കള്‍ എസ് ബി ഐ ബാങ്ക് കെട്ടിടത്തില്‍ പ്രവേശിക്കുകയും എ ടി എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിക്കുകയാണുണ്ടായത്. ഇതേപ്പറ്റി വന്ന നിരവധി വാര്‍ത്തകള്‍ വിശകലനം ചെയ്തപ്പോള്‍ എല്ലാ വാര്‍ത്തകളിലും സംഭവം നടന്നത് ആസാമില്‍ ആണെന്നാണ്‌ വ്യക്തമാകുന്നത്. 

സാഹബ് അലി, സൈഫുൽ റഹ്മാൻ, മൈനുൾ ഹഖ്, സദാം ഹുസൈൻ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് ഇവർ ഒന്നും കവർന്നിരുന്നില്ലെന്നും പോലീസ് പറഞ്ഞതായി വാര്‍ത്തയിലുണ്ട്. സമയം മലയാളം എന്ന ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത അക്കാലത്ത് നല്‍കിയിരുന്നു. മോഷണത്തിന് ഇവര്‍ ഒരു വിഐപി കാര്‍ ഉപയോഗിച്ചതായും വാര്‍ത്തകളിലുണ്ട്. 

സംഭവം സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളിലെല്ലാം ഇത് ഗുവാഹതിയിലെതാണ് എന്നും പോലീസിന്‍റെ ഭാഷ്യം ഉള്‍പ്പെടുത്തിയുമാണ് വാര്‍ത്തകള്‍ കൊടുത്തിട്ടുള്ളത്. സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍ അല്ലെന്നും ഗുവാഹത്തിയില്‍ ആണെന്നും ഉറപ്പിക്കാവുന്നതാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.  മോഷ്ടാക്കള്‍ എ ടി എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ആസ്സാമിലെ ഗുവാഹത്തിയിലാണ്. ഉത്തര്‍പ്രദേശില്‍ അല്ല.

Avatar

Title:FACT CHECK: എ.ടി.എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശിലല്ല, ആസാമിലെ ഗുവാഹത്തിയില്‍ ആണ്…

Fact Check By: Vasuki S 

Result: False