വിവരണം

Kerala Cafe

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 10 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. "മൊബൈലിന്‍റെ ചാർജ്ജർ സ്വിച്ചിൽ ഓൺ ആയിരുന്നു. കുട്ടി തൂങ്ങി കിടന്ന വയർ വായിൽ ഇട്ടു. മരിച്ചു 😲😲😲😲

പ്ലീസ് എല്ലാരും ഒന്ന് ശ്രദ്ധിക്കുക. Pls share........" എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിച്ച് വാവിട്ടു കരയുന്ന ഒരു വിദേശ വനിതയെയും ഒപ്പം അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഡോക്ടറെയും മറ്റു രണ്ടുപേരെയും കാണാം.

വീഡിയോയില്‍ കാണുന്ന പിഞ്ചുകുഞ്ഞു മരിച്ചുപോയതാണെന്നും സ്വിച്ച് ഓണായി കിടന്ന മൊബൈൽ ഫോണിന്‍റെ ചാർജർ വായിലിട്ടപ്പോൾ ഷോക്കേറ്റാണ് മരണമെന്നും പോസ്റ്റ് അവകാശപ്പെടുന്നു.

archived linkFB post

വൈദ്യുത ഉപകരണങ്ങളും കുഞ്ഞുങ്ങളും ചേര്‍ന്നുള്ള നിരവധി അപകടങ്ങളുടെ വാര്‍ത്തകള്‍ ദിവസേനയെന്നോണം നാം കേള്‍ക്കാറുണ്ട്. പോസ്റ്റിൽ പറയുന്നതുപോലെ കുഞ്ഞ് ഷോക്കേറ്റു മരിച്ചത് പോസ്റ്റിൽ പറയുന്ന കാരണം കൊണ്ടുതന്നെയാണോ..? അതോ മറ്റു വല്ല കാരണവുമുണ്ടോ...? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ invid വീഡിയോ പരിശോധനാ ടൂളുപയോഗിച്ച് ഞങ്ങൾ പല ഫ്രേയിമുകളായി വിഭജിച്ചു. ശേഷം അതിലൊരെണ്ണം ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിനോക്കി. ഈ വീഡിയോ വിദേശത്തു നിന്നുള്ളതാണെന്ന് വ്യക്തമാണ്. അതിനാൽ ഇത്തരം വീഡിയോയുടെ മുകളിൽ അന്വേഷണം നടത്താൻ പരിമിതികൾ വരാറുണ്ട്. അതായത് സംഭവത്തെപ്പറ്റി ആ രാജ്യത്തെ ഉദ്യോഗസ്ഥരുമായി നേരിൽ ബന്ധപ്പെടാൻ ചിലപ്പോൾ സാധിക്കില്ല.

ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ആ രാജ്യത്തെ വാർത്ത മാധ്യമങ്ങളെ കൂടുതൽ ആശ്രയിക്കും. ഒരേതരത്തിൽ തന്നെയാണോ പ്രസ്തുത വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്...അല്ലെങ്കിൽ ഏതെങ്കിലും മാധ്യമം വ്യത്യസ്തമായി വാർത്ത നൽകിയിട്ടുണ്ടോ എന്നിങ്ങനെ അപഗ്രഥിച്ചു നോക്കും. “ഇന്തോനേഷ്യന്‍ ദ്വീപായ വെസ്റ്റ് ജാവയിലെ ഇന്ദ്രമായു റീജൻസിയിൽ അർഫാൻ എന്ന 10 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതത്തിൽ മരിച്ചു. ഇന്ദ്രമായു റീജൻസിയിലെ ജതിബാരംഗ് ഹെൽത്ത് സെന്‍ററിൽ കുഞ്ഞിന്‍റെ മാതാപിതാക്കൾ ഭ്രാന്തമായി കരഞ്ഞു.” എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ കാണാം.

2019 ഒക്ടോബര്‍ 9 മുതലുള്ള തീയതികളില്‍ ഈ വാര്‍ത്ത ഇന്തോനേഷ്യന്‍ മാദ്ധ്യമങ്ങളില്‍ വരുന്നുണ്ട്. 11 നു പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പോലീസ് ഭാഷ്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിൽ അവകാശപ്പെടുന്ന വാദഗതിയുമായി, വൈറലായ കാര്യം പരാമർശിച്ചുകൊണ്ട് ചില ഇൻഡോനേഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. അതായത് ഇന്തോനേഷ്യയിലും മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്‍റെ അറ്റം വായില്‍ വച്ചപ്പോള്‍ ഷോക്കേറ്റാണ് അര്‍ഫാന്‍ എന്ന കുഞ്ഞ് മരിച്ചത് എന്നാണ് വാര്‍ത്ത ആദ്യം പ്രചരിച്ചതും വൈറലായതും. ഒരു മാധ്യമ വാര്‍ത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു.

archived linkaripitstop

"വെസ്റ്റ് ജാവയിലെ ഇന്ദ്രമായു റീജൻസിയിൽ അർഫാൻ എന്ന 10 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതത്തിൽ മരിച്ചു. ഇന്ദ്രമായു റീജൻസിയിലെ ജതിബാരംഗ് ഹെൽത്ത് സെന്‍ററിൽ കുഞ്ഞിന്‍റെ മാതാപിതാക്കൾ ഭ്രാന്തമായി കരഞ്ഞു

ഒരു വൈറൽ വീഡിയോ വിവരണത്തിൽ നിന്ന്, മെത്തയുടെ അരികിലുള്ള മാതാപിതാക്കളുടെ സെൽഫോൺ ചാർജറില്‍ നിന്നാണ് കുഞ്ഞിനു വൈദ്യുതാഘാതമേറ്റത്.

എന്നാല്‍ , ഇന്ദ്രമായു പോലീസ് സീനിയർ കമ്മീഷണർ എം യോറിസ് മൗലാന മർസുകി അർഫാൻ വൈദ്യുതാഘാതത്തെത്തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു, പക്ഷേ ഒരു സെൽ ഫോൺ ചാർജറിൽ നിന്നല്ല, മറിച്ച് ബ്രെഡ് മേക്കർ കേബിളിൽ നിന്നാണ്. അര്‍ഫാന്‍റെയും മാതാപിതാക്കളുടെയും വാടക വീട് റൊട്ടി ഉൽപാദന സൈറ്റായി ഉപയോഗിച്ചു വരികയായിരുന്നു എന്ന് യോറിസ് പറഞ്ഞു.

ഇന്‍സുലേഷനില്ലാത്ത ബ്രെഡ് മെഷീൻ കേബിളില്‍ കുഞ്ഞ് കയറിപ്പിടിച്ചിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. ആ സമയത്ത് കുഞ്ഞ് അലറിക്കരഞ്ഞു നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തി.”യോറിസ് ബുധനാഴ്ച (09/10/2019) എഎഫ്‌പിയോട് പറഞ്ഞു.

കുഞ്ഞിനെ മാതാപിതാക്കൾ ഉടൻ തന്നെ ജതിബാരംഗ് ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ നിർഭാഗ്യവശാൽ, ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ച അവന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ആരോഗ്യ കേന്ദ്രത്തിൽ ചെന്നപ്പോൾ തന്നെ കുഞ്ഞ് മരിച്ചുവെന്ന് യോറിസ് പറഞ്ഞു.

അര്‍ഫാന്‍റെ മാതാപിതാക്കള്‍ വെസ്റ്റ് ജാവയിലെ കുനിംഗൻ റീജൻസിയിൽ താമസിക്കുന്നവരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ കുനിംഗൻ റീജൻസിയിൽ സംസ്‌കരിക്കാനായിരുന്നു പദ്ധതി. "അവനെ കുനിംഗനിൽ തന്നെ സംസ്കരിച്ചു, അവന്‍റെ മാതാപിതാക്കൾക്കു സമ്മതമായിരുന്നു. സംഭവം ഒരു ദുരന്തമാണ്," അദ്ദേഹം പറഞ്ഞു.

എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഇതേ രീതിയിൽ തന്നെയാണ് വാർത്ത നൽകിയിരിക്കുന്നത്.

archived linknews.detik
archived linkmanaberita
archived linksosok

മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്‍റെ അറ്റം കുഞ്ഞുങ്ങള്‍ വായിലിട്ടാല്‍ ഷോക്കേല്‍ക്കാനും അപകടമുണ്ടാകാനും ഏറെ സാധ്യത ഉണ്ടെങ്കിലും ഈ വീഡിയോയിൽ കാണുന്ന അർഫാൻ എന്ന കുഞ്ഞ് മൊബൈൽ ഫോൺ ചാർജർ വായിൽ വച്ചപ്പോൾ ഷോക്കേറ്റ് മരിച്ചുപോയതല്ല. അവന്‍റെ വീട്ടില്‍ ബ്രെഡ് നിര്‍മ്മാണ യൂണിറ്റ് ഉണ്ടായിരുന്നു. അതിന്‍റെ മെഷീന്‍റെ ഇന്‍സുലേഷനില്ലാത്ത കേബിളില്‍ കയറി പിടിച്ചതാണ് അര്‍ഫാന് ഷോക്കേല്‍ക്കാന്‍ കാരണം.

നിഗമനം

ഈ പോസ്റ്റിൽ പറയുന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോയിൽ കാണുന്ന അർഫാൻ എന്ന പിഞ്ചുകുഞ്ഞ് മരിച്ചത് മൊബൈൽ ഫോണിന്‍റെ ചാർജർ വായിൽ വച്ച് ഷോക്കേറ്റിട്ടല്ല.മറിച്ച് ബ്രെഡ് ഉത്പാദന മെഷീന്‍റെ ഇൻസുലേഷനില്ലാത്ത കേബിൾ കൈയ്യിൽ പിടിച്ചപ്പോൾ ഷോക്കേറ്റാണ്. വാർത്തയുടെ യാഥാർഥ്യം വായനക്കാരുമായി ഞങ്ങൾ പങ്കു വയ്ക്കുന്നു

Avatar

Title:ഓണായിരുന്ന മൊബൈൽ ഫോണിന്‍റെ വയറിന്‍റെ അറ്റം വായിൽ വച്ചപ്പോള്‍ ഷോക്കേറ്റാണോ ഈ കുഞ്ഞ് മരിച്ചത്...?

Fact Check By: Vasuki S

Result: False