വിവരണം

തന്‍റെ പേരില്‍ ലൈംഗിക പീഡന പരാതി വന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പോലീസ് പുറപ്പെടുവിച്ചു എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദിക്കുമായി യാതൊരു മുഖസാദൃശ്യവുമില്ലാത്ത പെന്‍സില്‍ കൊണ്ട് വരച്ച ഒരു ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും നായക്ക് മുറുമുറുപ്പ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം -

Facebook PostArchived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസ് നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പുറപ്പെടുവിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ്‌കുമാറുമായി ഫാക്ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രം പോലീസ് പുറത്തിറക്കിയ രേഖചിത്രമല്ലായെന്നും ഇത്തരത്തിലൊരു രേഖചിത്രം പുറപ്പെടുവിച്ചിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. സുപരിചിതരല്ലാത്ത വ്യക്തികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പോലീസില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ കഴിയുമ്പോഴാണ് വിദഗ്ധരുടെ സഹായത്തോടെ വാദിയുടെയും സാക്ഷികളുടെയും ഓര്‍മയില്‍ നിന്നും പ്രതിയുടെ രേഖചിത്രം തയ്യാറാക്കുന്നത്. പീഡന പരാതിയില്‍ കുറ്റാരോപിതന്‍ പ്രശസ്തനായ ഒരു സിനിമ നടനായതുകൊണ്ട് രേഖചിത്രം തയ്യാറാക്കേണ്ട ആവശ്യം തന്നെയില്ലാ. ഹൈക്കോടതി ജാമ്യം ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പോലീസ് നടന്‍റെ ചിത്രം സഹിതം പത്രമാധ്യമങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസാണ് പുറപ്പെടുവിച്ചതെന്നും രേഖചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളില്‍ കീ വേര്‍ഡ് സെര്‍ച്ച് ചെയ്തതില്‍ നിന്നും 24 ന്യൂസ് സിദ്ദിക്കിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ കുറിച്ച് പങ്കുവെച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഇംഗ്ലിഷ് പത്രത്തിലും മലയാളം പത്രത്തിലും പങ്കുവെച്ച ലുക്ക് ഔട്ട് നോട്ടീസുകളുടെ ചിത്രം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലുക്ക് ഔട്ട് നോട്ടീസിന്‍റെ ചിത്രം

നിഗമനം

സിദ്ദക്കിനെതിരെ പോലീസ് പുറപ്പെടുവിച്ചത് നടന്‍റെ യതാര്‍ത്ഥ ചിത്രം സഹിതമുള്ള ലുക്ക് ഔട്ട് നോട്ടീസാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രേഖചിത്രം ആക്ഷേപഹാസ്യ രൂപേണ പങ്കുവെച്ചിട്ടുള്ളതാണെന്ന് ‍ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

Claim Review :   പീഡന പരാതിയെ തുടര്‍ന്ന് നടന്‍ സദ്ദിക്കിന്‍റെ രേഖ ചിത്രം പുറപ്പെടുവിച്ചു.
Claimed By :  Social Media User
Fact Check :  SATIRE