ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്‍റെ ആദ്യ 25 ദിവസത്തിനുള്ളിൽ 3,600-ലധികം പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വാര്‍ത്തകളുണ്ട്. വ്യോമാക്രമണത്തിലും, റോക്കറ്റുകളാലും, സ്ഫോടനങ്ങളിലും, കെട്ടിടങ്ങള്‍ തകർന്നും നവജാതശിശുക്കളും കൊച്ചുകുട്ടികളും മരിച്ചുവെന്നാണ് വിവരണമുള്ളത്. ഗാസയില്‍ യുദ്ധത്തില്‍ മരിച്ച കുട്ടികളുടെ സ്കൂളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച സന്ദര്‍ഭത്തിലേത് എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

ക്ലാസ്മുറിയിലെ ഡെസ്കുകളില്‍ പൂച്ചെണ്ടുകള്‍ നിരത്തി വച്ചിരിക്കുന്നതും പുരോഹിത വേഷം പോലൊന്ന് ധരിച്ച ഒരു സ്ത്രീ സമീപത്ത് നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. ഗാസയില്‍ മരിച്ച കുട്ടികളോടുള്ള ആദരസൂചകമായാണ് പൂച്ചെണ്ടുകള്‍ വച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:

എന്നാൽ ചിത്രം രണ്ടു കൊല്ലം പഴയതാണെന്നും ചിത്രത്തിന് യാതൊരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചില മാധ്യമ റിപ്പോർട്ടുകളിൽ ഇതേ ചിത്രം ഉൾപ്പെടുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണാൻ സാധിച്ചു. 2021 ജൂലൈ രണ്ടിന് ഇതേ ചിത്രം ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന അവരുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ചിത്രത്തിലെ അടിക്കുറിപ്പിന്‍റെ വിവരണപ്രകാരം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സയ്യിദ്-അല്‍-ഷുഹാദ ഗേൾസ് സ്കൂളിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ അമ്മ ക്ലാസ് മുറിയിൽ എത്തിയപ്പോഴുള്ള ചിത്രമാണിത്.

ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇതിനോട് സമാനമായ മറ്റു ചിത്രങ്ങൾ ചില മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.

ഫോട്ടോ ശേഖരമായ അലാമി എന്ന വെബ്സൈറ്റിലും ഇതേ ചിത്രം ഇതേ വിവരണത്തോടെ നൽകിയിട്ടുണ്ട് കാബൂളിലെ ഷിയ ഹസാര പ്രദേശമായ സ്കൂളിന് സമീപം നിർത്തിയിട്ട കാറിൽ സ്ഫോടക വസ്തു നിറച്ചിരുന്നു കാർ പൊട്ടിത്തെറിച്ച് 85 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി പതിനൊന്നിനും 15നും പ്രായമുള്ള വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്‍മാറുന്നതിനിടെയാണ് ബോംബാക്രമണം നടന്നതെന്ന് വാർത്തകൾ വിശദമാക്കുന്നു.

2021 മെയ് മാസം കാബൂളിൽ നടന്ന ആക്രമണത്തിന്‍റെതാണ് ചിത്രം. ഗാസയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം 2021 മെയ് 17ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു സ്കൂളിൽ നടന്ന സ്ഫോടനത്തിൽ മരിച്ച വിദ്യാർത്ഥിനികൾക്ക് ആദരവ് അർപ്പിച്ച സന്ദർഭത്തിലേതാണ്. ഗാസയുമായോ ഇപ്പോൾ നിലനിൽക്കുന്ന ഇസ്രയേൽ പാലസ്തീൻ സംഘർഷവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സ്മുറിയില്‍ പൂച്ചെണ്ടുകള്‍... ചിത്രം ഗാസയിലെതല്ല, കാബൂളിലേതാണ്...

Written By: Vasuki S

Result: False