സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വ്യാജ വാർത്തകൾ തന്‍റെ പേരിൽ പ്രചരിക്കുന്ന ഒരു മലയാള സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ പേരിൽ ഇതിനുമുമ്പ് പ്രചരിച്ച പല പ്രസ്താവനകളും വ്യാജമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം:

കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…?

‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന് അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന് വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…?

ഇപ്പോൾ അദ്ദേഹത്തിന്‍റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്

പ്രചരണം

കമ്യൂണിസത്തെയും സ്വന്തം പിതാവിനെയും പറ്റിയുള്ള കാഴ്ചപ്പാടാണ് വിനീത് ശ്രീനിവാസന്‍റെ പ്രസ്താവനയായി പ്രചരിക്കുന്നത്. അത് ഇങ്ങനെയാണ്: “കലാകാരനായ എന്‍റെ ഗുരു എന്‍റെ അച്ഛൻ തന്നെ പക്ഷേ എന്‍റെ അച്ഛന്‍റെ രാഷ്ട്രീയ നിലപാടിനോട് എനിക്ക് യോജിപ്പില്ല കാരണം ഞാൻ ഒരു സിപിഎം അനുഭാവി ആണ്.” വിനീതിന്‍റെ ചിത്രവും ഒപ്പം നല്‍കിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജ പ്രസ്താവനയാണ് വിനീതിന്‍റെ പേരില്‍ പ്രചരിക്കുന്നത് എന്ന് കണ്ടെത്തി.

വസ്തുത അന്വേഷണം

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ വിനീതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളും വിനീത് ശ്രീനിവാസന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു നോക്കി. എന്നാൽ ഒരിടത്തും പോസ്റ്റിലെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന യാതൊരു വാര്‍ത്തകളും കണ്ടെത്താന്‍ സാധിച്ചില്ല. വിനീത് തന്‍റെ രാഷ്ട്രീയ നിലപാട് വെളിവാകുന്ന യാതൊന്നും തന്‍റെ സാമൂഹ്യ മാധ്യമ പേജുകളില്‍ നല്‍കിയിട്ടില്ല. തുടർന്ന് പ്രചരണത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങളുടെ പ്രതിനിധി അദ്ദേഹത്തിന്‍റെ പിതാവും പ്രമുഖ സിനിമാ താരവുമായ ശ്രീനിവാസനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “ഇത് തെറ്റായ പ്രചരണമാണ്. വിനീത് ഒരിക്കലും ഇങ്ങനെ ഒന്നും പറയില്ല. മാത്രമല്ല, അവന് ഒരു പാർട്ടിയിലും മെമ്പർഷിപ്പുമില്ല. ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ പോകാറില്ല.“

അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ഞങ്ങളുടെ പ്രതിനിധി വിനീതുമായി സംസാരിച്ചു: “ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്. ഞാൻ ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറഞ്ഞു നടക്കാറില്ല. ഒരിടത്തും ഞാൻ രാഷ്ട്രീയപരമായി യാതൊരു പരാമർശവും ഇക്കാലംവരെ നടത്തിയിട്ടില്ല.”

തന്‍റെ പേരിൽ തെറ്റായ പ്രസ്താവനയാണ് പ്രചരിക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വിനീത് ശ്രീനിവാസൻ ഇത്തരത്തിൽ യാതൊരു പ്രസ്താവനയും ഒരിടത്തും നടത്തിയിട്ടില്ല. തന്‍റെ പേരിൽ തെറ്റായ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിനീത് ശ്രീനിവാസന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്...

Fact Check By: Vasuki S

Result: False