വിവരണം

ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സമാനമായ ചില വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ബലാല്‍സംഗം ചെയ്യപ്പെട്ട് മരിച്ചു കിടക്കുന്ന യുവതികളുടെ ദാരുണമായ ചിത്രങ്ങള്‍ എന്നാണ് പോസ്റ്റുകളുടെ വിവരണത്തില്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

FACT CHECK ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്…

ഇപ്പോള്‍ മറ്റൊരു വാര്‍ത്ത ഇങ്ങനെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പഞ്ചാബിലെ ഒരു വനിതാ പോലീസ് കോൺസ്റ്റബിളിന്റെ മരിച്ച നിലയിലുള്ള ഏതാനും ചിത്രങ്ങള്‍ ആണ് പ്രചരിക്കുന്നത്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:

archived linkFB post

‘വനിതാ പോലീസും ഇന്ത്യയിൽ സുരക്ഷിതമല്ല.

ഉത്തർപ്രദേശിനും മധ്യപ്രദേശിനും ശേഷം പഞ്ചാബിൽ ഒരു വനിതാ കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരിക്കുന്നു.

സത്യം മറച്ചുവെക്കാൻ റോഡപകടത്തിൽ മരിച്ചുവെന്നതാണ് വാർത്ത നൽകിയത്.

രാജ്യത്ത് കുട്ടികൾ മുതൽ വനിതാ പോലീസുകാർക്ക് വരെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ഓന്റെ കോപ്പിലെ ബേട്ടി ബാച്ചാവോ 😏..”

എന്നാല്‍ ഇത് വെറും തെറ്റായ പ്രചാരണമാണ്. ഈ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മരണ കാരണം റോഡ്‌ അപകടം മാത്രമാണ്. ഈ പ്രചാരണത്തിന് മുകളില്‍ ഞങ്ങളുടെ ഹിന്ദി, മറാത്തി, തമിഴ് ടീമുകള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയാം

വസ്തുതാ വിശകലനം

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച രണ്ടു വാര്‍ത്തകള്‍ ലഭിച്ചു. വാര്‍ത്ത ഇങ്ങനെ:

“സംഗത്പുര ഗ്രാമത്തിന് സമീപം എസ്‌യുവി തന്റെ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് നോമി എന്ന വനിതാ പോലീസ് കോൺസ്റ്റബിൾ മരിച്ചു.

ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിംഗ് ബാദലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപത്ത് ഡ്യൂട്ടിക്കായി പോവുകയായിരുന്നു അവർ.

വിവാഹ റിസോർട്ടായ ഷഗ്ന ഡി വെഹ്‌റയ്ക്ക് സമീപം എത്തിയപ്പോൾ അതിവേഗത്തില്‍ വന്ന മഹീന്ദ്ര സ്കോർപിയോ എസ്‌യുവി നോമിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

ബത്താലയിലെ കാലാ അഫ്ഗാന ഗ്രാമത്തിൽ താമസിക്കുന്ന നോമി എം‌എസ്‌കെ ബ്രാഞ്ചിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

അപകടം സംബന്ധിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.”

വാര്‍ത്തയില്‍ ഒരിടത്തും നോമി ബലാല്‍സംഗത്തിന് ഇരയായി എന്ന് പറയുന്നില്ല. അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഝൊണ്ഡ പോലീസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അവതാര്‍ സിംഗ് കഹ്ലോനുമായി സംസാരിച്ചു.

“സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. 2020 ഒക്ടോബർ ഒന്നിന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. രാവിലെ ഡ്യൂട്ടിക്ക് പോവുകയായിരുന്നു നോമി. ഈ സംഭവത്തിനു ബലാല്‍സംഗത്തിന്റെയോ കൊലപാതകത്തിന്റെയോ മാനങ്ങള്‍ ഒന്നും തന്നെയില്ല. ഈ ചിത്രത്തില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥ മരിച്ചത് റോഡ്‌ അപകടത്തിലാണ്. അവര്‍ അവരുടെ സ്കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അതിവേഗം വന്ന ഒരു സ്കോര്‍പിയോ നോമിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നോമി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മജ്പുര ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ഇടിച്ച വാഹനം കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നു”

കൂടാതെ അദ്ദേഹം ഞങ്ങള്‍ക്ക് എഫ് ഐ ആറിന്‍റെ കോപ്പിയും നോമി അപകടത്തില്‍ പെട്ടതിന്‍റെ ചില ചിത്രങ്ങളും കൈമാറി:

ഒരു പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉദ്യോഗസ്ഥയുടെ മൃതദേഹം കുടുംബത്തിന് കൈമാറി, തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തിയതായി 2020 ഒക്ടോബർ 1 ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്ന വാദഗതി തെറ്റാണ്. പോലീസ് ഉദ്യോഗസ്ഥ മരിച്ചത് റോഡ്‌ അപകടത്തിലാണ്. ഇവര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പഞാബിലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചത് റോഡ്‌ അപകടത്തിലാണ്. ബലാല്‍ സംഗത്തിന് ഇരയായി എന്നും തുടര്‍ന്ന് കൊല്ലപ്പെടുകയാണുണ്ടായത് എന്നുമുള്ള പ്രചരണം തെറ്റാണ്.

Avatar

Title:പഞ്ചാബില്‍ പോലീസ് ഉദ്യോഗസ്ഥ മരിച്ചത് റോഡ്‌ അപകടത്തിലാണ്, ബലാല്‍സംഗം ചെയ്ത് കൊന്നതല്ല...

Fact Check By: Vasuki S

Result: False