FACT CHECK: ലോകാരോഗ്യ സംഘടന ഡി.ജി. കോവിഡ്‌ വ്യാപനത്തിന് ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല…

അന്തര്‍ദേശിയ൦ | International

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധാനോം ഘെബ്രെയെസസ് കോവിഡ്‌ വ്യാപനത്തിന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന വാര്‍ത്ത‍ ട്വന്‍റി ഫോര്‍ ന്യൂസ്‌ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പക്ഷെ ഈ വാര്‍ത്ത‍യില്‍ വാദിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍യില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ട്വന്‍റി ഫോര്‍ ന്യൂസ്‌ വാര്‍ത്ത‍യില്‍ പറയുന്നതും എന്താണ് സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം. 

പ്രചരണം

Screenshot: Twentyfour news article claiming WHO harshly criticized India.

മുഴുവന്‍ ലേഖനം വായിക്കാന്‍- Twentyfour News | Archived Link

ട്വന്‍റി ഫോര്‍ ന്യൂസ്‌ അവരുടെ വെബ്സൈറ്റില്‍ ഏപ്രില്‍ 24, 2021ന് പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ തലക്കെട്ട്‌ ഇങ്ങനെയാണ്: “കൊവിഡ് വ്യാപനം: ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

ഈ വാര്‍ത്ത‍യില്‍ പറയുന്ന മൂന്ന് പ്രധാന വാദങ്ങള്‍ ഇപ്രകാരമാണ്:

വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്.

വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം.

ഇന്ത്യയുടെ കൊവിഡ് വ്യാപന തീവ്രതയിൽ താൻ ആശങ്കാകുലനാണെന്നും ജനീവയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഈ വിമര്‍ശനം അദ്ദേഹം നടത്തിയത് ജനീവയില്‍ നടന്ന യോഗത്തിലാണ്‌ അദ്ദേഹം പറഞ്ഞത് എന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഇത്തരത്തില്‍ വല്ല പരാമര്‍ശം അദ്ദേഹം ഈ യോഗത്തില്‍ നടത്തിയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഏപ്രില്‍ 23, 2021ന് ആക്സസ് ടൂ കോവിഡ്‌-19 ടൂള്‍സ് ആക്സലറേറ്റര്‍ (ആക്ട്‌ ആക്സലറേറ്റര്‍) ന്‍റെ ആദ്യത്തെ വാര്‍ഷിക സന്ദര്‍ഭത്തിലാണ് ജെനീവയില്‍ ഈ യോഗം ചേര്‍ന്നത്. 

ഈ യോഗത്തിന്‍റെ മുഴുവന്‍ വീഡിയോ ലോകാരോഗ്യ സംഘടനയുടെ ഫെസ്ബൂക്ക് പേജില്‍ ലഭ്യമാണ്. രണ്ട് മണിക്കൂറോളം നീണ്ട ഈ പരിപാടിയുടെ തുടകത്തിലെ 10 മിനിറ്റുകളിലാണ് അദ്ദേഹം ഇന്ത്യയെ കുറിച്ച് പറയുന്നത്. ഏകദേശം 4 മിനിറ്റുകള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയെ കുറിച്ച് പറയാന്‍ തുടങ്ങുന്നത്. പക്ഷെ ട്വന്‍റി ഫോര്‍ ന്യൂസിന്‍റെ വാര്‍ത്ത‍യില്‍ പറയുന്ന പോലെ യാതൊരു പരാമര്‍ശവും അദ്ദേഹം നടത്തുന്നില്ല. പകരം സര്‍ക്കാര്‍ വാക്സിന്‍ ഉത്പാദനം ഫലപ്രാപ്തിയില്‍ എത്തിച്ചതും ജനങ്ങള്‍ തമ്മില്‍ കൂടിച്ചേരലുകള്‍ കുറക്കാന്‍ എടുത്ത നീക്കങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയുമാണ് ഉണ്ടായത്. കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയും ആക്റ്റ് ആക്സലറേറ്റര്‍ അംഗങ്ങളും എപ്പോഴും കൂടെയുണ്ടാകും എന്നാണ്‌ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം താഴെ നല്‍കിയ വീഡിയോയില്‍ കാണാം.

ഈ പ്രസംഗത്തിന്‍റെ പകര്‍പ്പ് ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. അദ്ദേഹം ഇന്ത്യയെ കുറിച്ച് പറയുന്ന പാരഗ്രാഫും അതിന്‍റെ മലയാളം തര്‍ജ്ജമയും താഴെ നല്‍കിട്ടുണ്ട്.

Transcript of WHO DG’s Speech at ACT Accelerator Summit in Geneva conclude on 23rd April 2021.

തര്‍ജ്ജമ: ലോകത്തില്‍ എല്ലായിടത്തും മനുഷ്യര്‍ വാക്സിന്‍ ലഭിക്കാത്തതിനാല്‍, പരിശോധന നടത്താത്തതിനാല്‍, ചികിത്സ ലഭിക്കാത്തതിനാല്‍ മരിക്കുന്നുണ്ട്.

ഇന്ത്യയില്‍ വര്‍ധിക്കുന്ന കേസുകളും മരണങ്ങളും ഞങ്ങള്‍ക്ക് ചിന്തയുടെ വിഷയമാണ്.

സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാണ് കൂടാതെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കേണ്ടി വരും, സാമുഹ കൂട്ടംചേരലുകള്‍ കുറയ്ക്കാനും വാക്സിന്‍ ഉത്പാദനം വിജയകരമാക്കാനും സര്‍ക്കാര്‍ എടുത്ത നടപടികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

ഇന്ത്യയില്‍ തന്‍റെ സ്നേഹിതരെ നഷ്ടപെട്ട എല്ലാവരോടും ഞാന്‍ എന്‍റെ സഹതാപം പങ്കുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയും ആക്റ്റ് ആക്സലറേറ്ററുടെ എല്ലാ അംഗങ്ങളും ആവുന്നത്ര ജീവനുകള്‍ രക്ഷിക്കാന്‍ ഇന്ത്യയുടെ സര്‍ ക്കാരിൻ്റെയും ജനങ്ങളുടെയും കൂടെ എപ്പോഴും നില്‍ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

പോളിയോ, ടി.ബി., അവഗണിക്കപെട്ട ട്രോപ്പിക്കല്‍ രോഗങ്ങളും തുടങ്ങി  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 2600 ഓളം ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകരെ സംസ്ഥാനങ്ങള്‍ക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സഹായിക്കാന്‍ ഞങ്ങള്‍ ചുമതലപെടുത്തുകയാണ്.

ഇന്ത്യ നേരിടുന്ന പ്രതിസന്ധി ഈ വയറസിന് എത്ര വലിയ തോതില്‍ നാശം സൃഷ്ടിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള ഒരു ഓര്‍മ്മപെടുതലാണ് അതിനാല്‍ ഇതിനെതിരെ നമുക്ക് കയ്യിലുള്ള എല്ലാ ആയുധങ്ങളും വ്യാപകമായും സംയോജിപ്പോടെയും ഉപയോഗിക്കേണ്ടി വരും: (അതായത്) സാമുഹത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതികളും, വാക്സിനുകളും, രോഗലക്ഷങ്ങള്‍ കണ്ടുപിടിക്കലും ഈ രോഗ ചികിത്സയും.

ലോകാരോഗ്യ സംഘടനയുമായി ഞങ്ങള്‍ ബന്ധപെട്ടപ്പോള്‍ അവരുടെ പ്രതിനിധി സഹാനി ചന്ദ്രരത്ന ഈ വാര്‍ത്ത‍യെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ കോവിഡ്‌ പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ ഈ പ്രതിസന്ധിയെ എല്ലാം ലോകരാജ്യങ്ങളും ഒറ്റകെട്ടായി നേരടണം എന്ന് വാദിക്കുന്നതാണ് കുടാതെ ഇന്ത്യയടക്കം കോവിഡ്‌-19 നെ നേരിടാന്‍ എല്ലാ തരത്തിലുള്ള പിന്തുണ കൊടുക്കാന്‍ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണ്.

നിഗമനം

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധന്‍ഹോം ഘെബ്രെയെസസ് ഇന്ത്യയെ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത് എവിടെയും കണ്ടെത്തിയില്ല. അദ്ദേഹം ജെനീവയില്‍ നടന്ന ആക്റ്റ് ആക്സലറേറ്റര്‍ യോഗത്തില്‍ ഈ പ്രതിസന്ധിയുടെ കാലത്ത് ലോകാരോഗ്യ സംഘടനയും ആക്റ്റ് ആക്സലറേറ്റര്‍ അംഗങ്ങളും ഇപ്പോഴും ഇന്ത്യയുടെ സര്‍ക്കാരും ജനതയോടോപ്പമുണ്ടാകും എന്നാണ് യഥാര്‍ഥത്തില്‍ പറഞ്ഞത്. 

ട്വന്‍റി ഫോര്‍ ന്യൂസ്‌ നല്‍കിയ വാര്‍ത്ത‍യില്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ വളച്ചൊടിച്ച് ലോകാരോഗ്യസംഘടന ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന തെറ്റായ അഭിപ്രായമാണ് നല്‍കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ലോകാരോഗ്യ സംഘടന ഡി.ജി. കോവിഡ്‌ വ്യാപനത്തിന് ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല…

Fact Check By: Mukundan K 

Result: Misleading